തനിക്കും ഡിവൈഎസ്പി എം.വി.ബെന്നിക്കുമെതിരെ ഉയര്‍ന്ന ലൈംഗിക പീഡന പരാതി മനപൂര്‍വം കെട്ടിച്ചമച്ചതെന്ന് കോട്ടയ്ക്കല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.വിനോദ്. വ്യാജ പരാതികള്‍ നല്‍കിയ ആളുകളില്‍ നിന്ന് പണം തട്ടുന്നയാളാണ് പരാതി നല്‍കിയ സ്ത്രീ. 2022ല്‍ അവര്‍ ഒരു ഓട്ടോറിക്ഷ ഡ്രൈവര്‍ക്കെതിരെ നല്‍കിയ പരാതി ഒത്തുതീര്‍ക്കാന്‍ അനുവദിക്കാതെ കേസെടുത്തതിന്റെ പേരിലാണ് ആദ്യം തനിക്കെതിരെ തിരിഞ്ഞത്. അന്ന് അവര്‍ ഡിവൈഎസ്പിക്കും എസ്പി സുജിത് ദാസിനും നല്‍കിയ പരാതികള്‍ വിശദമായി അന്വേഷിച്ച് കളവാണെന്ന് കണ്ട് തീര്‍പ്പാക്കിയതാണ്. മുട്ടില്‍ മരംമുറിക്കേസ് സത്യസന്ധമായി അന്വേഷിച്ച ഡിവൈഎസ്പി എം.വി.ബെന്നിയെ കുടുക്കാനാണ് വീണ്ടും വ്യാജപരാതിയുമായി ഇതേ സ്ത്രീയെ ചിലര്‍ രംഗത്തിറക്കിയതെന്ന് കരുതുന്നുവെന്നും സി.ഐ. വിനോദ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സി.ഐ. വിനോദിന്റെ വാക്കുകളുടെ പൂര്‍ണരൂപം:
നമസ്കാരം! ഞാന്‍ കോട്ടയ്ക്കല്‍ സിഐ ആണ്, പേര് വിനോദ് വെലിയാട്ടൂര്‍. ഇന്ന് ചില ചാനലുകളില്‍ വന്ന വാര്‍ത്തയെക്കുറിച്ച് ഒരു ഓഫിസര്‍ എന്നതിലുപരി ഒരു മനുഷ്യന്‍ എന്ന നിലയില്‍ സംസാരിക്കാനാണ് ഞാന്‍ വന്നിരിക്കുന്നത്. ആദ്യമായി എന്റെ നിരപരാധിത്വം നിങ്ങളോട് ഞാന്‍ ഉറപ്പിച്ചുപറയുകയാണ്. അന്നുണ്ടായ സംഭവങ്ങള്‍ ഞാന്‍ ഓര്‍ത്തുപറയാം. 2022ല്‍, അന്ന് ഞാന്‍ പൊന്നാനിയില്‍ ഇന്‍സ്പെക്ടര്‍ ഓഫ് പൊലീസ് ആയിരുന്നു. തിരൂര്‍ ഡിവൈഎസ്പി ബെന്നി സാറാണ് അന്ന് എന്റെ ഡിവൈഎസ്പി. ഞാന്‍ പൊന്നാനിയില്‍ ജോയിന്‍ ചെയ്ത് അധികം വൈകാതെ എന്റെ മുന്‍കാല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ സമ്മാനിച്ചിരുന്നു. പൊതുവേ കേസുകള്‍ എന്നതിലുപരി ജനങ്ങളുടെ പ്രശ്നങ്ങളില്‍ ഇടപെടുകയും അതോടൊപ്പം പൊതുവേദികളില്‍ സംസാരിക്കുകയും ഒക്കെ ചെയ്യുന്ന ആളാണ് ഞാന്‍.
2022ല്‍ സിഐ ആയിരിക്കെ, ഒരുദിവസം രാത്രി ഏഴരയോടെ സ്റ്റേഷനില്‍ ഒരു പരാതി ലഭിച്ചു. ഏകദേശം 50 വയസുള്ള ഒരു സ്ത്രീ താന്‍ ദന്താശുപത്രിയിലോ ജ്വല്ലറിയിലോ മറ്റോ പോയി തിരിച്ചുവരുമ്പോള്‍ പൊന്നാനി ടൗണില്‍ വച്ച് ഓട്ടോറിക്ഷയില്‍ കയറി. ആ ഓട്ടോറിക്ഷ ഡ്രൈവര്‍ തന്നോട് മോശമായി പെരുമാറി എന്നായിരുന്നു പരാതി. ‘നീ കൂടെ വരുമോ’ എന്ന് ചോദിച്ചു. അതുകഴിഞ്ഞ് മാനഹാനി വരുത്തുന്ന രീതിയില്‍ ശരീരത്തില്‍ പിടിച്ചു എന്നൊക്കെയാണ് പരാതി. സ്റ്റേഷനില്‍ വരുന്ന പരാതികള്‍ ആദ്യം പി.ആര്‍.ഒയുടെ അടുത്താണ് ചെല്ലുക. അന്ന് കൃഷ്ണലാലാണ് അവിടെ എസ്.ഐ. പരാതി കിട്ടി കുറച്ചുകഴിഞ്ഞ് പി.ആര്‍.ഒ എന്റെയടുത്തുവന്നു. ‘സര്‍, ഇങ്ങനെ ഒരു പരാതി ലഭിച്ചിട്ടുണ്ട്’ എന്നുപറഞ്ഞു. ഞാന്‍ വേഗം തന്നെ ഓട്ടോറിക്ഷയും പ്രതിയെയും കണ്ടെത്തണമെന്നുപറഞ്ഞ് പൊലീസിനെ വിട്ടു. ഓട്ടോറിക്ഷ രാത്രിയില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല, അന്വേഷിക്കാമെന്ന് തിരച്ചിലിനുപോയ പൊലീസുകാര്‍ പറഞ്ഞു. അപ്പോള്‍ മറ്റുചില പൊലീസുകാര്‍ എന്നോടുപറഞ്ഞു, സാര്‍ ശ്രദ്ധിച്ച് കേസ് എടുത്താല്‍ മതി, കാരണം ഈ സ്ത്രീ പലര്‍ക്കുമെതിരെ വ്യാജ പരാതികള്‍ കൊടുത്തശേഷം പിന്നീട് പുറത്തുവച്ച് കോംപ്രമൈസ് ചെയ്ത് പണം തട്ടുന്നയാളാണ്. ഓകെ, നമുക്ക് വിശദമായി അന്വേഷിക്കാം എന്ന് ഞാന്‍ പറഞ്ഞു.
രാത്രി ഏകദേശം 10 മണിയായപ്പോള്‍ വളരെ വിശ്വസ്തനായ ഒരാള്‍ എന്നെ ഫോണില്‍ വിളിച്ചു. ‘സാര്‍ ഒരു കാര്യം മനസിലാക്കണം. സ്റ്റേഷനില്‍ ചില ആളുകള്‍ പരാതിയുമായി വരുമ്പോള്‍ ചില ഉദ്യോഗസ്ഥര്‍ കേസെടുക്കാതെ പുറത്തുനിന്ന് കോംപ്രമൈസ് ആക്കും. എന്നിട്ട് എന്തെങ്കിലും ഒരു തുക ആ സ്ത്രീയ്ക്ക് വാങ്ങിക്കൊടുത്ത് ബാക്കി പണം ഉദ്യോഗസ്ഥര്‍ വാങ്ങുന്ന പ്രവണതയുണ്ട്’. അന്ന് പൊന്നാനി എസ്.ഐ. ഇപ്പോള്‍ താനൂര്‍ കേസില്‍ സസ്പെന്‍ഷനിലായ കൃഷ്ണലാല്‍ ആയിരുന്നു. ഈ സ്ത്രീ കൃഷ്ണലാലിന്റെ അടുത്താണ് പരാതിയുമായി വന്നത്. ‘എസ്.ഐ പുറത്തുനിന്ന് അവരോട് സംസാരിക്കുന്നുണ്ട്. അതില്‍ ഒരു തുക കോംപ്രമൈസ് ആയിട്ടുണ്ട്. അതില്‍ കുറേ എസ്ഐയ്ക്കും കിട്ടും. സാര്‍ ഇത് അനുവദിക്കരുത്. ഇങ്ങനെ പരാതി വന്നാല്‍ ഏത് പ്രവര്‍ത്തകനായാലും കേസെടുക്കണം. ജയിലില്‍ അടയ്ക്കണം. വണ്ടി പിടിച്ചെടുക്കണം, അതാണ് വേണ്ടത്. അല്ലാതെ കോംപ്രമൈസ് പാടില്ല...’ എന്നുപറഞ്ഞു. ഞാന്‍ പറഞ്ഞു, നിങ്ങള്‍ വിവരം തന്നതിന് നന്ദി. (കാരണം ഒരു സിഐയുടെ ഫോണിലേക്ക് രഹസ്യവിവരം എന്നുപറഞ്ഞ് പലരും വിവരങ്ങള്‍ പറയും.) ഞാന്‍ കൃത്യമായി നടപടിയെടുക്കാം’.
രാവിലെ ഞാന്‍ സ്റ്റേഷനില്‍ ചെന്നയുടന്‍ ആ പരാതി എടുത്തു. ഇതില്‍ അധികം സംസാരം വേണ്ട, വേഗം എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്യൂ എന്നുപറഞ്ഞു. ഓട്ടോറിക്ഷക്കാരനെതിരെ കേസെടുത്തു. ഇതെല്ലാം രേഖകളിലുണ്ട്. രണ്ട് പൊലീസുകാരെ മഫ്റ്റിയില്‍ വിട്ട് പ്രതിയെ പിടിച്ച് പൊലീസ് സ്റ്റേഷനില്‍ കൊണ്ടുവന്ന് അറസ്റ്റ് രേഖപ്പെടുത്തി. അവനെ റിമാന്‍ഡ് ചെയ്തു. ഓട്ടോറിക്ഷ കൊണ്ടുവന്നു. അത് മഹസര്‍ പ്രകാരം പിടിച്ചെടുത്ത് കോടതിക്ക് കൈമാറി. പത്തരയായപ്പോള്‍ ആ സ്ത്രീ ദേഷ്യംപിടിച്ച് വന്നു. ‘നിങ്ങള്‍ കാരണം എനിക്ക് കിട്ടേണ്ട പണമൊക്കെ നഷ്ടപ്പെടുകയാണ്. എന്തിനാണ് കേസിന്റെ ആവശ്യം? എനിക്ക് ചര്‍ച്ച മതിയല്ലോ’ എന്നുപറഞ്ഞു. ഞാന്‍ പറഞ്ഞു, ‘ചര്‍ച്ച എന്നൊരു സംഭവമില്ല. നിയമപരമായ പരാതി കിട്ടിയാല്‍ കേസെടുക്കുകയാണ് വേണ്ടത്. മറ്റെന്തെങ്കിലും ഉണ്ടെങ്കില്‍ വനിതാ ഡസ്കില്‍ ഇരിക്കുന്ന പൊലീസുകാരോട് സംസാരിക്കൂ’.
പിന്നീടാണ് അറിയുന്നത് ഇവര്‍ കൃഷ്ണലാലിന്റെ വീട്ടില്‍ അടുക്കളപ്പണിക്കൊക്കെ സഹായിച്ചിരുന്ന സ്ത്രീയാണെന്ന്. ഞാന്‍ എന്റെ കീഴിലുള്ള ഓഫിസര്‍മാര്‍ വ്യക്തിപരമായി പെരുമാറുന്നത് എങ്ങനെയാണെന്ന് കൂടുതല്‍ അന്വേഷിച്ച് പോകാത്തയാളാണ്. അതുകൊണ്ടുതന്നെ അതേപ്പറ്റി കൂടുതല്‍ അന്വേഷിച്ചില്ല. പിന്നീട് ചില വിഷയങ്ങളെത്തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി ഇടപെട്ട് എസ്.ഐ. കൃഷ്ണലാലിനെ പൊന്നാനി സ്റ്റേഷനില്‍ നിന്ന് സ്ഥലംമാറ്റി. അദ്ദേഹത്തിനെതിരെ വന്ന ചില പരാതികളെയുടെയും ഞാന്‍ കൊടുത്ത ചില റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തിലുമായിരുന്നു ട്രാന്‍സ്ഫര്‍.
അങ്ങനെയിരിക്കെയാണ് ഒരുദിവസം ബെന്നി സാര്‍ (DYSP എം.വി.ബെന്നി) സ്റ്റേഷനില്‍ വരുന്നത്. ‘വിനോദിനെതിരെ പരാതി ലഭിച്ചിട്ടുണ്ട്. നിങ്ങള്‍ ഈ സ്ത്രീയുടെ വീട്ടില്‍ പോയിരുന്നോ? നിങ്ങളുമായി ഈ സ്ത്രീയ്ക്ക് സമ്പര്‍ക്കമുണ്ടോ’ എന്ന് ചോദിച്ചു. ‘ഏതുസ്ത്രീ’ എന്ന് ഞാന്‍ ചോദിച്ചു. ഈ പരാതി നല്‍കിയ സ്ത്രീയാണ് എന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ പറഞ്ഞു, ‘സാര്‍ എന്റെ കോള്‍ ഡീറ്റെയില്‍സ് എല്ലാം പരിശോധിക്കണം. എന്റെ ലൊക്കേഷന്‍ നോക്കാം, കണ്ട ആളുകളുണ്ടെങ്കില്‍ അവരെ ചോദ്യംചെയ്യണം’. കേരള പൊലീസിലെ ഏറ്റവും ഇന്‍റഗ്രിറ്റിയുള്ള ഒരു ഉദ്യോഗസ്ഥനാണ് ബെന്നി സാര്‍. അദ്ദേഹത്തിന്റെ അന്വേഷണത്തില്‍ യാതൊരു പിഴവും വരാറില്ല. അത്രയും നല്ല ഉദ്യോഗസ്ഥനാണ്. അദ്ദേഹം എന്റെ പ്രൈവറ്റ് നമ്പറുകളുടെ അടക്കം കോള്‍ ഡീറ്റെയില്‍സ് എടുത്തു. ഇവര്‍ ആരോപിച്ച സമയത്ത് എന്റെ ലൊക്കേഷന്‍ നോക്കി. ഞാന്‍ ഇതുവരെ ആ സ്ത്രീയെ സ്റ്റേഷന് പുറത്തുവച്ച് കാണുകയോ വിളിക്കുകയോ ചെയ്തിട്ടില്ല എന്ന് നാലഞ്ചുദിവസത്തിനുശേഷം സാര്‍ വളരെ വ്യക്തമായി കണ്ടെത്തി. ഒരു സിംഗിള്‍ കോള്‍ പോലും എന്റെ നമ്പറില്‍ നിന്ന് അവര്‍ക്ക് പോയിട്ടില്ല. ഒരു പരാതിക്കുപോലും ഞാന്‍ അവരെ വിളിച്ചിട്ടില്ല എന്ന് സാറിന് മനസിലായി. അദ്ദേഹം ആ പരാതി ക്ലോസ് ചെയ്ത് ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കി.
തുടര്‍ന്ന് ഈ സ്ത്രീ വേറെ ആരെയൊക്കെയോ കൂട്ടി ജില്ലാ പൊലീസ് മേധാവിയായ സുജിത് ദാസ് സാറിനെ പോയി കണ്ടു. ഇത്തരം പരാതികളില്‍ സുജിത് ദാസ് സാര്‍ വളരെ കര്‍ശനമായാണ് ഇടപെട്ടിരുന്നതെന്ന് എല്ലാവര്‍ക്കും അറിയാം. അങ്ങനെയിരിക്കേ അദ്ദേഹം ഈ പരാതി ബെന്നി സാറിനെ മാറ്റിനിര്‍ത്തി സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പിയെക്കൊണ്ട് അന്വേഷിപ്പിച്ചു. അന്നത്തെ സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി പ്രഗല്‍ഭനായ ബിജുസാറാണ്. അദ്ദേഹം തന്റെ എല്ലാ സോഴ്സുകളും ഉപയോഗിച്ച് എന്റെ എല്ലാ നമ്പറുകളും വെരിഫൈ ചെയ്ത് വോയിസ് കോള്‍ ഡീറ്റെയില്‍സും വാട്സാപ് കോള്‍ ഡീറ്റെയില്‍സും എടുത്തു. ലൊക്കേഷന്‍സ് നോക്കി. പിന്നീട് എന്നെ വിളിച്ചുവരുത്തി സ്റ്റേറ്റ്മെന്റ് എടുത്തു. ഈ സ്ത്രീ മുന്‍പ് പലര്‍ക്കുമെതിരെ പരാതി കൊടുത്ത് പണം തട്ടിയിട്ടുണ്ടോ എന്ന് അന്വേഷിച്ചു. മുന്‍പ് ഇതേപോലുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് കൃത്യമായി മനസിലായി. ഇതെല്ലാംവച്ച് അദ്ദേഹം ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ആരോപണം പൂര്‍ണമായും വ്യാജമാണെന്ന് മനസിലാക്കി പരാതി ക്ലോസ് ചെയ്യുകയുമാണ് സുജിത് ദാസ് സാര്‍ ചെയ്തത്.
നിങ്ങള്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമുണ്ട്. മറ്റ് വകുപ്പുകള്‍ പോലെയല്ല പൊലീസ് വകുപ്പ്! ഇവിടെ ഒരു കീഴുദ്യോഗസ്ഥനെതിരെ പരാതി ലഭിച്ചാല്‍ മേലുദ്യോഗസ്ഥര്‍ രക്ഷിക്കാന്‍ ശ്രമിക്കുകയല്ല, എങ്ങനെ പരമാവധി തെളിവുകള്‍ ശേഖരിച്ച് ഇദ്ദേഹത്തിനെതിരെ നീങ്ങാം എന്നാണ് നോക്കുക. അത് ഡിപ്പാര്‍ട്ട്മെന്റ് ഫോളോ ചെയ്തുവരുന്ന രീതിയാണ്. നൂറുശതമാനം ഇന്‍റഗ്രിറ്റിയുള്ളവരായിരിക്കണം പൊലീസ് ഉദ്യോഗസ്ഥര്‍ എന്ന് നിര്‍ബന്ധമുള്ളതുകൊണ്ടാണ് അങ്ങനെ ചെയ്യുന്നത്. അതുകൊണ്ടുതന്നെ പല ലെവലില്‍ അന്വേഷിച്ചിട്ടും പരാതി വ്യാജമാണെന്നും ഈ സ്ത്രീ ഇതുപോലെ മറ്റുപലരെയും ഹണി ട്രാപ് പോലെയുള്ള കാര്യങ്ങളില്‍ ഉള്‍പ്പെടുത്തി പണംതട്ടുന്ന സംഘത്തിലെ ആളാണെന്നും പൊലീസിന് മനസിലായിട്ടുണ്ട്. അതുകൊണ്ടാണ് ഇത് വ്യാജപരാതിയായി ക്ലോസ് ചെയ്തത്.
ഞാന്‍ പിന്നീട് അതെല്ലാം വിട്ടു. അഞ്ചോ ആറോ മാസത്തിനുശേഷം ആ സ്ത്രീ മറ്റൊരു പരാതിയുമായി സ്റ്റേഷനില്‍ കയറിവന്നു. ഞാന്‍ പി.ആര്‍.ഒയെ വിളിച്ചുപറഞ്ഞു, ‘ഈ സ്ത്രീയെ സൂക്ഷിക്കണം. ഇവര്‍ എന്തുപരാതി തന്നാലും നിങ്ങള്‍ സ്വീകരിക്കുക. ഉടന്‍ തന്നെ എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്യുക. അല്ലാതെ എതിര്‍കക്ഷിയെ വിളിച്ച് സംസാരിച്ച് കോംപ്രമൈസ് ചെയ്യുന്ന പരിപാടി ഈ സ്റ്റേഷനില്‍ വേണ്ട. ആ പരാതിയിലും കേസെടുത്തു എന്നാണ് എനിക്ക് തോന്നുന്നത്. രണ്ടുകൊല്ലം മുന്‍പ് നടന്നതായതുകൊണ്ട് പൂര്‍ണമായി ഓര്‍ക്കുന്നില്ല. പിന്നീട് അത്തരം കാര്യങ്ങളും കോംപ്രമൈസും ഒന്നും സ്റ്റേഷനില്‍ നടക്കില്ല എന്ന് അവര്‍ക്ക് മനസിലായി. കൃഷ്ണലാല്‍ സ്ഥലംമാറ്റപ്പെടുകയും ചെയ്തു. പിന്നീട് ആ സ്ത്രീ വന്നിട്ടേയില്ല. ഞാന്‍ അതെല്ലാം മറന്നുപോയി. ഇന്നുരാവിലെയാണ് ന്യൂസ് ചാനലിലൊക്കെ ഇങ്ങനെ പഴ്സണല്‍ ആയ ഫോട്ടോയും വച്ച് എന്തോ പീഡനപരാതി എന്നൊക്കെ പറഞ്ഞ് വാര്‍ത്ത വന്നു എന്നുപറഞ്ഞ് കുടുംബാംഗങ്ങളും മറ്റും വിളിക്കുന്നത്.
ഞാന്‍ ഒരു കാര്യം ചോദിക്കട്ടെ. നമ്മളെല്ലാവരും മനുഷ്യരാണ്. ഒരാളെക്കുറിച്ച് ഒരു പരാതി വന്നാല്‍ അത് സത്യസന്ധമാണോ എന്ന് അന്വേഷിച്ച്, കാമ്പുണ്ടോ എന്ന് കണ്ടെത്തിയശേഷം അപമാനപ്പെടുത്തുന്ന രീതിയില്‍ ഫോട്ടോ കൊടുക്കുക. അങ്ങനെ സത്യസന്ധമായി കൊടുക്കുകയാണെങ്കില്‍ നമുക്ക് വിശ്വസിക്കാം. ഒരുതരത്തിലുള്ള അന്വേഷണവും നടത്താതെ, ഇയാള്‍ ഇങ്ങനെ എന്തെങ്കിലും പ്രവൃത്തി ചെയ്തിട്ടുണ്ടോ, ഈ സ്ത്രീ എങ്ങനെയുള്ളവരാണ് എന്നോ ഇങ്ങനെ ഒരു പരാതി ഉണ്ടോ എന്നോ ഒന്നും മനസിലാക്കാതെ, അതിനെക്കുറിച്ച് ഒന്നും അന്വേഷിക്കാതെ നേരെ ഉദ്യോഗസ്ഥരുടെ ഫോട്ടോയൊക്കെ കാണിച്ച് ഇവരെല്ലാം വളരെ മോശക്കാരാണെന്നുപറഞ്ഞ്, പൊലീസ് സേനയെ കളങ്കപ്പെടുത്തി, ആളുകളുടെ ആത്മവിശ്വാസം ഇല്ലാതാക്കുന്ന പ്രവണത വളരെ വിഷമംപിടിച്ച ഒന്നാണ്. നമ്മളെല്ലാവരും മനുഷ്യരാണ്. എന്റെ വീട്ടില്‍ ഭാര്യയും പെണ്‍മക്കളുമെല്ലാം ഇത് കേട്ടുകൊണ്ടിരിക്കുകയാണ്. നാളെ ഏതെങ്കിലും ഒരു കേസില്‍ ഒരാള്‍ വിളിച്ചിട്ട്, ഞാന്‍ സംസാരിക്കുമ്പോള്‍ ‘എങ്ങനെ നിങ്ങളത് കൈകാര്യം ചെയ്യും’ എന്ന് ആളുകള്‍ ചോദ്യംചെയ്യുന്ന സാഹചര്യം ആണ് ഇതില്‍ സംജാതമാകുന്നത്.
ഈയൊരു വിഷമകരമായ സാഹചര്യത്തില്‍ നിന്ന് മാധ്യമങ്ങള്‍ പിന്മാറിയേ പറ്റൂ. മറ്റ് മാധ്യമങ്ങളൊന്നും അങ്ങനെ ചെയ്യുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. കാരണം മാധ്യമങ്ങളുമായി വളരെ നല്ല ബന്ധം പുലര്‍ത്തുന്നയാളാണ് ഞാന്‍. ആരെപ്പറ്റിയെങ്കിലും പരാതി പറഞ്ഞാല്‍ ഉടന്‍തന്നെ ഇയാള്‍ ഇത്തരക്കാരനാണ് എന്നുപറഞ്ഞ് ചാനലില്‍ ഉടനീളം ഫോട്ടോയും കൊടുത്ത് വ്യാജ പരാതികള്‍ വലിയ അക്ഷരത്തില്‍ എഴുതിവച്ച് സ്വന്തം വാല്യൂ കൂട്ടി മറ്റ് കുടുംബങ്ങളെ നശിപ്പിക്കുന്ന ഈ പ്രവണതയില്‍ നിന്ന് അത്തരം മാധ്യമങ്ങള്‍ പിന്മാറണം എന്നാണ് എനിക്ക് പറയാനുള്ളത്.
കേരളത്തിലെ പൊലീസ് ഏറ്റവും ഇന്‍റഗ്രിറ്റിയുള്ള പൊലീസാണ്. ഇപ്പോള്‍ സംഭവിച്ചതിനെതിരെ എന്റെ സംഘടനയുമായി ആലോചിച്ചും ബെന്നി സാറിനോടും സുജിത് ദാസ് സാറിനോടും സംസാരിച്ചും അപകീര്‍ത്തിക്കേസും സിവില്‍ കേസും ക്രിമിനല്‍ കേസും ഫയല്‍ ചെയ്യുക തന്നെ ചെയ്യും. നാളെ ഒരാള്‍ക്കും ഈയൊരു വിധി കേരളത്തില്‍ ഉണ്ടാകരുത്. എന്റെ മനസിന്റെ കരുത്തുകൊണ്ടും ഒപ്പം ജോലി ചെയ്ത പത്തോളം പൊലീസ് സ്റ്റേഷനുകളിലെ പൊലീസുകാര്‍ തന്ന സപ്പോര്‍ട്ടും സ്നേഹവും കുടുംബത്തിന്റെ പിന്തുണയും കൊണ്ടുമാത്രമാണ് എനിക്ക് ഇപ്പോള്‍ നിങ്ങള്‍ക്കുമുന്നില്‍ പിടിച്ചുനില്‍ക്കാന്‍ പറ്റിയത്.
പരാതിക്കാരിക്കെതിരെയാണോ കേസ് കൊടുക്കാന്‍ പോകുന്നത്?
നിയമവിദഗ്ധരുമായി ആലോചിക്കട്ടെ. എനിക്കെതിരെ തെറ്റായ വാര്‍ത്ത നല്‍കിയവര്‍ക്കെതിരെ – മേലുദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം – കേസുമായി മുന്നോട്ടുപോകാനാണ് തീരുമാനം.
എസ്ഐ കൃഷ്ണലാലിന് ആരോപണത്തില്‍ പങ്കുണ്ടോ?
ഈ നിമിഷം എന്റെ പക്കല്‍ അതിന് തെളിവുകളില്ല. കോള്‍ ഡീറ്റെയില്‍സ് അടക്കം നോക്കിയല്ലേ പറയാന്‍ കഴിയൂ. പക്ഷേ അങ്ങനെയൊരു സാധ്യത ഞാന്‍ കാണുന്നുണ്ട്. കാരണം ഈ സ്ത്രീ കൃഷ്ണലാലിന്റെ വീട്ടില്‍ ഭക്ഷണമുണ്ടാക്കാനും മറ്റ് ജോലികള്‍ ചെയ്യാനും നിന്നിട്ടുണ്ട് എന്നാണ് എനിക്ക് കിട്ടിയ വിവരം.
കൃഷ്ണലാല്‍ ഭാര്യയ്ക്കൊപ്പമല്ലേ താമസിച്ചിരുന്നത്?
എന്റെ പൊലീസ് ഉദ്യോഗസ്ഥരുടെ പഴ്സണല്‍ കാര്യങ്ങളില്‍ പൂര്‍ണമായി ഞാന്‍ ഇടപെടാറില്ല. എനിക്ക് കിട്ടിയ വിവരത്തെക്കുറിച്ചാണ് ഞാന്‍ പറയുന്നത്.
ഹണി ട്രാപ്പിന് ഈ സ്ത്രീയ്ക്കെതിരെ കേസെടുത്തിരുന്നോ?
രേഖാമൂലമുള്ള പരാതികളില്‍ കേസെടുക്കാതിരിക്കാന്‍ ഒരു ഉദ്യോഗസ്ഥനും സാധ്യമല്ല. രേഖാമൂലമുള്ള പരാതി ലഭിക്കാത്തതുകൊണ്ടാണ് കേസെടുക്കാത്തത്. സമൂഹത്തില്‍ ജീവിക്കുന്ന പലരും ഭയന്നും കൊണ്ടാണ്..(ഇത്തരം കാര്യങ്ങളെ നേരിടുന്നത്).
പരാതിയുടെ പിന്നില്‍ ഗൂഢാലോചനയുണ്ടോ?
ഈ പരാതിയുടെ പിന്നില്‍ ഗൂഢാലോചന ഉള്ളതായാണ് എനിക്ക് മനസിലാകുന്നത്. ഇപ്പോള്‍ കേരള പൊലീസിനെ പ്രതിസന്ധിയില്‍ നിര്‍ത്താനും ഉദ്യോഗസ്ഥന്മാരെ കരിവാരിത്തേച്ച് സര്‍ക്കാരിനെ വികലമാക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ ഗൂഢാലോചന.
മറ്റ് കേസുകള്‍ അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ സമ്മര്‍ദത്തിലാക്കി വഴിതിരിച്ചുവിടാനുള്ള ശ്രമമാണെന്ന് കരുതുന്നുണ്ടോ? മുട്ടില്‍ മരംമുറിക്കേസ് വഴിതിരിച്ചുവിടാനുള്ള ശ്രമമാണെന്ന് ഡിവൈഎസ്പി എം.വി. ബെന്നി ആരോപിക്കുന്നുണ്ട്. അങ്ങനെ കരുതുന്നുണ്ടോ?
ഞാന്‍ ഒരു കാര്യം തുറന്നുപറയാന്‍ ആഗ്രഹിക്കുന്നു. പൊലീസ് അംഗങ്ങളുടെ പഴ്സണല്‍ ചാറ്റുകളിലും മറ്റും നിന്ന് എനിക്ക് മനസിലായത് വളരെ സത്യസന്ധമായാണ് മുട്ടില്‍ മരംമുറിക്കേസ് എം.വി.ബെന്നി സാര്‍ അന്വേഷിച്ചിട്ടുള്ളത്. അദ്ദേഹം വളരെ ഇന്‍റഗ്രിറ്റിയുള്ള ഉദ്യോഗസ്ഥനാണ്. അദ്ദേഹത്തെ സമ്മര്‍ദത്തിലാക്കാനാണ് ഇത്തരം വ്യാജ ആരോപണങ്ങളെന്നാണ് എനിക്ക് പറയാനുള്ളത്.
ഈ സ്ത്രീയ്ക്കെതിരെ ഹണി ട്രാപ്പിന് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ?
രേഖാമൂലം പരാതി കിട്ടാത്തതിനാല്‍ ഹണി ട്രാപ്പിന് കേസ് റജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ല. രേഖാമൂലം പരാതി ലഭിച്ചതിലെല്ലാം കേസ് റജിസ്റ്റര്‍ ചെയ്യാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധമാണ്. പലരും സമൂഹത്തെ ഭയന്ന് പരാതി തരാത്തതുകൊണ്ടാണ് കേസ് എടുക്കാത്തത്. ഹണി ട്രാപ് എന്നത് എനിക്കുകിട്ടിയ രഹസ്യവിവരമാണ്. രഹസ്യവിവരത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യമില്ല.
ഈ പ്രശ്നം നേരിടുന്നതിന് മേലുദ്യോഗസ്ഥരുടെ പിന്തുണയുണ്ടോ?
ആരോപണത്തെക്കുറിച്ച് മേലുദ്യോഗസ്ഥര്‍ ഇപ്പോള്‍ത്തന്നെ അന്വേഷിച്ചുകഴിഞ്ഞു. പല മേലുദ്യോഗസ്ഥരും എന്നെ വിളിച്ചു. ആ കാര്യത്തില്‍ സിഐയും ഡിവൈഎസ്പിയും അന്നത്തെ എസ്പിയും കുറ്റവാളികളല്ല, സത്യസന്ധരാണ് എന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടുവെന്നുതന്നെയാണ് എനിക്ക് കിട്ടിയ വിവരം.
അന്ന് താങ്കള്‍ക്കെതിരെയാണ് ആരോപണമുന്നയിച്ചത്. അക്കാലത്ത് ഡിവൈഎസ്പിയോ എസ്പിയോ ചിത്രത്തിലുണ്ടോ?
2022ല്‍ എനിക്കെതിരെയാണ് ആ സ്ത്രീ ബെന്നി സാറിന് പരാതി നല്‍കിയത്. പിന്നീട് എനിക്കും ബെന്നിസാറിനും എതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി കൊടുത്തത് എന്നാണ് എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞത്. പരാതി ആര്‍ക്കും കൊടുക്കാം. അതില്‍ അന്വേഷണം നടത്തിമാത്രം നടപടി സ്വീകരിക്കുക എന്നതാണ് ശരി. അല്ലാതെ നിരപരാധികളെ പിടിച്ച് എന്തെങ്കിലും പറഞ്ഞ് അവരുടെ മാന്യത തകര്‍ക്കുന്ന രീതിയില്‍ വാര്‍ത്ത വന്നശേഷം, അവരുടെ ജീവിതം തകര്‍ത്തശേഷം പിന്നീട് ഖേദിച്ചിട്ട് കാര്യമില്ല.
മാസങ്ങള്‍ക്കുശേഷം അവര്‍ മറ്റൊരു പരാതി നല്‍കിയിരുന്നില്ലേ?
ഒരു സിവില്‍ പരാതിയുമായാണ് പിന്നീട് അവര്‍ വന്നത്. ആര്‍ഡിഒ കോടതിയുമായി ബന്ധപ്പെട്ട് അത് തീര്‍പ്പാക്കാന്‍ നിര്‍ദേശിച്ച് അയയ്ക്കുകയാണ് ചെയ്തത്.