ലക്ഷങ്ങൾ പൊടിച്ച് നടത്തിയ നാലാം ലോക കേരള സഭയിൽ നിന്നും എന്ത് കിട്ടിയെന്ന ചോദ്യത്തിന് ഒന്നും കിട്ടിയില്ലെന്ന് സർക്കാർ. പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ആവശ്യമായ ശുപാർശകൾ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ല. പരിപാടിക്ക് എത്തിയവരുടെ ഭക്ഷണത്തിന് ഒരാൾക്ക് ശരാശരി പതിനായിരത്തിലേറെ രൂപ ചിലവായെന്നും രേഖകൾ വ്യക്തമാക്കുന്നു.

ലക്ഷങ്ങൾ ചിലവഴിച്ച് രണ്ടുദിവസമായി നടത്തിയ  പരിപാടിയിൽ പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ആവശ്യമായ ശുപാർശകൾ ലഭിച്ചിട്ടില്ല എന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. 145 മെമ്പർമാരും 208 ക്ഷണിതാക്കളുമടക്കം 353 പേരാണ് ഇത്തവണത്തെ ലോക കേരള സഭയിൽ പങ്കെടുത്തത്. ഇവരുടെ താമസത്തിനായി മുപ്പത്തിയഞ്ച് ലക്ഷത്തി അമ്പത്തിയേഴായിരത്തി മുന്നൂറ്റിപത്തൊമ്പത്  രൂപ ചിലവായി. ഡോക്യുമെന്റേഷൻ ജോലികൾക്കായി ഒരു ലക്ഷത്തി നാല്പത്തി രണ്ടായിരത്തിലേറെ രൂപയും സർക്കാർ അനുവദിച്ചിരുന്നു. ഭക്ഷണത്തിൻ്റെ ചിലവ് പൂർണമായും സ്പോൺസർഷിപ്പിലൂടെ ലഭിച്ചു എന്നാണ് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നത്. ഭക്ഷണത്തിന് ഒരാൾക്ക് ശരാശരി 10,500 രൂപ ചെലവായി എന്നും രേഖകളിലുണ്ട്.

നേരത്തെ നടന്ന മൂന്ന് ലോകകേരള സഭകൾക്കായി നാലേകാൽ കോടി രൂപ ചെലവാക്കി എന്നാണ് സർക്കാർ വ്യക്തമാക്കിയിട്ടുള്ളത്. പ്രവാസികളുടെ വികസന സങ്കല്പം, അവരുടെ ക്ഷേമം എന്നിവ ഉൾപ്പെടുന്ന ശുപാർശകൾക്കായി മാത്രം ഇത്രയേറെ തുക ചെലവഴിക്കേണ്ടതുണ്ടോ എന്ന വിമർശനമാണ് പ്രധാനമായും ഉയരുന്നത്.

ENGLISH SUMMARY:

When asked what they got from the 4th Lok Kerala Sabha, the government said that they did not get anything