Photo Credit; Facebook

Photo Credit; Facebook

എഡിജിപി എം.ആര് അജിത്കുമാറിനെതിരായ പി വി അന്‍വര്‍ എംഎല്‍എയുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ പ്രതിപക്ഷ പ്രക്ഷോഭങ്ങളുണ്ടാകാത്തതില്‍ സമൂഹമാധ്യമങ്ങളില്‍ വന്‍വിമര്‍ശനം . അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങൾ അക്കമിട്ട് നിരത്തി യൂത്ത് കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ഫെയ്സ് ബുക്ക് പോസ്റ്റിനടിയിലാണ് രൂക്ഷവിമര്‍ശനം ഭരണകക്ഷി എംഎൽഎ തന്നെ ​രം​ഗത്തിറങ്ങിയിട്ടും, ഇതൊക്കെ വെളിച്ചത്തുകൊണ്ടുവരേണ്ട പ്രതിപക്ഷം ഉറങ്ങുകയാണെന്നാണ് ഒരാളുടെ കമന്റ്.

'മിസ്റ്റർ രാഹുൽ മാങ്കൂട്ടത്തിൽ, ഒരു ഭരണപക്ഷ എംഎൽഎ ഇത്രയും ഒക്കെ വിളിച്ചു പറഞ്ഞിട്ടും ഇങ്ങനെയാണോ താങ്കളുടെ പ്രതികരണം, ഈ തീവ്രത മതിയോ? താങ്കളെപ്പോലെയുള്ള ഒരു നേതാവിൽ നിന്നും ഇതല്ല പ്രതീക്ഷിച്ചത്. നാളെ തെരുവിൽ ഇറങ്ങണം, ഈ നെറികേടിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തണം'. - മറ്റൊരു കോൺ​ഗ്രസ് അനുഭാവിയുടെ കമന്റ് ഇങ്ങനെ.

'ഒന്നു ചിന്തിച്ച് നോക്കൂ, ഇവിടെ യുഡിഎഫ് ആണ് ഭരിക്കുന്നതെങ്കിൽ ഒരു ഭരണ പക്ഷ എം.എൽ.എ ആഭ്യന്തര വകുപ്പിനെതിരെ വളരെ ഗൗരവമുള്ള ആരോപണങ്ങൾ ഉന്നയിച്ചാൽ എൽഡിഎഫ് ആണ് പ്രതിപക്ഷത്തെങ്കിൽ, ഇവിടെ എന്തെല്ലാം രാഷ്ട്രീയ കോലാഹലങ്ങൾ ഈ നേരം കൊണ്ടുണ്ടാകും. പ്രതിപക്ഷം അനങ്ങാതിരിക്കുന്നത് ന്യായം ആണോ എന്ന് സ്വയം ചിന്തിക്കുക, ഒരു കോൺഗ്രസ് പ്രവർത്തകൻ എന്ന രീതിയിൽ ചോദിക്കുകയാണ്. ഇത്രയും ബോധ്യപ്പെട്ടു എങ്കിൽ പ്രതിപക്ഷം എന്ത് ചെയ്യുകയായിരുന്നു, ഇനി എന്താണ് ചെയ്യാൻ പോകുന്നത്?'. 'ഇതിലൂടെ പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്വം കൂടി വളരെ ലോ ലെവലിലേക്ക് പോവുന്നുണ്ട്. സർക്കാരിനെതിരെ പ്രതിഷേധിക്കാൻ ഇതിലും വലിയൊരു അവസരം ഇനിയും വരുമെന്ന് കരുതുന്നുണ്ടോ?' - മറ്റൊരു പ്രവർത്തകൻ ചോദിക്കുന്നു.

'ഇത്രയും വിഷയങ്ങൾ വന്നിട്ടും പ്രതിപക്ഷം എന്ത് കൊണ്ട് ആണ് അത് മുതലാക്കി ഒരു മാർച്ചോ സമരപരിപാടിയോ ചെയ്തു സർക്കാരിനെ പ്രതിസന്ധിയിലാക്കാത്തത്. ഇനിയും പ്രതിപക്ഷത് ഇരിക്കാനാണോ തീരുമാനം?. സർക്കാരിനെതിരെ ജനങ്ങൾ തിരിഞ്ഞ് നിൽക്കുന്ന ഈ അവസരങ്ങൾ അല്ലെ പ്രതിപക്ഷം പ്രയോജനപെടുത്തേണ്ടത്. ഇനി അധികനാൽ ഇല്ല കാലാവധി കഴിയാൻ സർക്കാരിന്'. - ഇങ്ങനെയാണ് മറ്റൊരു പ്രവർത്തകന്റെ പാർട്ടിയോടുള്ള മുന്നറിയിപ്പ്.

ഹേമ കമ്മിറ്റി റിപ്പോർട്ട് നാലര വർഷം പൂഴ്ത്തിയെന്നും, ആഭ്യന്തര വകുപ്പ് വൻ പരാജയമാണെന്നും ആരോപണം ഉയരുമ്പോഴും പ്രതിപക്ഷം വലിയ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുന്നില്ലെന്നാണ് പ്രവർത്തകരുടെ തന്നെ പരാതി. സർക്കാരിനെതിരെ വലിയ പ്രക്ഷോഭം നടത്തേണ്ട പ്രതിപക്ഷം ഉത്തരവാദിത്വം മറന്നെന്നാണ് പ്രതികരണവുമായെത്തിയ ഭൂരിപക്ഷം പേരുടെയും ആക്ഷേപം

ENGLISH SUMMARY:

Comments of Congress workers against Rahul Mamkootathil