ഇന്ന് അത്തം. അത്തം പിറന്നാല്‍ പ്രകൃതിയിലുമുണ്ട് മാറ്റം. പൂക്കള്‍ നിറഞ്ഞ വയല്‍വരമ്പ്. പൂവിറുക്കാനെത്തുന്ന കുട്ടിക്കൂട്ടം. തുമ്പയും തെച്ചിയും മുക്കൂറ്റിയുമെല്ലാം തൊടികളില്‍ നിറഞ്ഞേറുന്നു. പണ്ടൊക്കെയല്ലേ ഓണം ഇപ്പോഴെന്തെന്ന് പരിതപിക്കുന്നവരോട് കാലമെത്ര മാറിയാലും ഓണത്തിന്റെ മാറ്റ് കുറഞ്ഞിട്ടില്ലെന്ന് പ്രകൃതി ഓര്‍മപ്പെടുത്തുകയാണ്.
ഉള്‍വിരിവറിയാന്‍ ഉഴുതുമാറുന്ന മണ്ണിന്‍കണം. മഴയറിഞ്ഞ് മുളപൊട്ടുന്ന മാന്തളിര് പോലെ വയലേലകളില്‍ കണ്ണെത്താ ദൂരത്തോളം പൂക്കളാല്‍ സമ്പന്നം. പൂനുള്ളാനെത്തുന്ന കുരുന്നുകള്‍. വള്ളുവനാടന്‍ മണ്ണില്‍ വസന്തം തീര്‍ക്കുന്ന പ്രകൃതിക്കൊപ്പം. ഇവര്‍ക്കറിയാം മണ്ണ് സമ്മാനിക്കുന്ന വിഭവങ്ങളുെട നൈര്‍മല്യം. അത്തം പിറക്കുമ്പോള്‍ അന്തിക്ക് പോലും ചന്തമേറും പോലെ. മുക്കുറ്റിയും, മന്താരവും, തെറ്റിയും, നാലുമണിപ്പൂക്കളുമെല്ലാം തൊടിയിലേറെയുണ്ട്.
കാരണവന്മാരുടെ കാര്‍ക്കശ്യം നിറയുന്ന തറവാട്. ചാണകം മെഴുകി കളംനിറച്ച് ഇനിയുള്ള പത്ത് നാള്‍ ഈമുറ്റത്ത് കുട്ടികളുടെ കലപില നിറയും. ആസ്വദിച്ചും പ്രോല്‍സാഹിപ്പിച്ചും നിരവധി ഓണമുണ്ടവര്‍. കള്ളവും ചതിയുമില്ലാത്ത മലയാള മണ്ണിന്റെ മുഖശ്രീയാണ് അത്തവും പത്തോണ പെരുമയും. നാടും നാട്ടാരും എത്ര മാറിയാലും ഓണം മലയാളിയുടെ ഗൃഹാതുരത്വത്തിന്റെ അടയാളമാണ്. പ്രകൃതിയും അതിനൊപ്പം ചന്തം കൂട്ടുന്നുവെന്നതാണ് ഓണക്കാലം ഓര്‍മപ്പെടുത്തലിന്റെ നാളുകളാവുന്നത്.