vs-achuthanandan-and-sitara

വി.എസ്. അച്യുതാനന്ദന് വേണ്ടി പടനയിച്ചാണ് സീതാറാം യച്ചൂരി  കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനത്തിനും ജനങ്ങള്‍ക്കും പ്രിയങ്കരനായത്. വിഎസിന് സീറ്റ് വാങ്ങി നല്‍കി  മുഖ്യമന്ത്രിയാക്കുന്നതിലും –വിഎസില്‍ നിന്നും പിണറായിലേക്കുള്ള  സിപിഎമ്മിന്‍റെ അധികാര കൈമാറ്റം സുഗമമായി  സാധ്യമാക്കിയതും  യച്ചൂരിയുടെ നയതന്ത്രശൈലിയുടെ വിജയമായിരുന്നു. വെള്ളത്തിലെ മീനുകളെ പോലെ കമ്മ്യൂണിസ്റ്റുകള്‍ ജനങ്ങളുമായി  ഇഴുകിചേരണമെന്നതായിരുന്നു യച്ചൂരിയുടെ പ്രത്യയശാസ്ത്രം. 

 

2016 ല്‍ തിരഞ്ഞെുപ്പ് വിജയത്തിന്  ചുക്കാന്‍ പിടിച്ച വിഎസിന് പകരം പിണറായിയെ മുഖ്യമന്ത്രിയാക്കി  പ്രഖ്യപിക്കുമ്പോള്‍  വിഎസിനെ അടുത്തിരുത്തിയാണ് കേരളത്തിന്‍റെ  ഫിഡല്‍ കാസ്ട്രോ എന്ന് വിശേഷിപ്പിച്ചത്. ഏറെ  കലഹങ്ങളുണ്ടാകാമായിരുന്ന അധികാരകൈമാറ്റത്തെ ഇത്രയും സുഗമമാക്കിയത് യച്ചൂരിയുടെ സരസമായ വാക്കുകളായിരുന്നു. ഏറെ സങ്കീര്‍ണമാകുന്ന രാഷ്ട്രീയ അന്തരീക്ഷത്തെ തന്‍റെ പ്രായോഗിക രാഷ്ട്രീയം കൊണ്ട്  ലഘൂകരിച്ചാണ് സീതാറാം യച്ചൂരി കേരള രാഷ്ട്രീയത്തില്‍ പ്രിയങ്കരനായത്. 2006 ല്‍  വിഎസിനെ സ്ഥാനാര്‍ഥിയാക്കാനും  മുഖ്യമന്ത്രിയാക്കാന്‍ പയറ്റിയ അതേ മെയ് വഴക്കം  2016 ല്‍ വിഎസില്‍ നിന്നും പിണറായിയേക്കുള്ള അധികാരകൈമാറ്റത്തിലും കാട്ടി യച്ചൂരി.  വിഎസിനെ ഭരണപരിഷ്ക്കാര കമ്മീഷന്‍ അധ്യക്ഷനാക്കിലും നിര്‍ണായക റോള്‍ യച്ചൂരിക്കല്ലാതെ മറ്റാര്‍ക്കുമല്ല. 

വിഎസ് അച്യുതാനന്ദനോട് മലയാളിക്കുള്ള സ്നേഹത്തിന്‍റെ പങ്കുപറ്റിയ നേതാവായിരുന്നു  സീതാറാം യച്ചൂരി.  സ്വന്തം നിലനില്‍പ്പുപോലും മറന്ന് വിഎസിന് വേണ്ടി പടപൊരുതി. വിഭാഗീയത കൊടുമ്പിരികൊണ്ടിരുന്ന കാലത്ത് സംസ്ഥാനത്തെ ഔദ്യോഗിക വിഭാഗത്തിന്റെ എല്ലാ സമ്മര്‍ദങ്ങളെയും അവഗണിച്ച് വിഎസ് കണ്ണും കരളും കൊടുത്തു ഒപ്പം നിന്നു . 2006 ല്‍ വിഎസിന് സീറ്റ് നിഷേധിച്ചപ്പോള്‍ ബംഗാള്‍ ഘടകത്തെ ഒപ്പം നിര്‍ത്തി പടപൊരുതി വിജയിച്ചു.   വിഎസ് പറയുന്ന മലയാളത്തെ മനസിലാക്കി പിബിയില്‍ വാദമുഖങ്ങള്‍ നിരത്തി. വിഎസിനെ പിബിയില്‍ നിന്ന് പുറത്താക്കുമ്പോള്‍  പൊളിറ്റ് ബ്യൂറോയില്‍ അതിനെ  ഒറ്റക്ക് എതിര്‍ത്തതും യെച്ചൂരിയായിരുന്നു. ലാവ്ലിന്‍ കേസിലും വിഎസിനൊപ്പമായിരുന്നു യെച്ചൂരി.  

പിണറായി വിജയനോട് ആദര്‍ശപരമായി വിയോജിപ്പുകള്‍  ഉയര്‍ത്തിയെങ്കിലും ഒരിക്കലും പിണറായിയുടെ രാഷ്ട്രീയ കരുത്തിനെ യെച്ചൂരി അവഗണിച്ചിട്ടില്ല. അതുകൊണ്ടു തന്നെ  2015 വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസില്‍ മലയാളിയായ എസ് രാമചന്ദ്രന്‍ പിള്ളയെ മറികടന്ന് ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരി എത്തിയതും പിണറായി ഉള്‍പ്പെടുന്ന  കേരളഘടകത്തിന്‍റെ പിന്‍തുണയോടെയാണ്. എന്നാല്‍ ബിജെപി വിരുദ്ധ പോരാട്ടത്തിന് കോണ്‍ഗ്രസിനെ മൃദൃസമീപനം വേണമെന്ന് യെച്ചൂരിയുടെ അടിയുറച്ച പ്രായോഗികവാദത്തെ കേരള ഘടകം ഒരിക്കലും അംഗീകരിച്ചിരുന്നില്ല. 

കോടിയേരിയുടെ ആരോഗ്യസ്ഥിതി മോശമായപ്പോള്‍ എ വിജയരാഘവന് സെക്രട്ടറിയുടെ ചുമതലനല്‍കിയും പിബിയിലേക്ക് ഉയര്‍ത്തിയും കേരളത്തിലെ സിപിഎം രാഷ്ട്രീയത്തെ യെച്ചൂരി വരുതിയിലാക്കി. നേതാക്കള്‍ക്ക് വിനയം വേണമെന്ന്  കേരളത്തിലെ നേതാക്കളെ എല്ലാ കാലത്തും ഓര്‍മിപ്പിച്ചിരുന്നു യെച്ചൂരി. കേരളത്തിലെ സിപിഎം രാഷ്ട്രീയത്തെ ഇത്രയേറെ  അവധാനതയോടെ മനസിലാക്കിയ മലയാളിയല്ലാത്ത മറ്റൊരു നേതാവില്ല. തിരഞ്ഞെടുപ്പ് അവലോകനങ്ങള്‍ക്കുള്ള മേഖലാ യോഗങ്ങള്‍ക്കാണ്  സീതാറാം യെച്ചൂരി അവസാനമായി  കേരളത്തിലെത്തിയത്.