തൃശൂർ മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിലെ പാലിയേക്കര ടോൾ പ്ലാസയിൽ പുതുക്കിയ ടോള്‍ നിരക്ക് പ്രാബല്യത്തിലായി. ചെറു വാഹനങ്ങൾ മുതൽ മൾട്ടി ആക്സിൽ വാഹനങ്ങൾ വരെയുള്ളവയ്ക്ക് നിരക്ക് വർധന ബാധകമാണ്.
10 രൂപ മുതൽ 40 രൂപ വരെയാണ് വാഹനങ്ങൾക്കുള്ള മാസ നിരക്ക് വർധന. ഭാര വാഹനങ്ങൾക്ക് ഒരു ദിവസം ഒന്നിൽ കൂടുതൽ യാത്രകൾക്ക് അഞ്ചു രൂപയും വർധിപ്പിച്ചു. കാർ, ജീപ്പ് എന്നിവയ്ക്ക് ഒരു ഭാഗത്തേക്ക് 90 രൂപയും, 24 മണിക്കൂറിനുള്ളിലെ ഒന്നിൽ കൂടുതൽ യാത്രയ്ക്ക് 140 രൂപയും മാറ്റമില്ലാതെ തുടരും . എന്നാൽ മാസ നിരക്ക് 2750 രൂപയായിരുന്നത് 2760 രൂപയായി വർധിപ്പിച്ചു. ചെറുകിട വാണിജ്യ വാഹനങ്ങൾക്ക് ഒരു ഭാഗത്തേക്ക് 160 രൂപയും ഒന്നിൽ കൂടുതൽ യാത്രയ്ക്ക് 240 രൂപയുമാണ് നിരക്ക്. ഒരു മാസത്തേക്കുള്ള നിരക്ക് 9660 രൂപയായി വർദ്ധിപ്പിച്ചിട്ടുണ്ട്, 9635 രൂപയായിരുന്നു പഴയ നിരക്ക്.
ബസ്, ട്രക്ക് തുടങ്ങിയ വാഹനങ്ങൾക്ക് ഒരു ഭാഗത്തേക്ക് 320 രൂപയും ഒന്നിൽ കൂടുതൽ യാത്രയ്ക്ക് 485 രൂപയുമാണ്. മാസ നിരക്ക് 15,485 രൂപയില്‍ നിന്നും 15525 രൂപയിലേക്ക് ഉയർത്തി. മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് ഒരു ഭാഗത്തേക്ക് 515 രൂപയും ഒന്നിൽ കൂടുതൽ യാത്രകൾക്ക് 775 രൂപയുമാണ്. ഒരു മാസത്തേക്ക് 15485 രൂപയിൽ നിന്നും 15525 രൂപയായി ഉയർത്തിയിട്ടുണ്ട്. പലതരത്തിലുള്ള പ്രതിഷേധങ്ങളും പരാതികളും ടോൾ പിരിവ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നടന്നിരുന്നു. എന്നാൽ എല്ലാ കൊല്ലത്തെയും പോലെ സെപ്റ്റംബർ ഒന്നാം തീയതി ഇത്തവണയും പിരിവ് വർധന ആവർത്തിച്ചു.