കെഎസ്‌ആർടിസി ജീവനക്കാർക്ക് ഒറ്റ തവണയായി ശമ്പളം നൽകുമെന്ന ഗതാഗത മന്ത്രിയുടെ പ്രഖ്യാപനം പാഴായി. ജീവനക്കാർക്ക് രണ്ട് ഗഡുക്കളായി നൽകിയിരുന്ന ശമ്പളം ഒന്നാക്കി നല്‍കുമെന്നായിരുന്നു ഗതാഗത മന്ത്രിയുടെ പ്രഖ്യാപനം. ശമ്പള നിഷേധത്തിനെതിരെ കെഎസ്‌ആർടിസി ചീഫ് ഓഫീസിൽ നിന്ന് സെക്രട്ടേറിയറ്റ് പടിക്കലേക്ക് ഒരു വിഭാഗം ജീവനക്കാർ ഇന്ന് പ്രതിഷേധ മാർച്ച് നടത്തും.
സര്‍ക്കാര്‍ അനുവദിച്ച 30 കോടി രൂപയ്ക്ക് ഒപ്പം കേരളാബാങ്ക് കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 100 കോടിരൂപ കൂടി എടുത്ത് ശമ്പളം നല്‍കാമെന്നായിരുന്നു ഗതാഗത മന്ത്രിയുടെ കണക്കു കൂട്ടല്‍. ശമ്പളം വൈകുന്ന സാഹചര്യത്തിൽ അവധിയിൽ പ്രവേശിച്ച് പ്രതിഷേധിക്കാനാണ് കോണ്ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫിന്റെ തീരുമാനം. മുൻ വർഷങ്ങളിൽ ഓണക്കാലത്ത് സ്വരം കടുപ്പിച്ചിരുന്ന സിഐടിയുവിനും ഇപ്പോൾ മിണ്ടാട്ടമില്ല. പ്രഖ്യാപനം വെള്ളത്തിൽ വരച്ച വരയായതോടെ പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണ് യൂണിയനുകൾ.