കാണം വിറ്റും ഓണം ഉണ്ണണം എന്നാണല്ലോ. ഏതാണ്ട് അതേ അവസ്ഥയിലാണ് സംസ്ഥാന സര്‍ക്കാര്‍ ഇത്തവണ ഓണം ആഘോഷിക്കുന്നത്. സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാന പാദത്തിലെ ചെലവുകള്‍ക്കായി മാറ്റിവച്ച വായ്പയും എടുത്താണ് സര്‍ക്കാര്‍ ഓണച്ചെലവുകള്‍ നിറവേറ്റുന്നത്. ഓണം കെങ്കേമമാകുമെങ്കിലും സര്‍ക്കാരിനെ കാത്തിരിക്കുന്നത് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
നടപ്പ് സാമ്പത്തിക വര്‍ഷം സംസ്ഥാനത്തിന് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച കടപരിധി 37,512 കോടി രൂപയാണ്. 21253 കോടിയാണ് ഡിസംബര്‍ വരെ എടുക്കാവുന്നത്. ഇതില്‍ ഇനി ബാക്കിയുള്ളത് 700 കോടി മാത്രം. ഈ സാഹചര്യത്തിലാണ്, സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാന പാദത്തിലെ ഭീമമായ ചെലവുകള്‍ക്കായി മാറ്റിവച്ച 16,257 കോടിയില്‍ നിന്നും 4800 കോടി ഇപ്പോള്‍ തന്നെ വായ്പ എടുക്കുന്നത്.
ഇതിന് പുറമെ രണ്ട് മാസത്തെ ക്ഷേമ പെന്‍ഷന്‍ കൊടുക്കാന്‍ സഹകരണ ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 9 ശതമാനം പലിശയ്ക്ക് ആയിരം കോടിയും വായ്പ എടുക്കും.