രേവതി വര്‍മ

മലയാളത്തില്‍ ആദ്യമായി സിനിമ സംവിധാനം ചെയ്യാനെത്തിയപ്പോള്‍ പ്രമുഖ പരസ്യ ചിത്ര സംവിധായിക രേവതി വര്‍മ നേരിട്ടത് ദുരനുഭവങ്ങളാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍ സ്ത്രീ സംവിധായിക എന്ന നിലയില്‍ താന്‍ നേരിട്ട കടുത്ത വിവേചനം രേവതി മനോരമ ന്യൂസിനോട് പങ്കുവച്ചു. നടന്‍ ലാല്‍ ഉള്‍പ്പെടെ തന്നോട് മോശമായി പെരുമാറിയെന്ന് രേവതി. സിനിമയിലെ ആഭ്യന്തര പരാതി പരിഹാര സംവിധാനത്തില്‍ വിശ്വാസമില്ലെന്നും രേവതി വ്യക്തമാക്കി.

ഞാന്‍ ആക്ഷന്‍ എന്ന് പറയുമ്പോള്‍ അഭിനയിക്കുക. ഞാന്‍ കട്ട് എന്ന് പറയുമ്പോള്‍ അഭിനയം നിര്‍ത്തി പോയി ഇരിക്കുക. ഞാന്‍ പറയുന്നതുപോലെ അഭിനയിക്കേണ്ടിവരുക. ഒരു പ്രധാന നടന്‍ പറഞ്ഞത് കക്കൂസ് പാട്ട കോരാന്‍ പോകുന്നതാണ് ഇതിലും ഭേദം എന്നാണ്. അതൊക്കെ കേള്‍ക്കുമ്പോള്‍ നമുക്കുണ്ടാകുന്ന വേദനയുണ്ടല്ലോ. എന്‍റെ ബിപിയൊക്കെ കയറി ബോധം കെട്ടുവീണിട്ടുണ്ട്.

ദേശീയതലത്തില്‍ ശ്രദ്ധേയായ പരസ്യചിത്ര സംവിധായിക രേവതി വര്‍മ മലയാളത്തില്‍ 2013ല്‍ മാഡ് ഡാഡ് എന്ന ചിത്രം സംവിധാനം ചെയ്തപ്പോള്‍ നേരിടേണ്ടിവന്നത് കടുത്ത ദുരനുഭവങ്ങളാണ്. സ്ത്രീ സംവിധാനം ചെയ്യുന്നത് അംഗീകരിക്കാനോ, സഹകരിക്കാനോ അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരും തയ്യാറായില്ല. മുഖ്യവേഷം ചെയ്ത ലാലില്‍ നിന്ന് അടക്കം വലിയ വിവേചനം നേരിട്ടു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ  ആരോപണ വിധേയരുടെ പേരുകള്‍ പുറത്തുവിടാത്തത് അതിജീവിതകളോടുള്ള അനീതിയാണെന്ന് രേവതി പറയുന്നു. മുഖ്യമന്ത്രിയുടെ വാക്കു വിശ്വസിച്ചാണ് അതിജീവിതകള്‍ കമ്മിറ്റി മുന്‍പാകെ മൊഴി നല്‍കിയത്.

സിനിമയിലെ ആഭ്യന്തര പരാതി പരിഹാര സംവിധാനത്തില്‍ വിശ്വാസമില്ലെന്ന് രേവതി വര്‍മ. െഎസിസിയില്‍ എനിക്ക് വിശ്വാസമില്ല. ഒരു കുടുംബത്തിലെ ആളുകള്‍ പരാതി കേള്‍ക്കുന്നത് പോലെയാണ്. അതില്‍ പറയുന്ന പരാതികള്‍ ഒത്തു തീര്‍പ്പാക്കുകയാണ് ചെയ്യുക. സിനിമാ മേഖലയുമായി ബന്ധപ്പെട്ട പരാതികള്‍ പരിഗണിക്കാന്‍ ജുഡീഷ്യറിയും പൊലീസും ഉള്‍പ്പെടുന്ന സംവിധാനം വേണമെന്നും രേവതി വര്‍മ അഭിപ്രായപ്പെട്ടു.

ENGLISH SUMMARY:

Faced bad experience in malayalam movie , says director Revathy Varmha