തിരുവനന്തപുരം വിമാനത്താവളത്തിൽ എയര്‍ ഇന്ത്യ സാറ്റ്സ് ജീവനക്കാരുടെ സമരം പിന്‍വലിച്ചു . ശമ്പളപരിഷ്കരണം നടപ്പാക്കാന്‍ മാനേജ്‌മെന്റ് സമ്മതിച്ചതോടെയാണ് തീരുമാനം. ബോണസും ശമ്പള പരിഷ്കരണവും ആവശ്യപ്പെടുന്ന ജീവനക്കാരുമായി റീജിയണൽ ലേബർ കമ്മിഷണർ ചർച്ച നടത്തിയത്തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. ജീവനക്കാരുടെ അപ്രതീക്ഷിത സമരം സർവീസുകളും കാർഗോ നീക്കവും താളം തെറ്റിച്ചിരുന്നു. വിമാനത്തിൽ നിന്ന് വേഗത്തിൽ പുറത്തിറങ്ങാനാകാതെയും ലഗേജ് ലഭിക്കാതെയും കുട്ടികളും ഗർഭിണികളുമടക്കമുള്ള യാത്രക്കാർ കടുത്ത ദുരിതത്തിലായി.
ഇന്നലെ രാത്രി പത്തു മണിയോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ ഭൂരിഭാഗം ഗ്രൗണ്ട് ഹാൻഡലിംങ് ജോലികളും ചെയ്യുന്ന എയർ ഇന്ത്യ സാറ്റ്സ് കരാർ ജീവനക്കാർ പണിമുടക്ക് തുടങ്ങിയത്. വിമാനത്താവളത്തിൽ ഏറ്റവും കൂടുതൽ സർവീസുകൾ വന്നു പോകുന്ന പുലർച്ചെ മൂന്നു മണി മുതൽ 7വരെയുള്ള സമയത്ത് സമരം യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി. ഇതിനിടെ ബാഗ് കുത്തിത്തുറന്ന് സാധനങ്ങൾ മോഷ്ടിക്കപ്പെട്ടെന്നും ഒരു യാത്രക്കാരൻ പാതിപ്പെട്ടു.
കുവൈറ്റ്, ക്വാലാലംപൂർ , ഖത്തർ , ഷാർജ , അബുദാബി സർവീസുകൾ മണിക്കൂറുകൾ വൈകി. 4.35ന് പുറപ്പെടേണ്ടിയിരുന്ന ദുബായ് വിമാനം 7.11 നാണ് പുറപ്പെട്ടത്. വിമാനങ്ങളിൽ കയറ്റി അയയ്ക്കേണ്ട 20 ടൺ ഭക്ഷ്യവസ്തുക്കളാണ് കെട്ടിക്കിടന്നത്.