ബലാത്സംഗ കേസിൽ കൊല്ലം എം.എൽ.എ മുകേഷിന് മുൻകൂർ ജാമ്യം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ആലുവ സ്വദേശിയായ നടിയുടെ പരാതിയിലെടുത്ത കേസിൽ മുകേഷിനും, ഇടവേള ബാബുവിനും ജാമ്യം അനുവദിച്ചത്. വൈകിയാണെങ്കിലും സത്യം തെളിയുമെന്നും നിയമ പോരാട്ടം തുടരുമെന്നും മുകേഷ് പ്രതികരിച്ചു.
ഒരു ലക്ഷം രൂപയുടെ രണ്ട് ആൾ ജാമ്യം, അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഹാജരാകണം, കേരളം വിട്ട് പുറത്തു പോകരുത്, അന്വേഷണവുമായി സഹകരിക്കണം തുടങ്ങിയ ഉപാധികളുടെയാണ് മുകേഷിനും, ഇടവേള ബാബുവിനും മുൻകൂർ ജാമ്യം അനുവദിച്ചത്. രാത്രി എട്ടുമണിക്ക് ശേഷമാണ് ഇരുവർക്കും മുൻകൂർ ജാമ്യം അനുവദിച്ചുള്ള ഉത്തരവ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പുറപ്പെടുവിച്ചത്. എംഎൽഎയായ മുകേഷ് നിയമത്തിന്റെ കൈകളിൽ നിന്നും ഒളിച്ചോടാൻ സാധ്യതയില്ലെന്നും, മുൻകൂർ ജാമ്യം അന്വേഷണത്തിന് തടസമല്ലെന്നും കോടതി വിലയിരുത്തി.
പ്രത്യേക അന്വേഷണസംഘത്തിന് പരാതിക്കാരി ആദ്യം നൽകിയ മൊഴിയിൽ ബലാത്സംഗത്തെ കുറിച്ച് പറയുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പരാതിക്കാരി മുകേഷിൽ നിന്നും 2022ൽ പണം ആവശ്യപ്പെട്ടതിന് രേഖയുണ്ട്. 2010ൽ ബലാത്സംഗം നടന്നിരുന്നെങ്കിൽ ഇത്തരത്തിൽ പണം ആവശ്യപ്പെടില്ലായിരുന്നു. നിയമ ബിരുദധാരിയായ പരാതിക്കാരിക്ക് പൊലീസിന് എങ്ങനെ മൊഴി നൽകണമെന്ന് അറിയാമെന്നും ഉത്തരവിൽ പറയുന്നു. സത്യം തെളിയുമെന്ന് മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ എം.മുകേഷ് എംഎൽഎ ഫേസ്ബുക്കിൽ പ്രതികരിച്ചു. 'സത്യം ചെരുപ്പിട്ട് വരുമ്പോഴേക്കും കള്ളം ലോകം ചുറ്റി കഴിഞ്ഞിരിക്കുമെന്നും നിയമ പോരാട്ടം തുടരുമെന്നും മുകേഷ് ഫേസ്ബുക്കിൽ കുറിച്ചു.