ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലെ ആരോപണവിധേയരെ ജസ്റ്റിസ് ഹേമ കേള്‍ക്കാത്തതില്‍ നീതിയുടെ പ്രശ്നമുണ്ടെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണിക്കൃഷ്ണന്‍. ന്യായാധിപയുടെ മുന്നില്‍ കുറ്റകൃത്യം റിപ്പോര്‍ട്ട് ചെയ്താല്‍ രഹസ്യാത്മക സ്വഭാവം ചൂണ്ടിക്കാട്ടി മറച്ചുവയ്ക്കുന്നത് ശരിയല്ല. പേരുകള്‍ പുറത്തുവരുമ്പോള്‍ അവര്‍ക്കും പറയാനുള്ളത് പറയാനുള്ള സാഹചര്യം ഉണ്ടാകും. തുടര്‍ന്ന് ആവശ്യമെങ്കില്‍ മാത്രമെ നിയമനടപടിയിലേക്ക് പോകേണ്ടതുള്ളുവെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി മനോരമ ന്യൂസിനോട് പറഞ്ഞു.
ലൈംഗിക ആരോപണങ്ങളുടെ ആധികാരികതയെയും ഉദ്ദേശലക്ഷ്യത്തെയും മുന്‍വിധിയോടെ സമീപിക്കരുത്. അതിന് പൊലീസും നിയമസംവിധാനവുമുണ്ട്. ഒരാള്‍ തുടങ്ങിവച്ചാല്‍ തീ പോലെ പടരുന്ന സ്വഭാവം പൊതുവില്‍ ലൈംഗിക ആരോപണങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താര സംഘടനനായ 'അമ്മ' ട്രേഡ് യൂണിയനായി മാറുന്നതാണ് നല്ലതെന്ന് മമ്മൂട്ടി ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. വിമര്‍ശനങ്ങളോട് സംവദിക്കാനുള്ള സംഘടനാപരമായ വഴക്കം അമ്മയ്ക്കില്ലെന്നും സംഘടനാപരമായ വഴക്കമുള്ളയാളല്ല മോഹന്‍ലാലെന്നും ബി.ഉണ്ണിക്കൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, തനിക്ക് നേരെ നിരന്തരം ആരോപണം ഉന്നയിക്കുന്ന സംവിധായകന്‍ ആഷിക്ക് അബുവിന്റേത് ആത്മരതിയെന്നും ഉണ്ണിക്കൃഷ്ണന്‍ ആരോപിച്ചു. യഥാര്‍ഥ ഇടതുപക്ഷക്കാരനാണെന്ന് ആഷിക് ഭ്രമിക്കുകയാണ്. മാര്‍ക്സിന്റെ സിദ്ധാന്തം അനുസരിച്ച് സിനിമയിലെ ലാഭം ആഷിക് വേണ്ടെന്ന് വയ്ക്കുമോയെന്നും അദ്ദേഹം പരിഹസിച്ചു.