നടി ഹണി റോസിനെ മോശം പരാമർശങ്ങളിലൂടെ അപമാനിക്കുകയും സമൂഹ മാധ്യമങ്ങളിലൂടെ ആക്രമിക്കാൻ നേതൃത്വം നൽകുന്നുവെന്നുമുള്ള പരാതിക്ക് പിന്നാലെ മുൻകൂർ ജാമ്യം തേടിയ രാഹുല്‍ ഈശ്വറിന് തിരിച്ചടി. അറസ്റ്റ് തടയാതിരുന്ന ഹൈക്കോടതി വിഷയത്തിൽ പൊലീസിന്റെ നിലപാട് തേടി. മുൻകൂർ ജാമ്യാപേക്ഷ ഈ മാസം 27ന് പരിഗണിക്കും. ബോബി ചെമ്മണ്ണൂർ പ്രതിയായ കേസിൽ തന്നെയും അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും ഇത് തടയണമെന്നും ആവശ്യപ്പെട്ടായിരുന്നു രാഹുൽ ഈശ്വര്‍ ഹൈക്കോടതിയെ സമീപിച്ചത്.
എന്നാൽ പൊലീസിന്റെ നിലപാട് അറിയട്ടെ എന്നു വ്യക്തമാക്കി ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ ജാമ്യാപേക്ഷ മാറ്റുകയായിരുന്നു. താൻ ഹണി റോസിനെ അപമാനിച്ചിട്ടില്ലെന്നും മറിച്ച് അവരുടെ വസ്ത്രധാരണ രീതിയെ വിമർശിക്കുക മാത്രമാണ് ചെയ്തത് എന്നാണ് രാഹുൽ ഈശ്വറിന്റെ വാദം. രാഹുൽ ഈശ്വർ തനിക്കും തന്റെ കുടുംബത്തിനും കടുത്ത മാനസിക സമ്മര്‍ദമാണ് ഉണ്ടാക്കിയിരിക്കുന്നത് എന്ന് ഹണി റോസ് പ്രതികരിച്ചിരുന്നു.