surya-cobra

TOPICS COVERED

പാമ്പുകടിയേറ്റ് ഇടുക്കി വണ്ടിപ്പെരിയാറ്റില്‍ ആറാം ക്ലാസ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. കാലിലുണ്ടായ നീര് കളിക്കുന്നതിനിടെ ഉളുക്കിയതാകാമെന്നു കരുതി ചികിത്സ തേടാതിരുന്നതാണ് വിദ്യാര്‍ഥി മരിക്കാനിടയാക്കിയത്. മഞ്ചുമല ആറ്റോരത്തെ പരേതരായ അയ്യപ്പന്റെയും സീതയുടെയും മകൻ സൂര്യ എന്ന പതിനൊന്നുകാരനാണ് മരിച്ചത്. 

പോസ്റ്റ്മോർട്ടത്തിൽ സൂര്യയ്ക്ക് പാമ്പുകടിയേറ്റതായി കണ്ടെത്തി. വണ്ടിപ്പെരിയാർ ഗവ.യു.പി സ്കൂളിലെ വിദ്യാർഥിയാണ്. കഴിഞ്ഞ 27നു സ്കൂളിൽനിന്നു മടങ്ങിയയെത്തിയതു മുതൽ സൂര്യയുടെ കാലിൽ നീരുണ്ടായിരുന്നു. അടുത്ത ദിവസങ്ങളിൽ സ്കൂളിൽ പോകാതെ വീട്ടിൽ വിശ്രമിച്ചു. ഇതിനിടെ തിരുമ്മുചികിത്സയും നടത്തി. 

ഞായറാഴ്ച രാവിലെ ശരീരമാസകലം നീരു ബാധിച്ചതിനെത്തുടർന്നു വണ്ടിപ്പെരിയാർ ഗവ. ആശുപത്രിയിൽ എത്തിച്ചു. പിന്നീടു തേനി മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയെങ്കിലും അവിടെ എത്തിയ ഉടൻ മരിച്ചു. പോസ്റ്റ്മോർട്ടത്തിലാണു പാമ്പുകടിയേറ്റതായി കണ്ടെത്തിയത്. 

മാതാപിതാക്കൾ മരിച്ചതോടെ സഹോദരി ഐശ്വര്യയ്ക്കും ഭർത്താവിനും ഒപ്പമായിരുന്നു സൂര്യയുടെ താമസം. പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും ഒരുപോലെ മിടുക്കനായിരുന്നെന്ന് അധ്യാപകർ പറയുന്നു. അധ്യാപകരുടെയും സഹപാഠികളുടെയും പ്രിയങ്കരനായിരുന്നു. പ്രവൃത്തിപരിചയമേളയിൽ എ ഗ്രേഡ് നേടി ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സൂര്യയുടെ സംസ്കാരം നടത്തി.

ENGLISH SUMMARY:

Student died of snake bite.