പി.വി അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളിൽ ഉൾപ്പെട്ട എസ്പി സുജിത്ത് ദാസിനെ സംരക്ഷണ നീക്കത്തിനൊടുവിൽ കൈവിട്ട് സർക്കാർ. വിമർശനം കടുത്തതോടെ സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി. ആരോപണങ്ങൾ ചർച്ചചെയ്യാൻ നാളെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചേരുന്നതിനു മുമ്പാണ് സസ്പെൻഷൻ. ഒന്നാം വിക്കറ്റ് തെറിച്ചതായി പി വി അൻവർ ഫേസ്ബുക്കിൽ കുറിച്ചു.
പൊലീസിനെ ഒന്നടങ്കം നാണം കെടുത്തിയ ഈ ഫോൺവിളി പുറത്തുവന്നിട്ട് ഏഴ് ദിവസം തികയുമ്പോഴാണ് നടപടിക്ക് സർക്കാരിന് സമയം കിട്ടിയത്. മലപ്പുറം എസ്പി ക്യാമ്പ് ഓഫീസിൽ നിന്ന് മരം മുറിച്ചു ഫർണിച്ചർ ഉണ്ടാക്കിയെന്ന് കേസിൽ നിന്ന് രക്ഷിക്കാൻ ആയിരുന്നു മലപ്പുറം എസ്പി ആയിരുന്ന സുജിത്ത് ദാസ് പി വി അൻവറിനോട് കെഞ്ചിയത്. ഈ സംഭാഷണത്തിൽ സർവീസ് ചട്ടലംഘനം അടക്കം ഗുരുതര വീഴ്ചകൾ ചൂണ്ടിക്കാട്ടി ഞായറാഴ്ച വൈകിട്ട് തന്നെ തിരുവനന്തപുരം റെയിഞ്ച് ഡിഐജി അജിതാബീഗം സർക്കാരിന് റിപ്പോർട്ട് നൽകിയതാണ്. എന്നിട്ടും സ്ഥലംമാറ്റത്തിൽ നടപടി ഒതുക്കി സംരക്ഷിക്കാൻ ആയിരുന്നു മുഖ്യമന്ത്രിയുടെ തീരുമാനം.
സുജിത് ദാസിനെതിരെ നടപടിയെടുത്താൽ സമാന ആരോപണം നേരിടുന്ന എഡിജിപി എം. ആർ.അജിത് കുമാറിനും പൊളിറ്റിക്കൽ സെക്രട്ടറി പി. ശരിക്കുമെതിരെ നടപടിയെടുക്കേണ്ടിവരുമെന്ന പേടിയായിരുന്നു മുഖ്യമന്ത്രിയുടെ നീക്കത്തിന് പിന്നിൽ എന്ന് വിലയിരുത്തുന്നു. ഇതിനെതിരെ പാർട്ടിക്കുള്ളിലും പ്രതിപക്ഷത്തും വിമർശനം കടുത്തതോടെയാണ് സസ്പെൻഡ് ചെയ്യേണ്ടി വന്നത്. മാത്രവുമല്ല പി ശശിക്കും എ ഡി ജി പിക്കും എതിരെ അൻവർ നൽകിയ പരാതി നാളെ രാവിലെ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പരിഗണിക്കാനിരിക്കുകയാണ്.
അവിടെ ഉയരുന്ന വിമർശനങ്ങളെ പ്രതിരോധിക്കാനുള്ള വടിയായിട്ട് കൂടിയാണ് സുജിത് ദാസിന്റെ രാത്രിയിലെ സസ്പെൻഷനെ വിലയിരുത്തുന്നത്. എന്നാൽ അൻവർ നൽകിയ പരാതിയിലെ കുറ്റങ്ങൾ ശരിവെച്ചത് കൊണ്ടല്ലെന്നും വിവാദ ഫോൺവിളിയുടെ പേരിലാണ് സസ്പെൻഷൻ എന്നുമാണ് ഔദ്യോഗിക വിശദീകരണം. ഒരു പുഴുക്കുത്ത് പുറത്തേക്ക് എന്നെഴുതി വിക്കറ്റ് തെറിക്കുന്ന ഫോട്ടോ ഇട്ടാണ് അൻവർ സന്തോഷം പങ്കുവെച്ചത്. സിപിഎം സൈബർ പോരാളികളുടെ വൻപിന്തുണയാണ് ആ പോസ്റ്റിന് ലഭിക്കുന്നത്.