പുലിയുടെ ആക്രമണത്തില്‍ ഉപജീവനമാര്‍ഗം അടഞ്ഞ അട്ടപ്പാടി സ്വദേശിനി തുളസിയെ ചേര്‍ത്തുപിടിച്ച് ഉമ്മന്‍ചാണ്ടി സ്നേഹ സ്പര്‍ശം. പുലി പിടിച്ച എട്ട് ആടുകള്‍ക്ക് പകരം പുതിയത് വാങ്ങി നല്‍കിയതിനൊപ്പം സുരക്ഷിതമായ കൂടും കൈമാറി. മനോരമ ന്യൂസിലൂടെയാണ് ചെമ്പവട്ടക്കാട് ഊരിലെ തുളസിയുടെ നഷ്ടം പുറം ലോകമറിഞ്ഞത്.
മക്കളെപ്പോലെ വളര്‍ത്തിയ എട്ട് ആടുകളെ ഒറ്റ രാത്രിയിലാണ് പുലി കൊന്നൊടുക്കിയത്. നേരം പുലര്‍ന്ന് കൂട്ടിലേക്ക് നോക്കുമ്പോള്‍ തുളസിയുടെ ഉള്ളു പൊള്ളിയെന്ന് മാത്രമല്ല മുന്നോട്ടെങ്ങനെ ജീവിക്കുമെന്ന ചിന്തയും പ്രതിസന്ധിയായി. മക്കളെ നഷ്ടപ്പെട്ട അമ്മയെപ്പോലെ അലമുറയിട്ട തുളസിയുടെ നൊമ്പരം മനോരമ ന്യൂസിലൂടെ ഉമ്മന്‍ചാണ്ടി സ്നേഹസ്പര്‍ശത്തിന്റെ ഭാരവാഹികള്‍ അറിഞ്ഞു. പിന്നാലെ വാഗ്ദാനം ചെയ്ത സഹായം ഒട്ടും ൈവകാതെ തുളസിയിലേക്കെത്തി. നഷ്ടപ്പെട്ടതിന് പകരം അതേ പ്രായത്തിലുള്ള ഏഴ് ആടുകള്‍. പുലി നിരന്തരം ശ്രമിച്ചാലും തകര്‍ക്കാന്‍ കഴിയാത്ത കൂടിന്റെ സുരക്ഷയും. തുളസിയുടെ മടങ്ങിവന്ന ചിരി കാണാന്‍ ഉമ്മന്‍ചാണ്ടിയുടെ മകള്‍ മറിയ ഉമ്മന്‍ നേരിട്ട് ഊരിലെത്തി.
ഉമ്മന്‍ചാണ്ടി സ്നേഹ സ്പര്‍ശം പരിപാടിയുടെ ഭാഗമായാണ് സഹായമെത്തിയത്. ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ സെന്ററാണ് ചെലവ് വഹിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരും നാട്ടുകാരും സഹായം കൈമാറുന്ന ചടങ്ങില്‍ പങ്കെടുത്തു.