നാലാംനാളും കുടിവെള്ളം കിട്ടാതെ തിരുവനന്തപുരം നഗരവാസികള്‍. പറഞ്ഞ സമയത്ത് ജല അതോറിറ്റി അറ്റകുറ്റപണി പൂർത്തിയാക്കാത്തതാണ് വെള്ളംകുടി മുട്ടിച്ചത്. ജനരോഷം ശക്തമായതിന് പിന്നാലെ മന്ത്രിമാരും ജനപ്രതിനിധികളും ഉണർതോടെ, ഇന്ന് വൈകിട്ട് പമ്പിങ്ങ് തുടങ്ങുമെന്നാണ് ജല അതോറിറ്റി ഇപ്പോൾ നൽകുന്ന വാക്ക്. ദാഹിച്ച വലഞ്ഞ പാവം പൊതുജനത്തിന്റെ തൊണ്ട പൊട്ടിയതോടെ മന്ത്രിമന്ദിരങ്ങളിൽ വെള്ളം കുടി മുട്ടാത്ത മന്ത്രിമാർ ഇന്നലെ ഉണർന്നു. യോഗം ചേർന്ന് ഇപ്പോൾ ശരിയാക്കിത്തരാം എന്നായി മന്ത്രി. 

5 ലക്ഷം പേരുടെ വെള്ളം കുടി മുട്ടിച്ചത് ഏറ്റവും ഒടുവിൽ അറിഞ്ഞത് വകുപ്പുമന്ത്രിയായ റോഷി അഗസ്റ്റിനാണ്. സിനിമയിൽ നായകൻ ഗുണ്ടകളെ എല്ലാം അടിച്ചൊതുക്കിയ ശേഷം പോലീസ് വരുന്നത് പോലെ മന്ത്രി ഇന്ന് പ്രത്യക്ഷപ്പെട്ടു. 

കുളിക്കാനും കുടിക്കാനും വെള്ളമില്ലാതെ ‘വെള്ളം’ കുടിക്കുകകയാണ് നഗരവാസികൾ. അഞ്ച് മാസമായി കുടിവെള്ളത്തിന് പകരം കാറ്റിനാണ് പണം അടയ്ക്കുന്നതെന്ന് ജനങ്ങള്‍. ജല അതോറിറ്റിയുടെ തീരാത്ത പണിയിൽ നാട്ടുകാര്‍ ദുരിത‍ത്തില്‍.

നഗരസഭയും മന്ത്രിയും നൽകിയ ഉറപ്പിന് കാൽ കാശിന്റെ വില പോലുമില്ലെന്ന് നാട്ടുകാരുടെ മറുപടിയിൽ വ്യക്തം. ദൈനംദിന ആവശ്യങ്ങൾക്ക് കുപ്പിവെള്ളത്തെ ആശ്രയിക്കേണ്ട ജനങ്ങളുടെ ദയനീയ അവസ്ഥ. ഇപ്പോഴത്തെ കുടിവെള്ള പ്രശ്നം തുടങ്ങിയിട്ട് നാല് ദിവസമായെങ്കിലും വെള്ളയമ്പലം ഡിവിഷന് കീഴിൽ വരുന്ന ഇടപ്പഴഞ്ഞി, സിഎസ്എം നഗർ എന്നീ ഭാഗങ്ങളിൽ ഈ ദുരിതം അഞ്ചു മാസമായി തുടരുകയാണ്. നഗരസഭ കൗൺസിലർമാർ വഴി വെള്ളമെത്തിക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയെങ്കിലും, കരമന, നെടുങ്ങാട്, കിള്ളിപ്പാലം തുടങ്ങി ഭൂരിഭാഗം പ്രദേശങ്ങളിലും നഗരസഭയുടെ വെള്ളം എത്തിയിട്ടില്ല. ജല അതോറിറ്റിയുടെ പണി, പറഞ്ഞ സമയത്ത് തീരാഞ്ഞതോടെ പണി കിട്ടിയത് സാധാരണക്കാരായ ജനങ്ങൾക്കാണ്. പ്രതിഷേധം ശക്തമായി തുടരുന്നതിനിടെ താല്‍കാലിക പരിഹാരണമെന്നോണം കണ്‍ട്രോള്‍ റൂം തുറന്നു. വെള്ളം ആവശ്യമുണ്ടെങ്കില്‍ ബന്ധപ്പെടാം . നമ്പര്‍; 9447377477, 8590036770

ENGLISH SUMMARY:

Water scarcity in TVM city