കാഫിര്‍ സ്ക്രീന്‍ഷോട്ടിന്റെ ഉറവിടം കണ്ടെത്തണമെന്ന് ഹൈക്കോടതി ആവര്‍ത്തിച്ചിട്ടും പൊലീസ് അന്വേഷണത്തില്‍ അതൃപ്തരാണ് യൂത്ത് ലീഗ്. സ്ക്രീന്‍ഷോട്ട് പങ്കുവച്ച ഡിവൈഎഫ്ഐ നേതാവ് റിബേഷ് അടക്കമുള്ളവര്‍ക്കെതിരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും പൊലീസ് നടപടി തുടങ്ങിയിട്ടില്ല. അട്ടിമറി ശ്രമമാണെങ്കില്‍ നിയമപരമായി മുന്നോട്ടുപോകാനാണ് യൂത്ത് ലീഗിന്റെ തീരുമാനം.
വ്യാജസ്ക്രീന്‍ഷോട്ട് കേസില്‍ മതസ്പര്‍ദ്ധ വളര്‍ത്തിയെന്ന കുറ്റം ചുമത്താനാകുമോ എന്ന് പരിശോധിക്കണമെന്ന ഹൈക്കോടതി നിര്‍ദേശത്തെ ഏറെ പ്രതീക്ഷയോടെയാണ് യൂത്ത് ലീഗ് കാണുന്നത്. ഉന്നയിച്ച വാദം കോടതിക്ക് ബോധ്യപ്പെടുന്നുവെന്നാണ് മനസിലാക്കുന്നത്. എങ്കിലും ഫൊറന്‍സിക് പരിശോധന വേഗത്തില്‍ പൂര്‍ത്തിയാക്കണം എന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ പാലിക്കപ്പെടുമോ എന്ന് സംശയമാണ്.
റെഡ് എന്‍കൗണ്ടര്‍, റെഡ് ബറ്റാലിയന്‍ എന്നീ ഫെയ്സ്ബുക്ക് ഗ്രൂപ്പുകളിലൂടെ ആണ് കാഫിര്‍ വ്യാജ സ്ക്രീന്‍ഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നാലെ അമ്പാടിമുക്ക് സഖാക്കള്‍, പോരാളി ഷാജി എന്നീ ഫെയ്സ്ബുക്ക് ഗ്രൂപ്പുകളിലൂടെ സ്ക്രീന്‍ഷോട്ട് പ്രചരിച്ചു. ആദ്യം ഇവ പ്രചരിപ്പിച്ച ഡിവൈഎഫ്ഐ നേതാവ് റിബേഷ് അടക്കമുള്ളവരെ രക്ഷിക്കാനുള്ള നീക്കമാണോ നിലവില്‍ നടക്കുന്നതെന്നും യൂത്ത് ലീഗ് സംശയിക്കുന്നു. ഫൊറന്‍സിക് പരിശോധന യഥാസമയം പൂര്‍ത്തിയാക്കാതെ അന്വേഷണസംഘം ഉഴപ്പുകയാണെങ്കില്‍ നിയമപരമായി നേരിടാനാണ് തീരുമാനം. ഇതിനായി മൂന്നാഴ്ച്ച കൂടി കാത്തിരിക്കും. കാര്യങ്ങള്‍ അനുകൂലമല്ലെങ്കില്‍ വീണ്ടും കോടതിയെ സമീപിക്കും.