സംസ്ഥാന മന്ത്രിസ്ഥാനത്തിനായി എന്‍സിപിയില്‍ വടംവലി ശക്തമായതോടെ തീരുമാനം ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന് വിട്ടു. തോമസ് കെ. തോമസിന് മന്ത്രിസ്ഥാനം നല്‍കണമെന്നാണ് ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന ജില്ലാ അധ്യക്ഷന്മാരുടെ യോഗത്തിലെ പൊതുവികാരം. പി.സി ചാക്കോയും അതിനെ പിന്തുണച്ചു. എന്നാല്‍ മന്ത്രിസ്ഥാനം ഒഴിയേണ്ടിവന്നാല്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കുമെന്ന് എ.കെ ശശീന്ദ്രന്‍ ഭീഷണി മുഴക്കിയതോടെ എന്‍സിപിയില്‍ പ്രതിസന്ധി രൂക്ഷമായി.
ശരദ് പവാര്‍ ശശീന്ദ്രനുമായും തോമസ് കെ. തോമസുമായും സംസാരിക്കും. എന്‍സിപി സംസ്ഥാന അധ്യക്ഷപദവി ശശീന്ദ്രന്‍ പക്ഷത്തിന് നല്‍കി പ്രതിസന്ധി പരിഹരിച്ചേക്കും. മുഖ്യമന്ത്രി പിണറായി വിജയനുമായി ശശീന്ദ്രനുള്ള അടുപ്പം നിര്‍ണായകമാണ്. ഈ മാസം 19ന് കൊച്ചിയില്‍ ചേരുന്ന എന്‍സിപി മണ്ഡലം അധ്യക്ഷന്മാരുടെ യോഗം ഇരുപക്ഷത്തിന്‍റെയും ബലപരീക്ഷണ വേദിയാകും.