cm-mla

മുഖ്യമന്ത്രി – അന്‍വര്‍ കൂടിക്കാഴ്ചയിലെ വിവരങ്ങള്‍ മനോരമ ന്യൂസിന്. വിഷയങ്ങളെ മുന്‍വിധിയോടെ സമീപിക്കേണ്ടെന്നും പരാതി ഗൗരവത്തോടെ കാണുമെന്നും മുഖ്യമന്ത്രി കൂടിക്കാഴ്ചയില്‍ വ്യക്തമാക്കി. അന്വേഷണം നടക്കട്ടെയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. എ‍ഡിജിപി അജിത്കുമാറിനെതിെര ഇനിയും കൃത്യമായ തെളിവുണ്ടെന്ന് അന്‍വര്‍. എല്ലാം അന്വേഷിക്കുമെന്നും സംശയം വേണ്ടെന്നും മുഖ്യമന്ത്രി മറുപടി നല്‍കി. 

സംരക്ഷണകവചമൊരുക്കി  മുഖ്യമന്ത്രി 

ഗുരുതരമായ ആരോപണം നേരിടുന്ന എ.ഡി.ജി.പി എംആര്‍.അജിത്കുമാറിനും  പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയ്ക്കും സംരക്ഷണ കവചം തീര്‍ക്കാന്‍  മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടിറങ്ങുന്ന കാഴ്ചയായാണ് ഇതുവരെ കാണാനായത്. എ.ഡി.ജി.പിക്കെതിരായ അന്വേഷണസംഘത്തിലെ നാല് പേരും അദേഹത്തിന്റെ കീഴുദ്യോഗസ്ഥര്‍. എ.ഡി.ജി.പിക്കെതിരായ പരാതിയിലാണ് അന്വേഷണമെന്ന പരാമര്‍ശവും  ഉത്തരവില്‍ നിന്നൊഴിവാക്കി. പി.ശശിയും അന്വേഷണ പരിധിയിലുണ്ടായേക്കില്ല. ഡി.ജി.പിയുടെ ആവര്‍ത്തിച്ചുള്ള എതിര്‍പ്പ് തള്ളിക്കൊണ്ടാണ് മുഖ്യമന്ത്രി വിശ്വസ്തര്‍ക്ക് ഒപ്പം നിന്നത്.

 

രാവിലെ പൊതുവേദിയില്‍ അന്വേഷണം പ്രഖ്യാപിച്ച് കയ്യടിനേടിയ മുഖ്യമന്ത്രി രാത്രി ഓഫീസിലെത്തിയതോടെ മലക്കംമറിഞ്ഞു. അന്വേഷണം പ്രഖ്യാപിക്കാനായി ചേര്‍ന്ന കൂടിയാലോചനയില്‍ അജിത്കുമാറിനെ മാറ്റിനിര്‍ത്തി അന്വേഷിക്കണമെന്ന് ഡി.ജി.പി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടെങ്കിലും, സാധ്യമല്ലെന്ന നിലപാട് മുഖ്യമന്ത്രി കടുപ്പിച്ചു. അധികാരസ്ഥാനത്ത് നിര്‍ത്തിയുള്ള അന്വേഷണം നീതിയുക്തമാകില്ലെന്ന് സംശയമുണ്ടങ്കില്‍ അന്വേഷണചുമതല നേരിട്ട് ഏറ്റെടുക്കാമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചതോടെ ഡി.ജി.പിക്ക് വഴങ്ങാതെ വഴിയില്ലെന്നായി. 

ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എന്ന അധികാരസ്ഥാനത്ത് തന്റെ വിശ്വസ്തനായ ഉദ്യോഗസ്ഥനെ കാത്ത് സംരക്ഷിച്ച മുഖ്യമന്ത്രി, അന്വേഷണസംഘം രൂപീകരിച്ചപ്പോഴും അന്വേഷണ ഉത്തരവിറക്കിയപ്പോഴും ആ കരുതല്‍ തുടര്‍ന്നു.

ഡി.ജി.പി ഒഴികെ അന്വേഷണസംഘത്തിലെ എല്ലാവരും ജൂനിയര്‍ ഉദ്യോഗസ്ഥര്‍.സംഘത്തിലെ രണ്ടും മൂന്നും റാങ്കിലുള്ള ഐ.ജി സ്പര്‍ജന്‍കുമാറും ഡി.ഐ.ജി തോംസണ്‍ ജോസും ക്രമസമാധാന രംഗത്ത് തുടരുന്നതിനാല്‍ ദൈനംദിന കാര്യങ്ങള്‍ പോലും അജിത്കുമാറിനോട് റിപ്പോര്‍ട്ട് ചെയ്യേണ്ടവര്‍. കീഴുദ്യോഗസ്ഥരെക്കൊണ്ട് മേലുദ്യോഗസ്ഥനെതിരെ അന്വേഷിക്കുകയെന്ന വിചിത്രതീരുമാനത്തിനായി അന്വേഷണസംഘാംഗങ്ങളെ നിശ്ചയിച്ചതും ഡി.ജി.പിയെ മറികടന്ന് മുഖ്യമന്ത്രിയുടെ ഓഫീസാണ്. അന്വേഷണ ഉത്തരവ് ഇറങ്ങിയപ്പോള്‍ അതിലെവിടെയും എ.ഡി.ജിപിക്കെതിരായ അന്വേഷണമെന്ന പരാമര്‍ശിക്കാതെയും കരുതല്‍ തുടര്‍ന്നു. 23ന് പി.വി.അന്‍വര്‍ നല്‍കിയ പരാതിയും പിന്നീടുയര്‍ത്തി ആക്ഷേപങ്ങള്‍ക്കുമൊപ്പം അജിത്കുമാറിന്റെ പരാതിയുമാണ് അന്വേഷിക്കുക. അതായത് അന്വേഷണ ഉത്തരവില്‍ ആരോപണ വിധേയന്‍ പരാതിക്കാരനാകുന്ന മറിമായം.

ENGLISH SUMMARY:

After tete-a-tete with CM Pinarayi, Nilambur MLA Anvar declares ceasefire