വയനാട് വെള്ളാരംകുന്നിൽ സ്വകാര്യ ബസ്സും വാനും കൂട്ടിയിടിച്ചുള്ള അപകടത്തില്‍ പരുക്കേറ്റ ജെന്‍സനായി പ്രാര്‍ഥനയോടെ നാട്. ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉറ്റവരെയെല്ലാം നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുതവരനാണ് ജെന്‍സന്‍. ശ്രുതിയുടെ ജെന്‍സനും സഞ്ചരിച്ച വാന്‍ ബസുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ജെന്‍സന്‍റെ ജീവന്‍ നിലനിര്‍ത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയെന്ന് ആശുപത്രി സൂപ്രണ്ട്. തലയിലും മൂക്കിലും രക്തസ്രാവം. ഇടിയുടെ ആഘാതത്തില്‍ തലച്ചോറിനും പരുക്കേറ്റു. ശ്രുതിയും ജെന്‍സനുമുള്‍പ്പെടെ 9 പേര്‍ക്കാണ് പരുക്കേറ്റത്.
ജെന്‍സനെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മറ്റുള്ളവര്‍ കല്‍പറ്റയിലെ സ്വകാര്യ ആശുപ്രതിയില്‍ ചികിത്സയിലാണ്. ചൂരല്‍മല ഉരുള്‍പൊട്ടലില്‍ മാതാപിതാക്കളും സഹോദരിയേയും അടക്കം ഒന്‍പത് കുടുംബാംഗങ്ങളെയാണ് ശ്രുതിക്ക് നഷ്ടപ്പെട്ടത്. കല്‍പറ്റയിലെ വാടക വീട്ടില്‍ ബന്ധുവിനൊപ്പമാണ് ശ്രുതി താമസിക്കുന്നത്.