കാന്തല്ലൂരില്‍ ആനയിറങ്ങിയ വിവരം പറയാൻ വിളിച്ച നാട്ടുകാരനും വനംവകുപ്പ് ഉദ്യോഗസ്ഥനും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്ത്. ആന ഇറങ്ങിയിട്ടുണ്ട് ഉടന്‍ വരണമെന്ന് നാട്ടുകാരൻ വനംവകുപ്പ് ഉദ്യോഗസ്ഥനെ അറിയിക്കുമ്പോൾ, വണ്ടിയില്‍ ഡീസല്‍ ഇല്ല, ഉരുട്ടിക്കൊണ്ട് വന്നാൽ മതിയോ എന്നായിരുന്നു ഉദ്യോഗസ്ഥന്റെ പരിഹാസത്തോടെയുള്ള മറുപടി. ഇതുകേട്ട് ക്ഷുഭിതനായ നാട്ടുകാരൻ വനംവകുപ്പ് ഉദ്യോഗസ്ഥനോട് പൊട്ടിത്തെറിക്കുകയായിരുന്നു.

പയസ് നഗര്‍ ഫോറസ്റ്റ് സ്റ്റേഷനിലെ വനംവകുപ്പ് ഉദ്യോഗസ്ഥരാണ്, അത്യാവശ്യമായി ഫോൺ വിളിച്ചയാളോട് വാഹനത്തില്‍ ഡീസല്‍ ഇല്ലെന്ന് മറുപടി നല്‍കിയത്. ഇതുകേട്ട പ്രദേശവാസി നിയന്ത്രണം വിട്ട് സംസാരിക്കുകയായിരുന്നു. ആനവട്ടം നിക്കുമ്പോഴാണോടോ ഇങ്ങനെ പറയുന്നത്. മര്യാദയ്ക്ക് വർത്താനം പറഞ്ഞില്ലേൽ അവിടെ വന്ന്  കത്തിക്കും, ഞാനൊരു പട്ടാളക്കാരനാണ്. 17 വര്‍ഷം തോക്ക് പിടിച്ചവനാണ്. - ആന ഇറങ്ങി പ്രാണഭയത്തിൽ നിന്ന സമയത്ത് ഇത്തരത്തിലായിരുന്നു നാട്ടുകാരന്റെ പ്രതികരണം.  

തുടർന്ന് കാന്തല്ലൂരിലെ റിസോര്‍ട്ടില്‍ ആന കയറിയത് പരിശോധിക്കാന്‍ എത്തിയ ഉദ്യോഗസ്ഥരെ സിപിഐഎം ഏരിയ കമ്മിറ്റി സെക്രട്ടറി ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞു. നാട്ടുകാരും ഉദ്യോഗസ്ഥരും തമ്മില്‍ വാക്കു തര്‍ക്കവുമുണ്ടായി. നാളുകളായി ഇവിടെ കാട്ടാന ശല്യം വ്യാപകമാണ്. ഇതിനിടെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് നിഷേധാത്മകവും, ഉത്തരവാദിത്തമില്ലാത്തതുമായ സമീപനം ഉയരുന്നതും വ്യാപക പ്രതിഷേധമുണ്ടാകുന്നതും. 

ENGLISH SUMMARY:

Soldier got angry with the forest department official