TOPICS COVERED

ആലപ്പുഴയില്‍ ബ്രാഞ്ച് സമ്മേളനങ്ങള്‍ക്കിടെ പ്രവര്‍ത്തകരുടെ കൂട്ടരാജിയില്‍ കുരുങ്ങി സിപിഎം ജില്ലാ നേതൃത്വം. ജില്ലയിൽ 105 പ്രവര്‍ത്തകരാണ് ഇതുവരെ രാജിവച്ച് പുറത്തുപോയത്. പ്രാദേശിക പ്രശ്നങ്ങള്‍ മുതല്‍ സംസ്ഥാന സര്‍ക്കാരിനോടുള്ള വിയോജിപ്പ് വരെയാണ് രാജിക്ക് പിന്നിലെ കാരണങ്ങള്‍. 

സമ്മേളനക്കാലത്ത് കായംകുളം പുള്ളിക്കണക്ക് മാവേലി സ്റ്റോര്‍ ബ്രാഞ്ചിലെ പ്രവര്‍ത്തകരെ പുറത്താക്കിയതില്‍ പ്രതിഷേധിച്ചാണ് ഇന്നലെ പത്തുപേര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചത്. കായംകുളത്തിന് പുറമേ ഹരിപ്പാട്, അരൂക്കുറ്റി മേഖലകളിലാണ് പ്രവര്‍ത്തകരുടെ കൂട്ടരാജി.

ഗ്രാമസഭാ നടത്തിപ്പുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളാണ് ആലുംമൂട്, സൊസൈറ്റി ബ്രാഞ്ചുകളില്‍ തിരിച്ചടിയായത്. പ്രാദേശിക വിഭാഗിയതയെ തുടര്‍ന്ന് നടപടി നേരിട്ട പ്രവര്‍ത്തകരെ മന്ത്രി സജി ചെറിയാന്‍ ഇടപ്പെട്ട് കരക്കയറ്റിയെങ്കിലും സമ്മേളനക്കാലത്ത് ഇവര്‍ക്കെതിരെ വീണ്ടും നടപടിയെടുത്തു. ഇതില്‍ പ്രതിഷേധിച്ചാണ് 22 പ്രവര്‍ത്തകരുടെ കൂട്ടരാജി. 

ഹരിപ്പാട് കുമാരപ്പുരത്ത് പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ 36 പേരാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയത്. സിപിഎം ഭരിക്കുന്ന കുമാരപുരം സഹകരണബാങ്ക് ക്രമക്കേടില്‍ പ്രതിഷേധിച്ചായിരുന്നു കൊഴിഞ്ഞുപോക്ക്. പുതുതായി രൂപീകരിച്ച വടുതല ലോക്കല്‍ കമ്മിറ്റിയിലും പൊട്ടിത്തെറി ഉണ്ടായി. വിഭാഗിയമായി ബ്രാഞ്ച് പുനഃസംഘടന നടത്തിയെന്നാരോപണമാണ് വടുതലയില്‍ തലവേദനയായത്. സംഘടനവിരുദ്ധ നിലപാടുകള്‍ ചൂണ്ടികാണിച്ച് മാത്രമല്ല രാജി. ബിെജപിക്ക് വളരാന്‍ സാഹചര്യമൊരുക്കുന്നുവെന്നും നേതാക്കള്‍ക്കെതിരെ ആരോപണമുണ്ട്. രാജിവച്ചവര്‍ മറ്റു പാര്‍ട്ടികളുമായി ചര്‍ച്ചകള്‍ നടത്തുന്നതായാണ്  സൂചന.

ENGLISH SUMMARY:

Mass resignation in alappuzha cpm