shahana-malappuram

മലപ്പുറം കൊണ്ടോട്ടിയിലെ ഷഹാനയുടെ മരണം കേരളത്തിനാകെ നോവായി മാറുകയാണ്. നിറത്തിന്‍റെയും ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയില്ലെന്നതിന്‍റെയും പേരില്‍ ഭര്‍തൃവീട്ടില്‍ നിന്ന് നേരിട്ട അവഹേളനമാണ് ഷഹാന ജീവനൊടുക്കാന്‍ കാരണമായതെന്നാണ് എന്നാണ് കുടുംബം ആരോപിക്കുന്നത്. ഭര്‍ത്താവ് അബ്ദുൽ വാഹിദും കുടുംബവും ഷഹാനയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് ഷഹാനയുടെ അമ്മാവന്‍റെ വെളിപ്പെടുത്തല്‍. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കാന്‍ എത്തിയപ്പോള്‍ '20 ദിവസമല്ലേ ഒന്നിച്ച് ജീവിച്ചിട്ടുള്ളു, നിനക്ക് ഒഴിഞ്ഞുപോക്കൂടെ, വേറെ കല്യാണം കിട്ടില്ലേ എന്തിനാ ഇതില്‍ തന്നെ കടിച്ചു തൂങ്ങുന്നത്' എന്നാണ് അബ്ദുൽ വാഹിദിന്‍റെ ഉമ്മ ചോദിച്ചതെന്നും അവരുടെ കാലില്‍ കെട്ടിപ്പിടിച്ച് ഷഹാന കരഞ്ഞിട്ടും ഫലമുണ്ടായില്ലെന്നും വീട്ടുകാര്‍ പറഞ്ഞു. മധുവിധുവിന് ശേഷം വിദേശത്തേക്ക് മടങ്ങിയതില്‍ പിന്നെയാണ് അബ്ദുൽ വാഹിദില്‍ മാറ്റം കണ്ട് തുടങ്ങിയതെന്നും ഷഹാനയുടെ അമ്മാവന്‍ ആരോപിച്ചു.

 

'മാനസിക പീഡനം തന്നെയാണ് ഷഹാന മരിക്കാന്‍ കാരണം. അവള്‍ അനുഭവിച്ച പീഡനങ്ങളെക്കുറിച്ച് എന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ട്. വീട്ടുകാരും അതിന് ഉത്തരവാദികളാണ്. ഇവര്‍ തമ്മിലുള്ള പ്രശ്നത്തെക്കുറിച്ച് സംസാരിക്കാന്‍ ചെക്കന്‍റെ വീട്ടിലേക്ക് പോയപ്പോള്‍ 20 ദിവസമല്ലേ ഒന്നിച്ച് ജീവിച്ചിട്ടുള്ളു നിനക്ക് ഒഴിഞ്ഞുപോക്കൂടെ, വേറെ കല്ല്യാണം കിട്ടില്ലേ എന്തിനാ ഇതില്‍ തന്നെ കടിച്ചു തൂങ്ങുന്നത് എന്നാണ് അവന്‍റെ ഉമ്മ ചോദിച്ചത്. അപ്പോള്‍ ഈ ഉമ്മാന്‍റെ കാലില്‍ കെട്ടിപ്പിടിച്ച് കരയുകയാണ് ഈ കുട്ടി ചെയ്തത്. ഒരു ആശ്വാസവാക്ക് പറയുന്നതിന് പകരം എരുതീയില്‍ എണ്ണ ഒഴിക്കുകയാണ് ചെയ്തതെന്നും ഷഹാനയുടെ അമ്മാവന്‍ പറഞ്ഞു. 

'നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു. പഠനത്തില്‍ പിന്നോട്ട് പോകാന്‍ തുടങ്ങിയപ്പോള്‍ വീട്ടില്‍ എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്ന് ചോദിച്ച് അവര് വന്നപ്പോഴാണ് ഞങ്ങള്‍ ഈ വിഷയം അറിയുന്നത്. പുറത്തേക്കിറങ്ങിയാല്‍ വെയില്‍ കൊണ്ട് കറുക്കും, നീ കറുപ്പാണ് അതുകൊണ്ട് കോളജില്‍ പോകണ്ട, ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയില്ല എന്നൊക്കെയാണ് ഇവന്‍ പറഞ്ഞിരുന്നത്'. അവളെ ക്രൂരമായി അവഹേളിക്കുന്ന തരത്തിലുള്ള സംസാരം അവന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

'2024 മെയ് 27നായിരുന്നു  ഷഹാനയുടെയും അബ്ദുല്‍ വാഹിദിന്‍റെയും വിവാഹം. ഏകദേശം 20 ദിവസം ഒന്നിച്ച് നിന്നു. അവന്‍റെ വീട്ടിലേക്ക് ഒരു ദിവസം കൊണ്ടുപോയി തിരിച്ചു കൊണ്ടുവന്നു. ബാക്കി ദിവസം ഹണിമൂണ്‍ യാത്രയായിരുന്നു കുറച്ച് ദിവസം അവളുടെ വീട്ടിലും താമസിച്ചു. ഇവിടെ നിന്ന് പോയതിന് ശേഷമാണ് അവനില്‍ മാറ്റം കണ്ടു തുടങ്ങിയത്. കുറച്ച് ദിവസമായി മാനസികമായി അവള്‍ തളര്‍ന്നിരിക്കുകയായിരുന്നു. അതുകൊണ്ട് കോളജിലും പോയിരുന്നില്ല. കൗണ്‍സിലിങ്ങിനൊക്കെ കൊണ്ടുപോയിരുന്നു. ഞങ്ങളുടെ ഏകമകളാണ് ഇല്ലാതായത്. തുടര്‍ന്ന് പഠിപ്പിച്ചോളാം എന്നാണ് അവര് പറഞ്ഞത്. ഒരു 100 വട്ടം അവളൊന്ന് വിളിക്കണം എന്ന് പറഞ്ഞാലേ അവന്‍ വിളിക്കു. വിളിച്ചാല്‍ തന്നെ ടോര്‍ച്ചറിങാണ്. അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഏതറ്റംവരെയും പോകും'. ഇന്ന് പൊലീസില്‍ പരാതി നല്‍കുമെന്നും ബന്ധുക്കള്‍ മനോരമന്യൂസിനോട് പറഞ്ഞു. 

ENGLISH SUMMARY:

The reason behind Shahana's suicide was the humiliation she faced from her in-laws