മുന്നണിയുടെ പ്രവര്‍ത്തനം ഏകാപിപ്പിക്കുന്നതില്‍ ഇ.പി. ജയരാജിനു പരിമിതികളുണ്ടായെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. തിരഞ്ഞെടുപ്പ് കാലത്ത് നടത്തിയ പ്രസ്താവനകളും കാരണമായി. ഇത് സംഘടനാ നടപടിയല്ല. ടി.പി.രാമകൃഷ്ണന്‍ പുതിയ എല്‍.ഡി.എഫ്. കണ്‍വീനറാകും. പി.കെ.ശശിക്കെതിരായ നടപടി അംഗീകരിച്ചു. തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും ശശിയെ ഒഴിവാക്കുമെന്നും സംസ്ഥാന സെക്രട്ടറി വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.
ഒടുവില്‍ നടപടി
തിരഞ്ഞെടുപ്പു നാളില്‍ പാര്‍ട്ടിയെ വന്‍ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട കേന്ദ്രകമ്മിറ്റിയംഗം ഇ.പി.ജയരാജനെതിരെ കടുത്ത നടപടിയുമായി സിപിഎം. എല്‍ഡിഎഫ് കണ്‍വീനര്‍ പദവിയില്‍നിന്ന് ഇ.പി.ജയരാജനെ നീക്കി. ഇ.പി– ജാവഡേക്കര്‍–ദല്ലാള്‍ കൂടിക്കാഴ്ച വിവാദത്തിലാണ് നടപടി.തിരഞ്ഞെടുപ്പുദിവസം കൂടിക്കാഴ്ചക്കാര്യം സ്ഥിരീകരിച്ച ഇ.പിയെ തള്ളിപ്പറഞ്ഞ് മണിക്കൂറുകള്‍ക്കകം മുഖ്യമന്ത്രി തന്നെ രംഗത്തെത്തിയിരുന്നു. ഇ.പിയെ മാറ്റാനുള്ള സെക്രട്ടേറിയറ്റ് തീരുമാനം സംസ്ഥാന സമിതി അംഗീകരിച്ചു. ഇ.പിക്കെതിരെ മറ്റു സംഘടനാ നടപടികള്‍ ഇല്ല. പ്രതിഷേധം പരസ്യമാക്കി സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുക്കാതെ കണ്ണൂരിലെ വീട്ടിലെത്തിയ ഇ.പി പക്ഷേ, മാധ്യമങ്ങളോട് മൗനം തുടരുകയാണ്.