തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയതിനേക്കുറിച്ചുള്ള അന്വേഷണം പ്രഖ്യാപനത്തിലൊതുക്കി സര്‍ക്കാരിന്റെ കള്ളക്കളി. ഒരാഴ്ചകൊണ്ട് പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണം ഇതുവരെ പൂര്‍ത്തിയായില്ല. എ.ഡി.ജി.പി M.R.അജിത്കുമാറിനാണ് അന്വേഷണ ചുമതല. അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ബിനോയ് വിശ്വം ഉള്‍പ്പടെയുള്ള സി.പി.ഐ നേതാക്കള്‍ ആവശ്യപ്പെടുമ്പോളും അന്വേഷണം പൂര്‍ത്തിയായില്ലെന്ന വിവരം സര്‍ക്കാര്‍ മറച്ചുവെച്ചു.
ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരികൊണ്ടിരിക്കെ എല്‍.ഡി.എഫിന് തിരിച്ചടിയായ വിവാദത്തില്‍ നിന്ന് തലയൂരാന്‍ മുഖ്യമന്ത്രി നടപടി പ്രഖ്യാപിച്ചു.
ആരോപണ വിധേയനായ തൃശൂര്‍ കമ്മീഷണറെ മാറ്റുമെന്നും പൊലീസിനെതിരായ പരാതികള്‍ അന്വേഷിക്കാന്‍ ഡി.ജി.പിയോട് നിര്‍ദേശിച്ചുമെന്നുമായിരുന്നു മുഖ്യമന്ത്രി ഏപ്രില്‍ 21ന് ഇറക്കിയ അറിയിപ്പ്. ഒരാഴ്ചക്കകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശം. പക്ഷെ ഇപ്പോള്‍ നാലരമാസം കഴിഞ്ഞു. അജിത്കുമാര്‍ റിപ്പോര്‍ട്ട് ഡി.ജി.പിക്ക് നല്‍കിയിട്ടില്ല. അന്വേഷണം എന്തായെന്ന് പിന്നീട് മുഖ്യമന്ത്രിയും തിരിഞ്ഞുനോക്കിയില്ല.
നടക്കാത്ത അന്വേഷണം, ഇല്ലാത്ത റിപ്പോര്‍ട്ട്–അത് പുറത്തുവിടണമെന്നാണ് ബിനോയ് വിശ്വവും വി.എസ്.സുനില്‍കുമാറും അടക്കമുള്ള സി.പി.ഐ നേതാക്കള്‍ ആവശ്യപ്പെടുന്നത്. അവരുടെ ആവശ്യത്തിന് മുഖ്യമന്ത്രി വില കൊടുത്തില്ലെന്ന് മാത്രമല്ല, അങ്ങനെയൊരു റിപ്പോര്‍ട്ട് ആയിട്ടില്ലെന്ന് പറയാനുള്ള മാന്യതപോലും മുന്നണിയിലെ പ്രധാന കക്ഷിയോട് കാണിച്ചിട്ടില്ല.തൃശൂര്‍ കമ്മീഷണറെ മാറ്റുമെന്നതായിരുന്നു മുഖ്യമന്ത്രിയുടെ മറ്റൊരു ഉറപ്പ്. പ്രഖ്യാപനം കഴിഞ്ഞ് ഒന്നരമാസത്തിന് ശേഷം മാറ്റി. പക്ഷെ അധികം വൈകാതെ ടെക്നിക്കല്‍ ഇന്റലിജന്‍സ് എസ്.പിയായി നിയമനം നല്‍കിയതിനാല്‍ ശിക്ഷാനടപടിയായി കാണാനാവില്ല.
ചുരുക്കത്തില്‍ സര്‍ക്കാരിന് വലിയ തിരിച്ചടിയുണ്ടാക്കുകയും തൃശൂരില്‍ ബി.ജെ.പി ജയിക്കുകയും ചെയ്തിട്ടും പൂരത്തിലെ വീഴ്ചയേക്കുറിച്ച് മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണംപോലും പൂര്‍ത്തിയാക്കിയുമല്ല, ഒരാള്‍ക്കെതിരെ പോലും നടപടിയുമുണ്ടായില്ല. അവിടെയാണ് ആര്‍.എസ്.എസ് കൂടിക്കാഴ്ചകളിലൊക്കെ ദുരൂഹത ഏറുന്നത്.