സംസ്ഥാനത്ത് ആദ്യമായി തുടങ്ങിയ വൈക്കത്തെ 'പെപ്പർ ടൂറിസം പദ്ധതി'യുടെ പ്രവർത്തനം നിലച്ചു. അന്താരാഷ്ട്ര തലത്തിൽഅംഗീകാരങ്ങളും അഭിനന്ദനങ്ങളും നേടിയെന്ന് കൊട്ടിഘോഷിച്ച പദ്ധതിയാണ് ഇപ്പോൾ ആരും തിരിഞ്ഞു നോക്കാൻ ഇല്ലാതെ കിടക്കുന്നത്. എന്നാൽ കടലാസുകളിലെ കണക്കുകൾ പറഞ്ഞ് പെപ്പർ ടൂറിസം വിജയകരമായി പുരോഗമിക്കുകയാണെന്ന വിശദീകരണമാണ് ഉത്തരവാദിത്ത ടൂറിസ മിഷന്‍റേത്.
നാടിന്‍റെ പങ്കാളിത്തം ഉറപ്പാക്കി നാട്ടിൻപുറത്തുകാര്‍ക്ക് വരുമാനവും ഒപ്പം ഗ്രാമ ജീവിതത്തിന്‍റെ സാധ്യതകളും. അതായിരുന്നു വൈക്കത്തെ ഉത്തരവാദിത്ത ടൂറിസം പദ്ധതി അഥവാ പെപ്പർ ടൂറിസം. 2017 ലാണ് സംസ്ഥാനത്ത് ആദ്യമായി വൈക്കത്ത് പെപ്പർ ടൂറിസത്തിന് തുടക്കം കുറിച്ചത്. ആർട്ട് സ്ട്രീറ്റും, വാട്ടർ സ്ട്രീറ്റും നാട്ടുചന്തയുമൊക്കെയായി മറവന്തുരുത്ത് പഞ്ചായത്തിലെ പെപ്പര്‍ ടൂറിസം വാര്‍ത്തകളില്‍ ഇടം പിടിച്ചു. ആരംഭശൂരത്തം മാത്രമായിരുന്നു എല്ലാം.
ഉത്തരവാദിത്ത ടൂറിസത്തിന്‍റെ അന്താരാഷ്ട്ര സ്ഥാപകന്‍ ഡോ. ഹാരള്‍ഡ് ഗുഡ് വിന്‍ ലോക മാതൃക എന്നു പറഞ്ഞ പദ്ധതിയായിരുന്നു ഇത്. ആ ആർട്ട് സ്ട്രീറ്റിലെ വാട്ടർ സ്ട്രീറ്റ് ഇന്ന് ഫോറസ്റ്റ് സ്ട്രീറ്റായി.വാട്ടർ സ്ട്രീറ്റിലൂടെ എത്തുന്ന സഞ്ചാരികൾക്ക് നവീന അനുഭവമാകാൻ തുടങ്ങിയ നാട്ടുചന്ത കാടിന്‍റെ മറവിലുമായി.
ഡസ്റ്റിനേഷൻ വികസനത്തിനായി ഒരു കോടി രൂപയാണ് ടൂറിസം വകുപ്പ് അന്ന് അനുവദിച്ചിരുന്നത്. തുരുത്തുമ്മ തൂക്കുപാലത്തിനടുത്ത് ഇരുപത്തി ആറേമുക്കൽ ലക്ഷം മുടക്കി പണിത ഫ്ലോട്ടിംഗ് ജെട്ടി വെറുതെ കിടന്ന് നശിക്കുന്നു. ആദ്യം പദ്ധതി നടപ്പിലാക്കിയ സ്ഥലത്ത് വിനോദസഞ്ചാരികൾ വരുന്നു പോലും ഇല്ലെങ്കിലും സംസ്ഥാനത്തെ മറ്റിടങ്ങൾ കൂടി ലോക ഭൂപടത്തിലാക്കാനുള്ള തിരക്കിലാണ് ടൂറിസം മിഷൻ അധികൃതർ.