ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ ബിജെപി ജയിച്ചത് താല്‍ക്കാലിക പ്രതിഭാസം മാത്രമാണെന്ന് കെ.സി.വേണുഗോപാല്‍. ‘ഓരോ തിരഞ്ഞെടുപ്പിനും ഓരോ പ്രത്യേകതയുണ്ട്. ബിജെപി ജയിച്ചതും വോട്ട് കൂടിയതും ലാഘവത്തോടെയല്ല കാണുന്നത്. എന്തായാലുംകേരളം രാഷ്ട്രീയമായി മാറുന്ന സാഹചര്യമില്ലെന്നും കേരളത്തിന്‍റെ മനസ് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയുടെ വോട്ട് വിഹിതം വര്‍ധിച്ചു എന്നതില്‍ തര്‍ക്കമില്ല. എന്താണ് കാരണം? കമ്മ്യൂണിസ്റ്റ് അണികളില്‍ പോലും സര്‍ക്കാര്‍ വിരുദ്ധ വികാരം ഉണ്ടായിരുന്നു . ഇത് ചിലയിടത്ത് യു.ഡി.എഫിന് വോട്ടായി ചിലയിടത്ത് ബി.ജെ.പിക്കും വോട്ടായി. എന്തുകൊണ്ട് തിരുവനന്തപുരത്ത് ബിജെപി ജയിക്കുന്നില്ല? തൃശൂരിലെ ജയത്തിനു പിന്നില്‍ സുരേഷ്ഗോപിയുടെ വ്യക്തിപരമായ സ്വാധീനവുമുണ്ട്. 2026ലെ തിരഞ്ഞെടുപ്പില്‍ സംഭവിക്കാനുള്ളത് യു.ഡി.എഫിന്‍റെ വിജയമാണെന്നും കെസി വേണുഗോപാല്‍ അടിവരയിടുന്നു.
തുടര്‍ഭരണം ജീര്‍ണതയില്‍ എത്തിച്ചത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെയാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നു പ്രതീക്ഷിക്കാത്ത പലതും സംഭവിച്ചു. ഭരണത്തുടര്‍ച്ച കിട്ടിയ സാഹചര്യം കോവിഡും പ്രളയവുമായിരുന്നു.എന്നാല്‍ ‘ ഒരിക്കൽചക്കയിട്ടപ്പോള്‍ മുയലു ചത്തെന്നുകരുതി, എല്ലായിപ്പോഴും ചക്ക വീഴുന്നതിന് കീഴിൽ മുയലുണ്ടാവില്ല. കേരളത്തിലെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നു. ആ മാറ്റം കൊണ്ടുവരാന്‍ സാധിക്കുന്നത് UDF നാണെന്നും കെസി പറഞ്ഞു. രണ്ടാമത് ഒരു അവസരം കൊടുത്തത് മോശമായി പോയെന്ന് ആ അവസരം നൽകിയ ജനത്തിനു തന്നെ മനസിലായെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.