വിവാദങ്ങള്‍ക്കിടെ നൽകിയ അവധി അപേക്ഷ എഡിജിപി എം.ആര്‍ അജിത്കുമാർ പിൻവലിച്ചു. ശനിയാഴ്ച മുതൽ നാല് ദിവസത്തേക്കായിരുന്നു അവധി. അവധി വേണ്ടെന്ന് സര്‍ക്കാരിന് കത്ത് നൽകി. അവധി കഴിഞ്ഞാൽ അജിത്കുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റുമെന്ന് അഭ്യൂഹമുയര്‍ന്നിരുന്നു.
അതേസമയം അജിത്കുമാറിനെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും തുടര്‍ന്നത്. സി.പി.എമ്മിന് ആര്‍.എസ്.എസിനെ പ്രീണിപ്പിക്കേണ്ട കാര്യമില്ലെന്നും കോണ്‍ഗ്രസിനാണ് ആര്‍.എസ്.എസ് ബന്ധമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍. അജിത്കുമാറിനെ മാറ്റാന്‍ മുന്നണിക്കുള്ളില്‍ സമ്മര്‍ദം ശക്തമാകുമ്പോഴാണ് എ.ഡി.ജി.പിയെ സംരക്ഷിക്കുന്ന നിലപാട് മുഖ്യമന്ത്രി സ്വീകരിച്ചത്. അന്വേഷണ റിപ്പോര്‍ട്ട് അനുസരിച്ച് എഡിജിപിക്കെതിരെ നടപടിയെന്ന് എം.വി.ഗോവിന്ദന്‍ അതേ യോഗത്തില്‍
അതേസമയം, എഡിജിപി എം.ആർ.അജിത് കുമാറിനെ ശബരിമലയിൽ വരുന്ന മണ്ഡലകാലത്ത് പോലീസ് ഏകോപനത്തിന് നിയോഗിക്കരുതെന്ന് ദേവസ്വം ബോർഡ് യോഗത്തിൽ ആവശ്യം. ബോർഡംഗം എ.അജികുമാർ അടക്കമാണ് ആവശ്യം ഉന്നയിച്ചത്. കഴിഞ്ഞ തവണത്തെ നിയന്ത്രണങ്ങൾ തീർഥാടനത്തെ ബാധിച്ചെന്നും ജനരോഷം ഉണ്ടാക്കി എന്നും വിമർശനമുയർന്നു. മുൻപരിചയമുള്ളവരെ ഏകോപനത്തിന് നിയമിക്കണമെന്ന് മുഖ്യമന്ത്രി, ദേവസ്വം മന്ത്രി എന്നിവരോട് ആവശ്യപ്പെടും. കഴിഞ്ഞ മണ്ഡലകാലത്ത് അജിത് കുമാറും ദേവസ്വം ബോർഡും തമ്മിൽ പലവട്ടം ഏറ്റുമുട്ടലുകളും തർക്കങ്ങളും ഉണ്ടായിരുന്നു. തീർത്ഥാടകരെ അനാവശ്യമായി തടഞ്ഞിട്ടതും മർദ്ദിച്ചതും അടക്കം വലിയ വിവാദങ്ങളാണ് കഴിഞ്ഞ വർഷം ഉണ്ടായത്.