മനോരമ ന്യൂസ് കോൺക്ലേവ് ഇന്ന് 10ന് തിരുവനന്തപുരം ഹോട്ടൽ ‘ഓ ബൈ താമര’യിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം ചെയ്യും. ‘ചെയ്ഞ്ച് മേക്കേഴ്സ്’എന്ന വിഷയത്തിലാണ് കോൺക്ലേവ്. വൈകിട്ട് 6ന് സമാപന സമ്മേളനത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി മുഖ്യാതിഥിയാകും. ‘കേരളം മാറ്റത്തിന്റെ പാതയിലാണോ’ എന്ന വിഷയത്തിൽ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ കെ.സി. വേണുഗോപാൽ, മന്ത്രി പി.രാജീവ്, ബിജെപി ദേശീയ നിർവാഹക സമിതി അംഗം വി.മുരളീധരൻ എന്നിവർ ചർച്ച നടത്തും. മനോരമ ന്യൂസ് അവതാരകരെ സ്പീക്കർ എ.എൻ.ഷംസീർ ‘ദ് കൗണ്ടർ ക്വസ്റ്റ്യൻ’ സെഷനിൽ ചോദ്യം ചെയ്യും.

‘ഇന്ത്യ കേൾക്കേണ്ട ശബ്ദം’സെഷനിൽ കോൺഗ്രസ് എംപി ശശികാന്ത് സെന്തിൽ, ബിജെപി ദേശീയ വക്താവ് അനിൽ ആന്റണി, എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ദിപ്ഷിത ധർ എന്നിവരും ‘കുടിയേറ്റത്തിന്റെ മുഖംമാറ്റം’ എന്ന സെഷനിൽ യുകെയിലെ ആദ്യ മലയാളി എംപി സോജൻ ജോസഫും മണിപ്പുരിലെ അകലുന്ന പരിഹാരത്തെക്കുറിച്ച് ജെഎൻ‌യു പ്രഫസർ കൂടിയായ ഇന്നർ മണിപ്പുർ എംപി ഡോ.ബിമൽ അകോയ്ജവും സംവദിക്കും. ‘നമ്മൾ സ്വപ്നം കാണുന്ന മാറ്റം’ എന്ന വിഷയത്തിൽ ചീഫ് സെക്രട്ടറി ഡോ.വി.വേണുവും നിയുക്ത ചീഫ് സെക്രട്ടറിയുമായ ശാരദ മുരളീധരനും ആശയങ്ങൾ പങ്കുവയ്ക്കും.

കാൻ ചലച്ചിത്രോത്സവത്തിൽ ഗ്രാൻപ്രി പുരസ്കാരം നേടിയ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ സിനിമയിലെ അഭിനേതാക്കളായ കനി കുസൃതി, ദിവ്യപ്രഭ, ഛായ കദം, ആനന്ദ് സമി, അസീസ് നെടുമങ്ങാട്, ഹൃദു ഹാറൂൺ എന്നിവരെ ആദരിക്കും. ഇവരുമായി സംവാദവും ഉണ്ടാകും. മലയാള സിനിമയിലെ മാറ്റങ്ങളെക്കുറിച്ചുള്ള ‘മല്ലുമിനാറ്റി’ സെഷനിൽ സംവിധായകരായ ജിയോ ബേബി, ചിദംബരം, രാഹുൽ സദാശിവൻ എന്നിവർ പങ്കെടുക്കും. കാലാവസ്ഥാമാറ്റങ്ങളെക്കുറിച്ച് ഡോ.റോക്സി മാത്യു കോൾ സംസാരിക്കും. വിദ്യാഭ്യാസമേഖലയിലെ മാറ്റങ്ങളെക്കുറിച്ച് ജെയിൻ യൂണിവേഴ്സിറ്റി ഡയറക്ടർ ഡോ.ടോം ജോസഫ് സംസാരിക്കും.

കോൺക്ലേവിൽ പങ്കെടുക്കാനെത്തിയ കേന്ദ്രമന്ത്രി രാജ്നാഥ് സിങ്ങിനെ മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു, എക്സിക്യൂട്ടീവ് എഡിറ്റർ ജയന്ത് മാമ്മൻ മാത്യു, എംഎം ടിവി സിഇഒ പി.ആർ.സതീഷ്, മനോരമ ന്യൂസ് ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസ്, മലയാള മനോരമ ആൻഡ് ദ് വീക്ക് ഡൽഹി റസിഡന്റ് എഡിറ്റർ ആർ. പ്രസന്നൻ എന്നിവർ സ്വീകരിച്ചു.

ക്ഷണിക്കപ്പെട്ടവർ രാവിലെ 9.30 നു മുൻപ് ഹാളിൽ പ്രവേശിക്കണം. തത്സമയ സംപ്രേഷണം മനോരമ ന്യൂസ് ചാനലിലും www.manoramanews.com, മനോരമ മാക്സ് എന്നിവയിലും.

ENGLISH SUMMARY:

Defence minister Rajnath Singh will inaugurate Manorama News Conclave 2024 today. Debates from political sector to cinema and education may take place.