port

TOPICS COVERED

ലോകത്തിലെ ഏറ്റവും വലിയ കപ്പലുകളില്‍ ഒന്നായ എം.എസ്.സി ക്ലോഡ് ഗിറാഡെറ്റ് വിഴിഞ്ഞം തുറമുഖത്ത്. ഇന്ത്യന്‍ തുറമുഖത്ത് എത്തുന്ന ഏറ്റവും വലിയ കപ്പലാണിത്. കണ്ടെയ്നറര്‍ കൈമാറ്റങ്ങള്‍ക്ക് ശേഷം കപ്പല്‍ ഇന്ന് രാത്രി പോര്‍ച്ചുഗലിലേക്ക് മടങ്ങും. 

 

മലേഷ്യയില്‍ നിന്നും അഞ്ച് ദിവസം മുമ്പ് പുറപ്പെട്ട എം.എസ്.സി ക്ലോഡ് ഗിറാഡെറ്റ് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വിഴിഞ്ഞം  തുറമുഖത്തിന്‍റെ പുറം കടലില്‍ എത്തിയത്. ടഗ് ബോട്ടുകളുടെ സഹായത്തോടെ പതിയെ കപ്പല്‍ ബ്രേക്ക് വാട്ടറിനകത്തേക്ക്. 2.40ഓടെ കപ്പല്‍ തുറമുഖത്തിന്‍റെ ബെര്‍ത്തില്‍ അടുപ്പിച്ചു. ഇന്ത്യന്‍ തുറമുഖത്തെത്തുന്ന ഏറ്റവും വലിയ കപ്പലെന്ന ചരിത്രപ്പിറവിക്ക് ഇതോടെ വിഴിഞ്ഞം സാക്ഷിയായി. 399 മീറ്റര്‍ നീളവും 61.5 മീറ്റര്‍ വീതിയുമുള്ള കപ്പലിന്‍റെ ഡ്രാഫ്റ്റ് 16.7 മീറ്റര്‍. ഇത്രയും ആഴമുള്ള തുറമുഖത്ത് മാത്രമേ കപ്പലിന് ബെര്‍ത്ത് ചെയ്യാന്‍ കഴിയൂ. 24,116 കണ്ടെയ്നറുകളാണ് കപ്പലിന്‍റെ ശേഷി. കഴിഞ്ഞ ജൂലൈയില്‍ ട്രയല്‍ റണ്‍ തുടങ്ങിയ ശേഷം വിഴിഞ്ഞത്ത് എത്തുന്ന ഒമ്പതാമത്തെ കപ്പലാണിത്. ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നര്‍ ഷിപ്പിങ് കമ്പനിയായ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിയുടെ ആറാമത്തെ കപ്പലാണിത്. ഇനിയും ആറ് കപ്പലുകള്‍ കൂടി ട്രയല്‍ റണ്‍ കാലത്ത് വിഴിഞ്ഞത്ത് എത്തുമെന്നാണ് വിവരം.