മലപ്പുറം പള്ളിപ്പുറത്ത് യുവാവിനെ കാണാതായിട്ട് മൂന്ന് ദിവസമായെന്ന് പരാതി. ഇന്ന് വിവാഹം നടക്കേണ്ടിയിരുന്ന പള്ളിപ്പുറം സ്വദേശി വിഷ്ണുജിത്തിനെയാണ് കാണാതായത്. വിവാഹ ആവശ്യത്തിന് പണം സംഘടിപ്പിക്കാന്‍ പാലക്കാട് പോയ യുവാവ് പിന്നീട് തിരിച്ചെത്തിയില്ലെന്ന് ബന്ധുക്കള്‍. ജില്ലാ പൊലീസ് മേധാവിക്കടക്കം ബന്ധുക്കള്‍ പരാതി നല്‍കി.
കഴിഞ്ഞ ബുധനാഴ്ച്ച രാവിലെ അമ്മയുടെ കൈയില്‍ നിന്ന് അഞ്ഞൂറു രൂപയും വാങ്ങി കല്ല്യാണ ആവശ്യത്തിന് പണം സംഘടിപ്പിക്കാന്‍ പാലക്കാടേക്ക് പോയതാണ് വിഷ്ണു. പാലക്കാട് കഞ്ചിക്കോടാണ് വിഷ്ണു ജോലി ചെയ്യുന്നത്. സുഹൃത്തിന്‍റെ കൈയ്യില്‍ നിന്ന് ഒരു ലക്ഷം രൂപ ലഭിച്ചതായി വിഷ്ണുജിത്ത് കടുംബത്തെ അറിയിച്ചിരുന്നു. അന്ന് വരുന്നില്ലെന്നും പാലക്കാടുള്ള ബന്ധുവീട്ടില്‍ തങ്ങുന്നെന്നുമാണ് അറിയിച്ചത്.
എന്നാല്‍ എട്ടുമണിയോടെ ഫോണ്‍ സ്വിച്ച്ഡ്ഓഫായി. ബന്ധുവീട്ടില്‍ വിളിച്ചന്വേഷിച്ചപ്പോള്‍ അവിടെ എത്തിയിട്ടില്ല. വിഷ്ണുവിനെ കാണാതായതോടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. വിഷ്ണു പോയ സ്ഥലങ്ങളിലെല്ലാം പൊലീസിനൊപ്പം ബന്ധുക്കള്‍ പോയി നോക്കി. ഇന്നായിരുന്നു വിഷ്ണുജിത്തിന്‍റെ കല്യാണം നിശ്ചയിച്ചിരുന്നത്. ഇന്നും വിഷ്ണു തിരികെ വീട്ടിലെത്താതായതോടെയാണ് ബന്ധുക്കള്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്.