മലപ്പുറം എടവണ്ണയിലെ റിദാന്‍ ബാസിലിന്‍റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ബന്ധുക്കള്‍. പി.വി.അന്‍വറിന്‍റെ വെളിപ്പെടുത്തലുകള്‍ ഗൗരവമായി കാണുന്നെന്നും പൊലീസിലുള്ള വിശ്വാസം നഷ്ടമായെന്നും കുടുംബം ആരോപിച്ചു. 

കഴിഞ്ഞ വര്‍ഷമാണ് എടവണ്ണ സ്വദേശി റിദാന്‍ ബാസിലിനെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്.  ചെമ്പക്കുത്തില്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് അരകിലേമീറ്റര്‍ അകലെ വെടിയുതിര്‍ത്ത് കൊലപ്പെടുത്തി എന്നാണ് നിഗമനം.  റിദാന്‍റെ സുഹൃത്ത് മുഹമ്മദ് ഷാനാണ് കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയിരുന്നു. അടുത്ത സുഹൃത്തായ റിതാന്‍ ബാസിലിനോടുളള വ്യക്തി വിരോധമാണ് കൊലപാതകത്തിന് കാരണമായതെന്നായിരുന്നു പ്രതിയുടെ മൊഴി.കേസിൽ പൊലീസ് സമർപ്പിച്ച കുറ്റപത്രം കെട്ടി ചമ്മച്ചതാണെന്നായിരുന്നു എംഎല്‍എയുടെ ആരോപണം. തെറ്റായി മൊഴി നല്‍കാന്‍ റിദാന്‍റെ ഭാര്യയെ സമ്മര്‍ദത്തിലാക്കിയെന്നും അന്‍വര്‍ ആരോപിച്ചു. 

പി.വി.അൻവറിന്റെ ആരോപണങ്ങളെ ഗൗരവത്തിലെടുക്കണമെന്ന് കൊല്ലപ്പെട്ട റിദാൻ ബാസിലിന്റെ കുടുബം പറഞ്ഞു. ഷാന്‍ തന്നെയാണ് കൊലയാളിയെന്ന കാര്യത്തില്‍ കുടുംബത്തിന് സംശയമില്ല.  ഷാനിന് പിന്നില്‍ പ്രവര്‍ത്തിച്ച സംഘത്തെ കൂടി കണ്ടത്തണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം. 

ENGLISH SUMMARY:

Edavanna Ridan Basil murder case and PV Anvar allegations family wants cbi investigation