ചാലക്കുടിയില്‍ ചികില്‍സ പിഴവ്മൂലം മരിച്ച അമ്മയ്ക്കു നീതി കിട്ടാന്‍ മകളുടെ പോരാട്ടം രണ്ടരവര്‍ഷം പിന്നിടുന്നു. ചികില്‍സ പിഴവുണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തിയെങ്കിലും പൊലീസ് ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. ഇതിനെതിരെ എസ്.പി. ഓഫിസിലേക്ക് മകളുടെ നേതൃത്വത്തില്‍ മാര്‍ച്ചും നടത്തി.
ആലുവ സ്വദേശിനി പി.സുശീലദേവി ചികില്‍സ പിഴവ് മൂലം മരിച്ചത് 2022 ഏപ്രില്‍ മൂന്നിനായിരുന്നു. ശാരീരിക ക്ഷീണംമൂലം ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിലാണ് ചികില്‍സ തേടിയത്. അന്നനാളത്തിലിട്ട ഭക്ഷണട്യൂബ് ശ്വാസകോശത്തില്‍ മാറിയിട്ടതോടെ അണുബാധയുണ്ടായി. ഗുരുതരാവസ്ഥയില്‍ പിന്നീട് കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പിന്നാലെ, മരിച്ചു. രണ്ടിടത്തും ചികില്‍സ പിഴവുണ്ടെന്ന് കാട്ടി മകള്‍ സുചിത്ര നിയമപോരാട്ടം നടത്തി. അഭിഭാഷക കൂടിയാണ് മകള്‍. സംസ്ഥാന മെഡിക്കല്‍ ബോര്‍ഡ് ഇതു ശരിവച്ചു. ചാലക്കുടി പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ ഇതുവരെയും കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലെന്ന് മകള്‍ പറയുന്നു. ഇതിനെതിരെ, ഇരിങ്ങാലക്കുട എസ്.പി. ഓഫിസിലേക്ക് മാര്‍ച്ചും നടത്തി.
ശ്വാസകോശത്തിലേയ്ക്കു ട്യൂബ് മാറിയിട്ട ആളെ ഇതുവരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. കുറ്റപത്രം സമര്‍പ്പിച്ച് കുറ്റക്കാര്‍ക്ക് ശിക്ഷ കിട്ടുന്നതുവരെ നിയമപോരാട്ടം തുടരുമെന്ന് മകള്‍ സുചിത്ര പറയുന്നു.