ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വന്ന പരാതികളിൽ സിനിമ മേഖലയിലുള്ളവർക്കെതിരെ എടുത്ത കേസുകളിലെ ആദ്യ നിയമ പോരാട്ടങ്ങൾ നിർണായക ഘട്ടത്തിലേക്ക്. ബലാത്സംഗക്കേസിൽ കൊല്ലം എം.എൽ.എ മുകേഷ് അടക്കമുളവരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി വ്യാഴാഴ്ച വിധി പറയും. ബംഗാളി നടിയുടെ പരാതിയിലെടുത്ത കേസിൽ മുൻകൂർ ജാമ്യത്തിനായി സംവിധായകൻ രഞ്ജിത് ഹൈക്കോടതിയെ സമീപിച്ചു. തനിക്കെതിരെ തമിഴ് ഗായിക സുചിത്ര ഉന്നയിച്ച ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രത്യേക അന്വേഷസംഘത്തിന് നടി റിമ കല്ലിങ്കല്‍ പരാതി നല്‍കി.
വാദം പൂർത്തിയായതോടെയാണ് മുകേഷ്, ഇടവേള ബാബു, കോൺഗ്രസ് അഭിഭാഷ നേതാവ് അഡ്വ.വി.എസ്.ചന്ദ്രശേഖരൻ എന്നിവരുടെ മുൻകൂർ ജാമ്യ ഹർജികൾ വിധി പറയാൻ മാറ്റിയത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നടന്ന വാദത്തിനിടെ മുൻകൂർ ജാമ്യാപേക്ഷകളെ സർക്കാർ ഇന്നും ശക്തമായി എതിർത്തു. മണിയൻപിള്ള രാജുവിൻ്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തീർപ്പാക്കി. മണിയൻപിള്ള രാജുവിന്റേത് സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പായതിനാലാണ് ഹർജി തീർപ്പാക്കിയത്.
ബംഗാളി നടിയുടെ പരാതിയിലെടുത്ത കേസിൽ മുൻകൂർ ജാമ്യം തേടി സംവിധായകൻ രഞ്ജിത്ത് ഹൈക്കോടതിയെ സമീപിച്ചു. കേസിൽ തന്നെ ഉൾപ്പെടുത്തിയത് ഗൂഢലക്ഷ്യത്തോടെയാണെന്നാണ് രഞ്ജിതിൻ്റെ വാദം. പരാതിക്കാരിയെ സിനിമയിൽ അഭിനയിക്കാൻ തിരഞ്ഞെടുക്കാത്തതിലുള്ള നീരസമാണ് പരാതിക്ക് കാരണം. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാനുള്ള നിക്ഷിപ്ത താൽപ്പര്യവുമുണ്ട് പരാതിക്ക് പിന്നിലെന്നും രഞ്ജിത് ആരോപിച്ചു. നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ സർക്കാരിൻ്റെ വിശദീകരണം തേടിയ കോടതി ഹർജി 13ന് പരിഗണിക്കാൻ മാറ്റി.
അതിനിടെ, തനിക്കെതിരെ തമിഴ് ഗായിക സുചിത്ര ഉന്നയിച്ച ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രത്യേക അന്വേഷസംഘത്തിന് പരാതി നൽകിയ നടി റിമ കല്ലിങ്കല്‍ സുചിത്രയ്ക്ക് മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസും അയച്ചു. 25 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും പരസ്യമായി ഖേദം പ്രകടിപ്പിക്കണം എന്നുമാണ് ആവശ്യം. റിമ വീട്ടില്‍ ലഹരി പാര്‍ട്ടി നടത്തിയെന്നും അറസ്റ്റിലായെന്നുമായിരുന്നു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സുചിത്ര ആരോപിച്ചത്.