mr-ajith-kumar-palace-2

കവടിയര്‍ കൊട്ടാരത്തിന്‍റെയും ഗോള്‍ഫ് ക്ലബ്ബിന്‍റെയും ഒത്തനടുവില്‍, സെന്‍റിന് ലക്ഷങ്ങള്‍ വില വരുന്ന ഭൂമിയിലാണ് എഡിജിപി എം.ആര്‍. അജിത്കുമാര്‍ വീട് പണിയുന്നത്. മൂന്ന് നിലകളിലായി വലിയ സൗകര്യങ്ങളുള്ള വീടാണ് പണിയുന്നതെന്ന് പ്ലാനില്‍ നിന്നും രേഖ ചിത്രങ്ങളില്‍ നിന്നും വ്യക്തം. വീടിന് കല്ലിടുന്നതിന്‍റെ ചിത്രങ്ങളും പുറത്തുവന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

ഇതാണ് പി.വി അന്‍വറിന്‍റെ ആരോപണത്തിന് ആധാരമായ വീടുപണി നടക്കുന്ന സ്ഥലം. കവടിയാര്‍ കൊട്ടാരത്തിന്‍റെയും ഗോള്‍ഫ് ക്ലബ്ബിന്‍റെയും ഇടയിലുള്ള കവടിയാര്‍ പാലസ് അവന്യൂ റോഡിന് മുന്നിലെ പത്തര സെന്‍റിലാണ് വീട് പണിയുന്നത്.  തിരുവനന്തപുരത്തെ ഭൂമിക്ക് ഏറ്റവും വില കൂടിയ മേഖലയാണിത്. സെന്‍റിന് അറുപത് ലക്ഷത്തിന് മുകളിലാണ് വിലയെന്നാണ് വിവരം. 15000 സ്ക്വയര്‍ ഫീറ്റെന്ന് എംഎല്‍എ ആരോപിക്കുന്നെങ്കിലും അയ്യായിരം സ്ക്വയര്‍ ഫീറ്റാണ് പെര്‍മിറ്റില്‍ കാണിച്ചിരിക്കുന്നത്. പണിയുന്നത് മൂന്നുനില വീടാണെന്ന് പ്ലാനും രേഖ ചിത്രങ്ങളും വ്യക്തമാക്കുന്നു. 

അണ്ടര്‍ ഗ്രൗണ്ട് പാര്‍ക്കിങ്. നാല് കിടപ്പ് മുറികളും രണ്ട് ലിവിങ് ഏരിയയും ഉള്‍പ്പെടുന്ന രണ്ട് നില. ലിഫ്റ്റ്, ഓപണ്‍ ടെറസ് ബാത്ത് സൗകര്യങ്ങളും വിടിനുണ്ടാകും. വീടിന്‍റെ കല്ലിടല്‍ ചടങ്ങിന്‍റെ ചിത്രങ്ങളും, വീടിന്‍റെ അന്തിമ രൂപം എങ്ങനെയായിരിക്കും എന്നതിന്‍റെ ത്രി ഡി ചിത്രവും പുറത്തുവന്നു. ഇരുപത് വര്‍ഷം മുമ്പാണ് വീട് വയ്ക്കാനുള്ള ഭൂമി വാങ്ങിയതെന്നും അന്ന് ഭൂമിയുടെ വില നന്നേ കുറവായിരുന്നുവെന്നുമാണ് എം.ആര്‍ അജിത് കുമാറുമാറുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. വീട് വയ്ക്കുന്നതിന് സര്‍ക്കാരില്‍ നിന്ന് രേഖാമൂലം അനുമതി വാങ്ങിയിട്ടുണ്ടെന്നും ക്രമ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും ഇവര്‍ അവകാശപ്പെടുന്നു. 

ENGLISH SUMMARY:

ADGP MR Ajith Kumar build new house near kowdiar palace details out update