ആലപ്പുഴ കലവൂരിലെ 73കാരിയുടേത് അതിക്രൂര കൊലപാതകമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സുഭദ്രയുടേത് കരുതിക്കൂട്ടിയുള്ള കൊലപാതകമെന്നാണ് പൊലീസിന്റെ നിഗമനം. വയോധികയെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതികൾക്കായുള്ള അന്വേഷണം തുടരുകയാണ്.
ക്രൂരമായ കൊലപാതകത്തിന്റെ വിവരങ്ങളാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഉള്ളത്. ശരീരത്തിന്റെ ഇരുവശത്തെയും വാരിയെല്ലുകൾ പൂർണമായി തകർന്ന നിലയിലാണ്. കഴുത്തിലെ അസ്ഥികൾക്ക് പൊട്ടലുണ്ട്. ഇടതു കൈ ഒടിച്ച് പിന്നിലേക്ക് വലിച്ചു കെട്ടിയ നിലയിലായിരുന്നു മൃതദേഹം. കൈ ഒടിച്ചത് കൊലപാതക ശേഷം ആകാം എന്നാണ് നിഗമനം. മൃതദേഹം ജീർണാവസ്ഥയിൽ ആയതിനാൽ ചതവുകളും മറ്റു പരുക്കുകളും കണ്ടെത്തുക വെല്ലുവിളിയാണ്.
ആന്തരിക അവയവങ്ങൾ ശാസ്ത്രീയ പരിശോധനകൾക്കായി അയക്കും. കൊലപാതകത്തിനു മുൻപ് പ്രതികൾ കുഴിയെടുത്തതായി ആണ് പൊലീസ് സംശയിക്കുന്നത്. കാണാതായി ദിവസങ്ങൾക്കുള്ളിൽ കൊല്ലപ്പെട്ടിരിക്കാം എന്നാണ് നിഗമനം. സുഭദ്രയെ അറിയാം എന്നും ശർമിളയ്ക്ക് സുഭദ്രമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നുവെന്നും മാത്യുസിന്റെ കുടുംബം പറയുന്നു.
മാത്യുസും ശർമ്മളയും സ്ഥിരം മദ്യപാനികളാണ്. മദ്യപിച്ചാൽ ശർമിള ആക്രമിക്കുകയും ആത്മഹത്യാഭീഷണി മുഴക്കുകയും ചെയ്തിരുന്നു. പ്രതികൾ ഉഡുപ്പിയിൽ ഒളിവിൽ ഉണ്ടെന്ന വിവരമായിരുന്നു പൊലീസിനുണ്ടായിരുന്നത്. എന്നാൽ അന്വേഷണ സംഘത്തിന് ഇപ്പോഴും ഇവരിലേക്കെത്താൻ സാധിച്ചിട്ടില്ല. സുഭദ്രയുടെ മൃതദേഹം ബന്ധുക്കളെ ഏറ്റെടുത്ത് സംസ്കരിച്ചു.