തുടരെ തുടരെ വരുന്ന വിവാദങ്ങളും കടുത്ത ആരോപണങ്ങളും രണ്ടാം പിണറായി സര്‍ക്കാരിനെ ആടി ഉലയ്ക്കുകയാണ്. പി.വി.അന്‍വറിന്‍റെ ആരോപണങ്ങളില്‍ ഭരണസംവിധാനമാകെ അമ്പരന്നു നില്‍ക്കുകയാണ്. കടുത്ത അതൃപ്തി ഉണ്ടെങ്കിലും മുതിര്‍ന്ന ഐ.പി.എസ്, ഐ.എ.എസ് ഉദ്യോഗസ്ഥര്‍ മൗനം പാലിക്കുകയാണ്.
തൃശൂര്‍പൂരം കലക്കിയതു മുതല്‍ സ്വര്‍ണം പൊട്ടിക്കല്‍വരെ ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥനിലേക്ക് കൊളുത്തിവെച്ച് പി.വി.അന്‍വര്‍ മാലപ്പടക്കം പൊട്ടിച്ചപ്പോള്‍ ഭരണ സംവിധാനമാകെ കുലുങ്ങിയിരിക്കുകയാണ്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയെ കുറിച്ചുള്ള ഗുരുതര ആരോപണങ്ങള്‍ ഡിജിപി അന്വേഷിക്കുന്നത് സംസ്ഥാന ചരിത്രത്തിലാദ്യമായാണ്. എഡിജിപിയെ തല്‍സ്ഥാനത്തുനിന്ന് മാറ്റിനിറുത്താതെയുള്ള അന്വേഷണത്തില്‍ ഡിജിപിക്കുമാത്രമല്ല മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും എതിര്‍പ്പുണ്ട്. ചീഫ് സെക്രട്ടറിയും ആഭ്യന്തര വകുപ്പ് സെക്രട്ടറിയും ഉള്‍പ്പെടെയുള്ളവര്‍സ്ഥിതിഗതികള്‍ സൂക്ഷമമായി നിരീക്ഷിക്കുകാണ്. സ്വപ്്നാ സുരേഷിന്‍റെ ആരോപണങ്ങള്‍ സൃഷ്ടിച്ചതിനെക്കാള്‍ പി.വി.അന്‍വറിന്‍റെ ആരോപണങ്ങള്‍ സര്‍ക്കാരിന്‍റെ വിശ്വാസ്യതയെയും പ്രതിഛായയെയും ബാധിച്ചു എന്നാണ് വിലയിരുത്തല്‍.
ഭരണ സംവിധാനത്തിന് മുകളില്‍മുഖ്യമന്ത്രിക്ക് ഉണ്ടെന്ന് കരുതപ്പെടുന്ന സമ്പൂര്‍ണ നിയന്ത്രണമാണ് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്. എഡിജിപിക്കെതിരെയുള്ള ആരോപണങ്ങളില്‍ നിഷ്പക്ഷമായ അന്വേഷണം നടന്നില്ലെങ്കില്‍ ഹേമകമ്മറ്റി റിപ്പോര്‍ട്ട് പോലെ കാര്യങ്ങള്‍ കോടതിയിലേക്ക് നീങ്ങുമെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടല്‍.