മലപ്പുറം പള്ളിപ്പുറത്ത് വിവാഹത്തിന് മുൻപ് കാണാതായ യുവാവിനായി വിവിധ സംഘങ്ങളായി തിരിഞ്ഞ് പൊലീസ് അന്വേഷണം. ഇന്ന് വിവാഹം നടക്കേണ്ടിയിരുന്ന പള്ളിപ്പുറം സ്വദേശി വിഷ്ണുജിത്തിനെയാണ് കാണാതായത്. വിവാഹ ആവശ്യത്തിന് പണം സംഘടിപ്പിക്കാൻ പാലക്കാട് പോയ യുവാവ് പിന്നീട് തിരിച്ചെത്തിയില്ലെന്ന് ബന്ധുക്കൾ. ജില്ലാ പൊലീസ് മേധാവിക്കടക്കം ബന്ധുക്കൾ പരാതി നൽകി.
എട്ടുവർഷത്തെ പ്രണയം സഫലമാകേണ്ടിയിരുന്ന ദിവസം. ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതാണ്. മറ്റു ചിലവുകൾക്ക് പണം കണ്ടെത്താൻ ഈ മാസം 4 ന് പാലക്കാടേക്ക് പോയതാണ് വിഷ്ണുജിത്ത്. കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം 8 മണിയോടെ വിഷ്ണുജിത്ത് അമ്മയെ വിളിച്ചിരുന്നു. ബന്ധുവീട്ടിൽ താമസിക്കും എന്നും അടുത്ത ദിവസം എത്താം എന്നും അറിയിച്ചതാണ്. പിന്നീട് മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയി. പിറ്റേന്ന് രാവിലെയും വിഷ്ണു തിരികെ എത്താറായതോടെയാണ് ബന്ധുക്കൾ പൊ ലീസിൽ പരാതി നൽകിയത്. വിവാഹം നിശ്ചയിച്ചിരുന്ന ഇന്നും വിഷ്ണുജിത്ത് എത്താത്തായത്തോടെയാണ് ബന്ധുക്കൾ ജില്ലാ പൊലീസ് മേധാവിയെ സമീപിച്ചത്. വിവിധ സംഘങ്ങളായി പോലീസ് ഉദ്യോഗസ്ഥർ പാലക്കാട് ക്യാമ്പ് ചെയ്ത അന്വേഷണം നടത്തി വരുന്നുണ്ടെന്ന് മലപ്പുറം എസ്പിപറഞ്ഞു. സിസിടിവി ദൃശ്യങ്ങളും ഫോൺ ലൊക്കേഷനും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്