എഡിജിപി എം.ആര്‍.അജിത് കുമാറിനെതിരെ ആദ്യഘട്ടത്തിൽ രഹസ്യാന്വേഷണം നടത്താൻ ഡിജിപിയുടെ നേതൃത്വത്തിലെ സംഘത്തിന്റെ തീരുമാനം. മാധ്യമങ്ങളിലൂടെ പി.വി അൻവർ ഉയർത്തിയ ആക്ഷേപങ്ങളും അന്വേഷിക്കും. അൻവറിൽ നിന്നും മൊഴിയെടുക്കുന്നത് ആദ്യഘട്ട അന്വേഷണത്തിനു ശേഷം മാത്രം മതിയെന്നും തീരുമാനിച്ചു. അതേസമയം പോലീസ് ആസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത എസിപി സുജിത്ത്ദാസിനെ ഉടൻ പുതിയ നിയമനം നൽകില്ല.
എഡിജിപി ക്കെതിരായ അന്വേഷണത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുന്നതായി ഡിജിപി അന്വേഷണ സംഘാംഗങ്ങളുടെ ആദ്യ യോഗത്തിൽ പ്രഖ്യാപിച്ചു. എഡിജിപിയുടെ കീഴുദ്യോഗസ്ഥരെ ഉൾപ്പെടുത്തിയുള്ള അന്വേഷണം പ്രഹസനമെന്ന് ആക്ഷേപത്തെ പ്രതിരോധിക്കാനാണ് ഷെയ്ക്ക് ദർബേഷ് സാഹിബിന്റെ തീരുമാനം. അൻവർ നൽകിയ പരാതിയിലും പിന്നീട് മാധ്യമങ്ങളിലൂടെയും ഉന്നയിച്ച ആക്ഷേപങ്ങളെല്ലാം ഡിജിപി അക്കമിട്ട് തയ്യാറാക്കി അന്വേഷണ സംഘാംഗങ്ങൾക്ക് കൈമാറി.ഓരോ ആക്ഷേപത്തെക്കുറിച്ചും രഹസ്യമായി പരമാവധി വിവരങ്ങൾ എത്രയും വേഗം ശേഖരിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.കിട്ടുന്ന വിവരങ്ങൾ ഉടൻതന്നെ ഡിജിപി അറിയിക്കണമെന്നും നിർദ്ദേശമുണ്ട്. ആദ്യഘട്ടത്തിലെ ഈ രഹസ്യാന്വേഷണം കഴിഞ്ഞ ശേഷമായിരിക്കും തുടർനടപടികൾ നിശ്ചയിക്കുക.
കേസെടുക്കാതെയുള്ള പ്രാഥമിക അന്വേഷണമാണ് നടത്തുന്നത്.ആദ്യഘട്ടത്തിനു ശേഷം പി വി അൻവറുടെ മൊഴിയെടുത്ത് കൂടുതൽ വിവരങ്ങൾ ശേഖരിക്കും.അൻവർ ചൂണ്ടിക്കാട്ടുന്നവർ അടക്കം മറ്റു സാക്ഷികളെയും കാണും. അൻവർ ഉന്നയിച്ച ആക്ഷേപങ്ങൾക്കൊന്നും തെളിവ് ലഭിച്ചില്ലെങ്കിൽ മാത്രം എഡിജിപി എംആർ അജിത് കുമാർ നൽകിയ പരാതിയെ കുറിച്ച് അന്വേഷിച്ചു തുടങ്ങാനാണ് തീരുമാനം. അൻവറിന്റെ ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചന എന്നതാണ് അജിത് കുമാറിന്റെ പരാതി. അജിത് കുമാറിന്റെ മൊഴി എടുക്കുന്നതിനെ കുറിച്ച് അന്വേഷണസംഘം ആലോചിച്ചിട്ടില്ല.
അതേസമയം അൻവറുമായുള്ള വിവാദ ഫോൺവിളിയെ തുടർന്ന് പത്തനംതിട്ടയിൽ നിന്ന് മാറ്റിയ എസ് പി സുജിത്ദാസ് ഇന്നലെ പോലീസ് ആസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു.എന്നാൽ പകരം നിയമനം നൽകിയിട്ടില്ല. സുജിത് ദാസിന് എതിരായ പ്രധാന ആരോപണമായ മലപ്പുറം എസ്പി ക്യാംപ് ഓഫീസിലെ മരം മുറിയിൽ അടക്കം അന്വേഷണം പൂർത്തിയായ ശേഷമേ പുതിയ നിയമനം നൽകൂ.