assembly-clash

File Photo

നിയമസഭ കയ്യാങ്കളി കേസിൽ മുൻ യുഡിഎഫ് എംഎൽഎമാർക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. എൽഡിഎഫ് വനിത എംഎൽഎമാരെ തടഞ്ഞുവെച്ചെന്നും, കയ്യേറ്റം ചെയ്തെന്നുമുള്ള കേസാണ് റദ്ദാക്കിയത്. സ്ത്രീത്വത്തെ അപമാനിക്കണമെന്ന ഉദ്ദേശം യുഡിഎഫ് എംഎൽഎമാർക്ക് ഉണ്ടായിരുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു

 

കഴക്കൂട്ടം എംഎൽഎ ആയിരുന്ന എം.എ.വാഹിദ്, കൊച്ചി എംഎൽഎ ആയിരുന്ന ഡൊമിനിക് പ്രസന്റേഷൻ, ആറന്മുള എംഎൽഎ ആയിരുന്ന കെ.ശിവദാസൻ നായർ എന്നിവരുടെ ഹർജിയാണ് ഹൈക്കോടതി അനുവദിച്ചത്. ഇടതു എംഎല്‍എമാരായിരുന്ന കെ.കെ ലതിക, ജമീല പ്രകാശം എന്നിവരുടെ പരാതിയിലായിരുന്നു കേസ്. നിയമസഭയിലെ കയ്യാങ്കളിക്കടെ തങ്ങളെ തടഞ്ഞുവച്ചുവെന്നും കയ്യേറ്റം ചെയ്തുവെന്നുമായിരുന്നു പരാതി. പരാതി ഫയലിൽ സ്വീകരിച്ച തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി യുഡിഎഫ് എംഎൽഎമാർക്ക് സമൻസ് അയക്കുകയും ചെയ്തു. 

ഇത്  റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹർജികളാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ അനുവദിച്ചത്. നിയമസഭയിൽ ധനകാര്യ മന്ത്രി കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ ഇടത് വനിതാ എംഎൽഎമാർ ശ്രമിച്ചപ്പോൾ അവരെ തടയുകയാണ് യുഡിഎഫ് എംഎൽഎമാർ ചെയ്തതെന്ന് വിധിന്യായത്തിൽ കോടതി പറഞ്ഞു. ഇത് സ്ത്രീത്വത്തെ അപമാനിക്കാൻ വേണ്ടിയാണ് ചെയ്തതെന്ന് പറയാനാവില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.

2015 ലെ ബജറ്റ് അവതരണത്തിനിടെയാണ് നിയമസഭ നാടകീയ രംഗങ്ങൾക്ക് സാക്ഷിയായത്.  ബാര്‍കോഴ വിവാദത്തില്‍ കെ എം മാണി മന്ത്രി സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു നിയമസഭയിലെ എല്‍ഡിഎഫ് പ്രതിഷേധവും തുടർന്നുള്ള കയ്യാങ്കളിയും