രാജി സമ്മര്‍ദങ്ങള്‍ക്ക് പിന്നാലെ കൊച്ചിയിലെത്തിയ എം. മുകേഷ് എം.എല്‍.എ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി. പരാതി നല്‍കിയ നടിക്കെതിരായ തെളിവുകള്‍ അഭിഭാഷകന് കൈമാറി. അതിനിടെ പരാതിക്കാരിയുടെ രഹസ്യമൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി.
മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് കാറിലെ എം.എല്‍.എ ബോര്‍ഡ് ഒഴിവാക്കിയായിരുന്നു തിരുവനന്തപുരത്ത് നിന്ന് മുകേഷിന്‍റെ യാത്ര. കൊച്ചിയിലെത്തിയ ശേഷം അഭിഭാഷകനുമായി രഹസ്യമായി കൂടിക്കാഴ്ച നടത്തി. പരാതി നല്‍കിയ നടിക്കെതിരായ തെളിവുകള്‍ അഭിഭാഷകന് കൈമാറി. നടി പണം ചോദിച്ച് പല തവണ ബ്ലാക് മെയില്‍ ചെയ്തുവെന്നാണ് മുകേഷിന്‍റെ വിശദീകരണം. ഇത് സംബന്ധിച്ച തെളിവുകളാണ് കൈമാറിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ഡിജിറ്റല്‍ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കാനാണ് നീക്കം. സെപ്തംബര്‍ രണ്ടിന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യ അപേക്ഷ പരിഗണിക്കും. അതിനിടെ ചോദ്യം ചെയ്യലിന് ഇതുവരെയും നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് മുകേഷിന്‍റെ അഭിഭാഷകന്‍ വ്യക്തമാക്കി.
മുകേഷ്, ജയസൂര്യ ഉള്‍പ്പടെ ഏഴ് പേര്‍ക്കെതിരെയാണ് കൊച്ചി സ്വദേശിയായ നടി പരാതി നല്‍കിയത്. മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത അന്വേഷണ സംഘം നടിയുടെ രഹസ്യ മൊഴിയും രേഖപ്പെടുത്തി. എറണാകുളം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയിലാണ് നടി മൊഴി നല്‍കിയത്.