സിപിഎമ്മിലും പവർഗ്രൂപ്പ് പ്രവർത്തിക്കുന്നുണ്ടെന്നും ഇവർ കുറ്റവാളികൾക്ക് കുട പിടിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പാർട്ടിയിൽ കുറ്റാരോപിതരെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള വലിയൊരു പവർ ഗ്രൂപ്പാണ്. പവർ ഗ്രൂപ്പിനു മുന്നിൽ ആനി രാജയും ബൃന്ദാ കാരാട്ടും, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ദുർബലരാണ്. നിയമവിരുദ്ധമായാണ് മന്ത്രി സജി ചെറിയാൻ സംസാരിക്കുന്നത്. മന്ത്രി സ്ഥാനത്ത് തുടരാൻ പോലും സജി ചെറിയാന് അർഹതയില്ല. ഹേമ കമ്മിറ്റി റിപ്പോർട്ടും കയ്യിൽ വച്ചാണ് മുകേഷിനെ സിപിഎം സ്ഥാനാർഥിയാക്കിയത്.
എത്ര ലാഘവത്തോടെയാണ് സ്ത്രീപക്ഷ വിഷയത്തെ സിപിഎം കാണുന്നത്? തൊഴിലിടത്ത് സ്ത്രീകൾക്ക് സംരക്ഷണം കൊടുക്കേണ്ട സർക്കാർ ഹേമ കമ്മിറ്റി റിപ്പോർട്ട് ഒളിച്ചു വച്ച് വീണ്ടും നിയമ ലംഘനം നടത്തിയതും ചർച്ച ചെയ്യപ്പെടണം.മലയാള സിനിമ നാണക്കേടിലേക്കു പോകുന്നതിന് ഉത്തരവാദി സിപിഎം നയിക്കുന്ന സംസ്ഥാന സർക്കാരാണെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.