ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. 2021 ല്‍ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറിയിട്ടും നടപടിയെടുത്തില്ലെന്നും മൂന്ന് വര്‍ഷം സര്‍ക്കാര്‍ ഒന്നും ചെയ്യാതെ നിഷ്ക്രിയമായിരുന്നുവെന്നും കോടതി കുറ്റപ്പെടുത്തി. സര്‍ക്കാര്‍ നടപടിയെടുത്തില്ലെന്നത് ആശ്ചര്യകരമാണെന്നും കോടതി പറഞ്ഞു.
എന്നാല്‍ റിപ്പോര്‍ട്ടില്‍ പരാതിക്കാര്‍ ആരെന്നോ പ്രതികളാരെന്നോ ഇല്ലായിരുന്നുവെന്നാണ് സര്‍ക്കാര്‍ വാദിച്ചത്. കേസെടുക്കേണ്ട സാഹചര്യമില്ലെന്നും സര്‍ക്കാര്‍ നിലപാടെടുത്തു. സിനിമ മേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കാനായിരുന്നു കമ്മിറ്റയെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ അത്തരമൊരു വാദം എന്തുകൊണ്ടാണെന്ന് ചോദിച്ച കോടതി ബലാല്‍സംഗം, പോക്സോ കേസുകള്‍ റജിസ്റ്റര്‍ ചെയ്യാനുള്ള വസ്തുതയുണ്ടെന്നും ചൂണ്ടിക്കാട്ടി.
റിപ്പോര്‍ട്ടിന്‍റെ പൂര്‍ണരൂപം അന്വേഷണ സംഘത്തിന് കൈമാറണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. നടപടികളില്‍ തിടുക്കം കാട്ടരുതെന്നും എന്ത് നടപടികളാണ് സ്വീകരിക്കുന്നതെന്ന് പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി പറഞ്ഞു. റിപ്പോര്‍ട്ടിന്‍റെ രഹസ്യ സ്വഭാവം നിലനിര്‍ത്തണമെന്നും പ്രത്യേക അന്വേഷണ സംഘം മാധ്യമങ്ങളോട് സംസാരിക്കരുതെന്നും കോടതി നിര്‍ദേശിച്ചു. റിപ്പോര്‍ട്ടിലെ സംഭവങ്ങളില്‍ എഫ്.ഐ.ആര്‍ വേണോ എന്ന് റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി.
അതേസമയം, റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന സര്‍ക്കാരിന്‍റെ ആവശ്യം ഹൈക്കോടതി തള്ളി. മാധ്യമങ്ങള്‍ ഉത്തരവാദിത്തത്തോടെ പെരുമാറുമെന്നും കോടതി പറഞ്ഞു.