പല തവണ അവശ്യപ്പെട്ടിട്ടും തോമസ്. കെ. തോമസിന് കിട്ടാത്ത മന്ത്രിസ്ഥാനത്തിൽ, ചർച്ചയ്ക്കായി ഇന്ന് NCP നേതൃയോഗം. കൊച്ചിയിൽ രാവിലെ 10നാണ് യോഗം ചേരുക. മന്ത്രി എ.കെ. ശശീന്ദ്രൻ അനുകൂലികളെ ഒപ്പം കൂട്ടുകയെന്ന ലക്ഷ്യവും തോമസ് കെ. തോമസ് വിഭാഗത്തിന് ഉണ്ട്.
മന്ത്രി സ്ഥാനം മാത്രം ലക്ഷ്യമിട്ടാണ് തോമസ് കെ. തോമസിന്‍റെ നീക്കം. ഇതിനായി എ.കെ.ശശീന്ദ്രന് ഒപ്പം ചേർന്നു നിന്ന സംസ്ഥാന പ്രസിഡൻ്റ് പി.സി.ചാക്കോയെ വളരെ പണിപ്പെട്ട് തോമസ് കെ. തോമസ് ഒപ്പം ചേർത്തു. പ്രത്യുപകാരമായി തോമസ് കെ തോമസിനായി ചാക്കോ വീറോടെ വാദിക്കുന്നുണ്ടെങ്കിലും ഫലമൊന്നുമില്ല. എ.കെ. ശശീന്ദ്രനെ മാറ്റേണ്ടന്ന കർശന നിലപാടിലാണ് മുഖ്യമന്ത്രി. തോമസ് കെ. തോമസ് ഇടതു എം.എൽ.എമാരെ സ്വാധീനിച്ച് മറ്റൊരുപാളയത്തിൽ ചേക്കേറാൻ ശ്രമിച്ചതറിഞ്ഞതോടെ മുഖ്യമന്ത്രി കടുത്ത നീരസത്തിലുമാണ്.
കഴിഞ്ഞ ദിവസം തോമസ് കെ തോമസ് മുഖ്യമന്ത്രിയെ മന്ത്രിമാറ്റ വിഷയവുമായി കണ്ടെങ്കിലും നിരാശയായിരുന്നു ഫലം. മുഖ്യമന്ത്രി നൽകുന്ന പിന്തുണയിൽ അത്മവിശ്വാസത്തിലാണ് ശശീന്ദ്രനും, അനുകൂല പക്ഷവും. പി. സി ചാക്കോ പാർട്ടിയിലെത്തിയതോടെ കെട്ടുറപ്പു നശിപ്പിച്ചതിനൊപ്പം വിഭാഗീയതയും, സ്വാർഥനയും പാർട്ടിയിൽ നിറച്ചു എന്ന വിലയിരുത്തലാണ് ശശീന്ദ്രൻ പക്ഷത്തുള്ളത്. ചാക്കോ പാർട്ടിയ UDFലെത്തിക്കാൻ ശ്രമിക്കുന്നു എന്ന വിമർശനവുമുണ്ട്. മന്ത്രി മാറ്റവിഷയത്തിൽ മാറ്റമില്ലാത്ത നിലപാടുമായാകും ഇന്ന് ശശീന്ദ്രൻ പക്ഷമെത്തുക. അതുകൊണ്ടുതന്നെ നേതൃയോഗം ചർച്ചകൾ കൊണ്ട് കലുഷിതമാകും.