രണ്ടു വര്‍ഷത്തെ ബഹിഷ്ക്കരണത്തിനൊടുവില്‍ ഇ പി ജയരാജൻ ഇന്നലെ കരിപ്പൂരിൽ നിന്ന് ഇൻഡിഗോവിമാനത്തിൽ യാത്ര ചെയ്തു. സീതാറാം യച്ചൂരിയുടെ മരണവിവരം അറിഞ്ഞാണ് ഇൻഡിഗോയിൽ യാത്ര ചെയതത്. ഇന്നലെ രാത്രി 10.35 നുള്ള ഇൻഡിഗോ വിമാനത്തിലായിരുന്നു യാത്ര.
ഉള്ള വിമാനത്തില്‍ എങ്ങനെയെങ്കിലും ഡല്‍ഹിയില്‍ എത്തുകയായിരുന്നു ലക്ഷ്യമെന്നു ഇ.പി മാധ്യമങ്ങളോടു പറഞ്ഞു. യച്ചൂരി തനിക്ക് അത്രയും പ്രിയപ്പെട്ട സഖാവാണ്. അന്നും ഇന്നും എടുത്ത നിലപാടുകള്‍ അതത് സാഹചര്യത്തില്‍ ശരി തന്നെയായിരുന്നു. വിമാനത്തില്‍ അന്ന് നടന്നത് ഇന്ത്യയുടെ ചരിത്രത്തില്‍ നടക്കാത്ത സംഭവമാണ്. ഇന്‍ഡിഗോ അധികൃതര്‍ അന്ന് തന്നെ പ്രശംസിക്കേണ്ടിയിരുന്നുവെന്നും ഇ.പി.പറഞ്ഞു.
പാര്‍ട്ടിയുമായുള്ള അകല്‍ച്ചയല്ല ഇപ്പോള്‍ വിഷയം. യച്ചൂരിയെന്ന ഒറ്റവിഷയമേയുള്ളൂ. എല്ലാ കാര്യങ്ങളും പിന്നീട് വിശദമായി പറയുമെന്നും ഇ.പി.ജയരാജന്‍ വ്യക്തമാക്കി.
2022 ജൂണിൽ മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരുമായി ഉണ്ടായ കയ്യാങ്കളിക്കു ശേഷമാണ് ഇൻഡിഗോ കമ്പനി ഇ.പി.ജയരാജന് യാത്രാവിലക്ക് ഏർപ്പെടുത്തിയത്. ജയരാജന് മൂന്നാഴ്ചയും യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് രണ്ടാഴ്ചയുമായിരുന്നു വിലക്ക്. യാത്രാവിലക്കിൽ പ്രതിഷേധിച്ചാണ് ഇൻഡിഗോയിൽ യാത്ര ചെയ്യില്ലെന്നു ജയരാജൻ പ്രഖ്യാപിച്ചത്. ഇൻഡിഗോ പരസ്യമായി മാപ്പ് പറയാതെ തീരുമാനം മാറ്റില്ലെന്നായിരുന്നു ജയരാജന്റെ നിലപാട്. പ്രതിഷേധിച്ച യൂത്ത് കോൺഗ്രസുകാർക്ക് ഏർപ്പെടുത്തിയതിലും കൂടുതൽ കാലമായിരുന്നു അവരെ പിടിച്ചു തള്ളിയ ജയരാജനുള്ള വിലക്ക്.
ഇതിൽ പ്രതിഷേധിച്ചാണ് വിലക്ക് കാലാവധി കഴിഞ്ഞിട്ടും ജയരാജൻ ഇൻഡിഗോയിലെ യാത്ര ഒഴിവാക്കിയത്