മന്ത്രിസ്ഥാനത്തെച്ചൊല്ലി എന്‍സിപിയില്‍ ചേരിതിരിവ് രൂക്ഷമായതിനിടെ തോമസ് കെ തോമസ് എംഎല്‍എ മുഖ്യമന്ത്രിയെ കണ്ടു. ഉപാധിവച്ചല്ല താന്‍ മന്ത്രിയായതെന്നും സ്ഥാനം ഒഴിയേണ്ടിവന്നാല്‍ ബാക്കി കാര്യങ്ങള്‍ ആ സമയത്ത് പറയാമെന്നും എ.കെ ശശീന്ദ്രന്‍ പറഞ്ഞു. സമവായത്തിനായി പി.സി ചാക്കോ വിളിച്ച സംസ്ഥാനഭാരവാഹി യോഗം തര്‍ക്കത്തിലാണ് കലാശിച്ചത്.
എ.കെ ശശീന്ദ്രന് പകരം തോമസ് കെ തോമസിനെ മന്ത്രിയാക്കാന്‍ എന്‍സിപി ജില്ലാ ഭാരവാഹി യോഗത്തില്‍ ഭൂരിപക്ഷ അഭിപ്രായം ഉയര്‍ന്നിരുന്നു. ശശീന്ദ്രന്‍ പക്ഷം മന്ത്രിസ്ഥാനം വിട്ടുനല്‍കാന്‍ തയ്യാറായില്ല. ഭിന്നതയെത്തുടര്‍ന്ന് തീരുമാനം പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന് വിട്ടു. ദേശീയ നേതൃത്വത്തിന്‍റെ തീരുമാനം വൈകുന്ന സാഹചര്യത്തിലാണ് തോമസ് കെ തോമസ് മുഖ്യമന്ത്രിയെ കണ്ടത്. എന്‍സിപി നേതൃത്വം കത്ത് നല്‍കിയാല്‍ മന്ത്രിയാക്കുന്നത് പരിഗണിക്കാമെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി..
മന്ത്രിസ്ഥാനത്തെച്ചൊല്ലി തര്‍ക്കമില്ലെന്നും തോമസ് കെ തോമസ് മന്ത്രിസ്ഥാനം ആവശ്യപ്പെട്ടതായി അറിയില്ലെന്നും എ.കെ ശശീന്ദ്രന്‍ പ്രതികരിച്ചു. സമവായത്തിനായി സംസ്ഥാന അധ്യക്ഷന്‍ പി.സി ചാക്കോ ഒാണ്‍ലൈനായി വിളിച്ച യോഗം തര്‍ക്കത്തിലാണ് കലാശിച്ചത്. വ്യക്തിപരമായ ആരോപണങ്ങളിലേയ്ക്ക് നീണ്ടതോടെ യോഗം പിരിഞ്ഞു. തോമസ് കെ തോമസിനെ മന്ത്രിയാക്കുക, ശശീന്ദ്രന് സംസ്ഥാന അധ്യക്ഷ സ്ഥാനം, ചാക്കോ ദേശീയ വര്‍ക്കിങ് പ്രസിഡന്‍റ് പദവിയില്‍ ശ്രദ്ധിക്കുക എന്ന ഫോര്‍മുല പരിഗണനയിലുണ്ട്.