തിരുവനന്തപുരം പാപ്പനംകോട് ഇൻഷുറൻസ് കമ്പനി ജീവനക്കാരി വൈഷ്ണയുടെ കൊലപാതകത്തിനു പിന്നില്‍ രണ്ടാം ഭര്‍ത്താവ് ബിനുവെന്ന് ഉറപ്പിച്ച് പൊലീസ്. ബിനു നരുവാമൂട്ടിലെ വീട്ടില്‍ നിന്നും പാപ്പനംകോടേയ്ക്ക് എത്തുന്നതുവരെയുളള സിസിടിവി ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. വൈഷ്ണയ്ക്കൊപ്പം കണ്ടെത്തിയ മൃതദേഹം ബിനുവിന്റേതെന്ന് സ്ഥിരീകരിക്കാന്‍ ഡിഎന്‍എ സാംപിളുകള്‍ ശേഖരിച്ചു.
പാപ്പനംകോട് ഇന്‍ഷുറന്‍സ് കമ്പനി ഏജന്‍സി ഒാഫീസിലെ തീപിടിത്തത്തിന് ശേഷം അപ്രത്യക്ഷനായ ബിനുവാണ് കൊലപാതകം ആസൂത്രണം ചെയ്തതും വൈഷ്ണയ്ക്കൊപ്പം മരിച്ചതുമെന്നുമാണ് പൊലീസ് ഉറപ്പിക്കുന്നത്. ബിനു നരുവാമൂട്ടിലെ വീടിനു സമീപത്തുനിന്നും ഓട്ടോയിൽ കയറി പാപ്പനംകോട് ഇൻഷുറൻസ് ഓഫീസിന് സമീപത്ത് ഇറങ്ങുന്ന സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. തോള്‍ സഞ്ചിയുമായി ഒരാള്‍ വാഹനത്തിൽ നിന്നും ഇറങ്ങുന്നതാണ് ദൃശ്യങ്ങളില്‍.
മണ്ണെണ്ണ ഒഴിച്ചാണ് തീവച്ചതെന്നാണ് ഫൊറൻസിക് വിദഗ്ധരുടെ നിഗമനം. തോൾ സഞ്ചിയിലുണ്ടായിരുന്നത് മണ്ണെണ്ണ ആകാമെന്നാണ് പൊലീസ് കരുതുന്നത്. വൈഷ്ണയും ബിനുവും തമ്മില്‍ കുടുംബ പ്രശ്നങ്ങളുണ്ടായിരുന്നു. ഏഴ് മാസമായി വൈഷ്ണ മാറിത്താമസിക്കുകയായിരുന്നു. മുന്‍പും ബിനു ഇന്‍ഷുറന്‍സ് ഒാഫീസിലെത്തി ബഹളം വയ്ക്കുകയും വൈഷ്ണ പൊലീസില്‍ പരാതിപ്പെടുകയും ചെയ്തിട്ടുണ്ട്. പൂർണമായും കത്തി കരിഞ്ഞ പുരുഷന്റെ മൃതദേഹം തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ഡിഎൻഎ സാംപിള്‍ ശേഖരിച്ചു. വൈഷ്ണയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.