ആലപ്പുഴ കലവൂരിൽ വയോധികയെ കൊന്നു കുഴിച്ചുമൂടിയ കേസിൽ പ്രതികള്‍ പൊലീസ് പിടിയിൽ. കർണാടക മണിപ്പാലിൽ നിന്നാണ് പ്രത്യേക അന്വേഷണസംഘം മാത്യുസിനെയും ശർമിളയെയും പിടികൂടിയത്.
കൊലപാതക വിവരം പുറത്തിറഞ്ഞ് മൂന്നാം ദിനമാണ് പ്രതികൾ പിടിയിലാകുന്നത്. കർണാടകയിലെ ഉഡുപ്പിയിൽ നിന്ന് 8 കിലോമീറ്റർ അകലെയുള്ള മണിപ്പാലിൽ നിന്നാണ് ശർമിളയെയും മാത്യുസിനെയും ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടുന്നത്.
സുഭദ്രയെ കൊന്നു കുഴിച്ചുമൂടിയ ശേഷം നാടുവിട്ട ദമ്പതികളെ തേടി പൊലീസ് സംഘം ഉഡുപ്പിയിലേക്ക് പുറപ്പെടുകയായിരുന്നു. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചാണ് ഇരുവരും ഉഡുപ്പിയിലുണ്ടെന്ന് പൊലീസ് മനസിലാക്കുന്നത്. ഉഡുപ്പിയിലെ ധനകാര്യ സ്ഥാപനത്തിൽ രണ്ടു വളകൾ വിറ്റപ്പോൾ ലഭിച്ച 60,000 രൂപ ഗൂഗിൾ പേ വഴി മാത്യൂസിന്റെ അക്കൗണ്ടിൽ എത്തി. ഈ വിവരങ്ങളാണ് പൊലീസ് അന്വേഷണത്തിൽ നിർണായകമായത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇരുവരും ഉഡുപ്പിയിൽ എത്തിയെന്ന് ഉറപ്പിക്കുകയായിരുന്നു.
പ്രാഥമിക ചോദ്യംചെയ്യലിന് ശേഷം മാത്യുസിനെയും ശർമിളയുമായി പ്രത്യേക അന്വേഷണസംഘം ആലപ്പുഴയിലേക്ക് തിരിക്കും. ആലപ്പുഴയിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്താൽ മാത്രമേ കൊലപാതകത്തിന്റെ ചുരുളഴിയൂ. അരുംകൊലയിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.