കേരളം ഇപ്പോള്‍ നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം ധാര്‍ഷ്ട്യമാണ്. ആ ഒറ്റവാക്കില്‍ ചുറ്റിത്തിരിയുകയാണ് ഭരണപക്ഷവും പ്രതിപക്ഷവും. ധാര്‍ഷ്ട്യം  തിരുത്തിയില്ലെങ്കില്‍ തകര്‍ച്ചയെന്ന് ഭരണപക്ഷനേതാക്കള്‍ തന്നെ ഒളിഞ്ഞും തെളിഞ്ഞും മുന്നറിയിപ്പു നല്‍കുന്നു. ആരുടെ ധാര്‍ഷ്ട്യമാണ് കേരളത്തിന്റെ പ്രശ്നം. വിഴിഞ്ഞം ഉല്‍ഘാടനച്ചടങ്ങില്‍ ഉമ്മന്‍ചാണ്ടിയുടെ പേര് വിഴുങ്ങുന്നതും അദാനി ഗ്രൂപ്പിനെ വാരിക്കോരി പ്രശംസിക്കുന്നതും ധാര്‍ഷ്ട്യത്തിന്റെ പട്ടികയില്‍ പെടുത്തി അവഗണിക്കാവുന്നതാണോ?

2024ലെ ലോക്സഭാതിരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ കേരളരാഷ്ട്രീയത്തില്‍ ഏറ്റവുമധികം മുഴങ്ങുന്ന വാക്കാണ് ധാര്‍ഷ്ട്യം. മുഖ്യമന്ത്രി പിണറായി വിജയനുമായി ബന്ധപ്പെട്ടാണ് ധാര്‍ഷ്ട്യം എന്ന വാക്ക് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. പ്രതിപക്ഷത്തുനിന്നു മാത്രമല്ല സ്വന്തം മുന്നണിയിലും പാര്‍ട്ടിയിലും വരെ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിന് വിമര്‍ശകരുണ്ട്. അതേ പോലെ തന്നെ ആ ധാര്‍ഷ്ട്യമാണ് അദ്ദേഹത്തിന്റെ അലങ്കാരം എന്നാശ്ചര്യപ്പെടുന്ന ആരാധകരും പിണറായിക്കുണ്ട്. ഇരുകൂട്ടര്‍ക്കും ആവശ്യമായ സന്ദര്‍ഭങ്ങള്‍ ഇടവേളകളില്ലാതെ തന്നെ മുഖ്യമന്ത്രി സൃഷ്ടിക്കാറുമുണ്ട്.

അങ്ങനെ ധാര്‍ഷ്ട്യം പിണറായിശൈലിക്കു ചുറ്റും കറങ്ങിത്തിരിയുമ്പോഴാണ് ഇക്കഴിഞ്ഞ ദിവസം നിയമസഭയില്‍ ആ ട്രോഫി ഭരണപക്ഷം പ്രതിപക്ഷത്തിന്  വച്ചു നീട്ടിയത്. ആ ചാപ്പ ഇങ്ങോട്ടു കുത്തേണ്ടെന്ന് പ്രതിപക്ഷനേതാവ്. ധാര്‍ഷ്ട്യം തിരുത്തണമെന്ന് തിരഞ്ഞെടുപ്പ് വിധിക്കു ശേഷം തുറന്നാവശ്യപ്പെട്ടത് തോമസ് ഐസക്കിനെപ്പോലെയുള്ള സി.പി.എം നേതാക്കളാണ്. പക്ഷേ ഉറച്ച നിലപാടെങ്ങനെ ധാര്‍ഷ്ട്യമാകും എന്നു നിഷ്കളങ്കപ്പെടുന്നവര്‍ വിഴിഞ്ഞം ഉല്‍ഘാടനച്ചടങ്ങ് കൂടി കാണണം. വിജയവഴിയില്‍ വിഴിഞ്ഞം എന്നാണ് മുഖ്യമന്ത്രി തന്നെ സമൂഹമാധ്യമത്തില്‍ പ്രൊഫൈലില്‍ ചേര്‍ത്ത അടിക്കുറിപ്പ്.  വിഴിഞ്ഞത്തേക്ക് പ്രതിപക്ഷത്തെ ക്ഷണിച്ചില്ല. ട്രയല്‍ റണ്‍ ഉല്‍ഘാടനമല്ലേ, കമ്മിഷന്‍ ചെയ്യുന്ന ശരിക്കും വലിയ ചടങ്ങ് വരുമല്ലോ. അപ്പോള്‍ ക്ഷണിക്കുമല്ലോ എന്നാണ് ന്യായം. പക്ഷേ ചടങ്ങില്‍ വിഴിഞ്ഞവുമായി നേരിട്ടും അല്ലാതെയും ബന്ധപ്പെടുന്ന എല്ലാ പ്രമുഖരുമുണ്ടല്ലോ. പ്രതിപക്ഷനേതാവിനെ മാത്രം ഒഴിവാക്കിയതെന്തിന് എന്ന ചോദ്യത്തിന്റെ ഉത്തരം വേദിയില്‍ മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിലുണ്ട്. 

വിഴിഞ്ഞം തീരമണഞ്ഞ ആദ്യ മദര്‍ഷിപ്പിന് നല്‍കിയ സ്വീകരണച്ചടങ്ങില്‍ വിഴി‍ഞ്ഞത്തിന്റെ വിജയവഴിയില്‍ കാര്യമായ പങ്കു വഹിച്ച തുറമുഖവകുപ്പ് മന്തിമാരുടെ പേര് വരെ മുഖ്യമന്ത്രി എടുത്തു പറഞ്ഞു.  പിണറായി വിജയന്റെ ഓര്‍മയില്‍ 2006 മുതല്‍ ഇടതുമുന്നണി സര്‍ക്കാരുകളാണ് വിഴിഞ്ഞം പദ്ധതിക്കു വേണ്ടി ശ്രമങ്ങള്‍ നടത്തിയത്. 2010ല്‍ ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായപ്പോള്‍ ഏറ്റെടുക്കാന്‍ വന്ന കമ്പനിക്ക് ചൈനീസ് ബന്ധം ആരോപിച്ച് മന്‍മോഹന്‍ സര്‍ക്കാര്‍ ഉടക്കിട്ടതും അദ്ദേഹത്തിനോര്‍മയുണ്ട്. 2012 മുതല്‍ പദ്ധതിക്കു വേണ്ടി എല്‍.ഡി.എഫ് ജനകീയ സമരം നടത്തിയതും ഓര്‍മയുണ്ട്. പക്ഷേ പിന്നെ ഓര്‍മ തിരിച്ചുവന്നത് 2016ല്‍ അദ്ദേഹം മുഖ്യമന്ത്രിയായപ്പോഴാണ്. ഇടയ്ക്ക് 2015ല്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഇപ്പോള്‍ പിണറായി പ്രശംസിച്ച അദാനി ഗ്രൂപ്പുമായി കരാര്‍ ഒപ്പു വച്ചത് എന്ന് പിണറായി മറന്നു പോയി. വിഴിഞ്ഞത്തിന് തറക്കല്ലിട്ടത് ഉമ്മന്‍ചാണ്ടിയാണെന്നും മുഖ്യമന്ത്രിയുടെ ഓര്‍മയില്‍ വന്നില്ല.  പക്ഷേ ഉമ്മന്‍ചാണ്ടി കരാറേല്‍പിച്ച അദാനി ഗ്രൂപ്പിനെ വാരിക്കോരി പ്രശംസിച്ചിട്ടും മുഖ്യമന്ത്രിക്കു മതിയായില്ല. 

ഉമ്മന്‍ചാണ്ടിയെ മറന്നു പോയതാണെന്നു വേണമെങ്കില്‍ പറയാമായിരുന്നു. പക്ഷേ എഴുതി വായിച്ച പ്രസംഗമല്ലേ? പിണറായി വിജയന്‍ ഓര്‍ക്കാന്‍ ആഗ്രഹിക്കാത്തതൊന്നും അദ്ദേഹത്തിനായി പ്രസംഗം എഴുതുന്നവര്‍ക്കും ഓര്‍ക്കാന്‍ പറ്റില്ല.  പിണറായി ആഗ്രഹിക്കുന്നതുപോലെ കേരളത്തിന്റെ ചരിത്രം മാറ്റിയെഴുതണമെന്നാണ് ആരാധകവൃന്ദത്തിന്റെയും ആഗ്രഹം. അതുകൊണ്ടാണ് വിജയവഴിയില്‍ വിഴിഞ്ഞം എന്ന പ്രാസഭംഗി സൃഷ്ടിക്കപ്പെടുന്നത്. വിജയവഴിയില്‍ വിജയന്‍ മാത്രം എന്ന് വിജയനും വൃന്ദവും ചേര്‍ന്ന് പടുത്തുയര്‍ത്തുന്നതിനിടയിലാണ് സ്പീക്കര്‍ ഷംസീര്‍ അതങ്ങ് പൊട്ടിച്ചുകളഞ്ഞത്. ഉമ്മന്‍ചാണ്ടിയുടെ സംഭാവനകള്‍ കൂടി ഓര്‍ക്കാതെ ഈ ചരിത്രനിമിഷം പൂര്‍ത്തിയാകില്ലെന്ന് സ്പീക്കര്‍ ഓര്‍മിപ്പിച്ചാല്‍ മുഖ്യമന്ത്രി ഓര്‍ക്കുമോ? എല്ലാം ഞാന്‍ മാത്രം എന്നു കത്തിക്കയറി പോകുന്നതിനിടയില്‍ സ്പീക്കര്‍ ഫൗള്‍ വിളിക്കുന്നത് എന്തൊരു കഷ്ടമാണ്. 

വിഴ‍ിഞ്ഞത്തെ പിണറായി ഗാഥകള്‍ മുഴുവന്‍ തല്‍സമയം സ്റ്റേജിലിരുന്ന് കേട്ട് പിണറായിക്കൊപ്പം വിഴ‍ിഞ്ഞം ഫോട്ടോ കൂടി എടുത്തു മടങ്ങിയ ശേഷമാണ് സ്പീക്കര്‍ പിണറായിക്കിട്ടു കുത്തിയത്. മുന്‍മുഖ്യമന്ത്രി ഉണ്മന്‍ചാണ്ടിയുടെ സംഭാവനകളും ആത്മസമര്‍പ്പണവും ഓര്‍ക്കാതെ ഈ ചരിത്രനിമിഷം പൂര്‍ത്തിയാകില്ലെന്ന് സ്പീക്കര്‍ ഫെയ്സ് ബുക്കില്‍ കുറിച്ചു. ഉമ്മന്‍ചാണ്ടി എന്ന പേരുച്ചരിക്കാതെ എങ്ങനെയെങ്കിലും ചടങ്ങൊന്നു പൂര്‍ത്തീകരിച്ച് ചരിത്രം സ്വന്തം പേരിലാക്കാനുള്ള പിണറായി സര്‍ക്കാരിന്റെ ശ്രമങ്ങളെ കുത്തിനോവിക്കുന്നതായി സ്പീക്കറുടെ കുറിപ്പ്. ചടങ്ങില്‍ പ്രതിപക്ഷം നേതാവിനെ ക്ഷണിക്കുകയെന്ന സാമാന്യമര്യാദ പോലും സര്‍ക്കാര്‍ ഉപേക്ഷിച്ചത് രാഷ്ട്രീയനേട്ടത്തില്‍ ഒരു തരി പോലും ചിതറിപ്പോകരുത് എന്നു നിര്‍ബന്ധമുള്ളതുകൊണ്ടാണ്. തുറമുഖത്ത് ആദ്യകപ്പലെത്തിയപ്പോള്‍ നടന്ന ചടങ്ങില്‍ പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക് എടുത്തു പറഞ്ഞു സ്ഥാപിച്ചിരുന്നു.  

വിഴിഞ്ഞം വന്‍തോതില്‍ വികസം കേരളത്തിലേക്ക് ഇറക്കുമതി ചെയ്യുമോ, കേരളത്തിന്റെ കൂടി വികസനസ്വപ്നമാകുമോ എന്നു കാത്തിരുന്നു കാണാനേ കഴിയൂവെന്ന് ചൂണ്ടിക്കാണിക്കുന്ന നിരീക്ഷകരും വിദഗ്ധരുമുണ്ട്. വല്ലാര്‍പാടത്തിന്റെ അനുഭവം വച്ച് കാത്തിരുന്നു കാണാനേ പറ്റൂവെന്നത് വസ്തുതയുമാണ്. വിഴിഞ്ഞം വഴിയാധാരമാക്കിയ മല്‍സ്യത്തൊഴിലാളികളെയും ഇപ്പോഴും പൂര്‍ത്തിയാകാത്ത അനുബന്ധവികസനവുമൊക്കെ ചോദ്യങ്ങളാണ്.    പക്ഷേ കേരളചരിത്രത്തിലെ തന്നെ വന്‍ പദ്ധതികളിലൊന്നാണ് വിഴിഞ്ഞം.  ആ പദ്ധതി കടന്നു പോന്ന വഴികള്‍ ഓര്‍ക്കുമ്പോള്‍ കരാറൊപ്പിടുകയും നിര്‍മാണം തുടങ്ങിവയ്ക്കുകയും ചെയ്ത മുഖ്യമന്ത്രിയെ മറന്നു കളയാനുള്ള വെമ്പല്‍ അസാധാരണമാണ്. നമ്മുടെ മുഖ്യമന്ത്രി ഇത്രയും അരക്ഷിതനാകേണ്ട കാര്യമില്ല.  അതുമാത്രമല്ല വസ്തുതകള്‍ നിഷേധിക്കുന്ന മുഖ്യമന്ത്രി, സി.പി.എമ്മും ഇന്ത്യാമുന്നണിയും കൂട്ടായി വിമര്‍ശിക്കുന്ന അദാനിയെ വാനോളം പുകഴ്ത്തുന്നതില്‍ ഒരു പ്രശ്നവും കാണുന്നുമില്ല. അദാനിയെ വേണമെങ്കില്‍ ഇനിയും പുകഴ്ത്താം, പക്ഷേ ഉമ്മന്‍ചാണ്ടിയെക്കുറിച്ച് ഒരക്ഷരം മിണ്ടിപ്പോകില്ല എന്ന നിലപാട് സി.പി.എമ്മിന്റെ രാഷ്ട്രീയത്തെ പോലും ചോദ്യം ചെയ്യുന്നതാണ്. 

മണ്‍മറഞ്ഞവരെ പേടിക്കരുത് . അപമാനിക്കരുത്.  വിസ്മരിക്കരുത്. അവര്‍ ചെയ്തതിന്റെ കൂടി ക്രെഡിറ്റെടുത്ത് അല്‍പത്തരം കാണിക്കരുത്. ജനങ്ങളുടെ ഓര്‍മയെയും വിവേകത്തെയും ചോദ്യം ചെയ്യരുത്. വികസനനേട്ടങ്ങളില്‍ സ്വന്തം പ്രയത്നവും പ്രതിബദ്ധതയും എടുത്തു പറയുന്നതില്‍ തെറ്റില്ല. പക്ഷേ 2006നു മുന്‍പും കേരളമുണ്ടായിരുന്നു മുഖ്യമന്ത്രി.  മുഖ്യമന്ത്രിമാരുമുണ്ടായിരുന്നു. ആ മുന്‍മുഖ്യമന്ത്രിമാരെല്ലാം ഇട്ടു വച്ച കുഞ്ഞു കുഞ്ഞു തറക്കല്ലുകളെല്ലാം ചേര്‍ന്നാണ് ഇന്നത്തെ കേരളം ഇങ്ങനെയായത്. പിണറായി വിജയന്‍ മഴുവെറിഞ്ഞു സൃഷ്ടിച്ചതല്ല ഇന്നത്തെ കേരളം. അങ്ങനെ വരുത്തിത്തീര്‍ക്കാന്‍ ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കില്‍ അതു തിരുത്താനുള്ള ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയനുണ്ട്. വിഴിഞ്ഞം വിഴുങ്ങിയാല്‍ ചരിത്രം ദഹിക്കില്ല. 

പക്ഷേ ധാര്‍ഷ്ട്യത്തിന്റെ കേരളാ മോഡല്‍ അങ്ങനെ മുഖ്യമന്ത്രിക്കു മാത്രമായി കൊടുക്കാന്‍ പാര്‍ട്ടി ഉദ്ദേശിച്ചിട്ടില്ല. കോഴിക്കോട്ടെ കോഴവിവാദം തന്നെ ഉദാഹരണം. പദവിക്കു വേണ്ടി പാര്‍ട്ടി നേതാവ് കോഴ വാങ്ങിയെന്ന പരാതിയുടെ വിത്തും വേരും പുറത്തായിട്ടും പാര്‍ട്ടി നേതൃത്വം നിന്നങ്ങ് വാദിക്കുകയാണ്. എന്തു കോഴ? എന്തു പരാതി?

ലോക്കല്‍ കമ്മിറ്റിയിലൂടെ പാര്‍ട്ടി സംസ്ഥാന നേതൃത്വം വരെയെത്തിയ പരാതിയാണ് സംസ്ഥാന സെക്രട്ടറിയും ജില്ലാ സെക്രട്ടറിയും അറിഞ്ഞിട്ടേയില്ലെന്നു വാദിക്കുന്നത്. തന്റെ പേര് ദുരുപയോഗിച്ചതിനെതിരെ മന്ത്രി മുഹമ്മദ് റിയാസും പരാതിയില്‍ ഉറച്ചു നിന്നതോടെയാണ് പ്രശ്നം പാര്‍ട്ടിക്ക് ഒതുക്കിത്തീര്‍ക്കാനാകാത്ത അവസ്ഥയിലേക്കെത്തിയത്. ഒടുവില്‍ ആരോപണവിധേയനായ പ്രമോദ് കോട്ടൂളിയെ പുറത്താക്കേണ്ടി വരുമ്പോഴും പാര്‍ട്ടി ജനങ്ങള്‍ക്കു മുന്നില്‍ അങ്ങനെയൊരു കാര്യമേയില്ലെന്നു വാദിച്ചു പരിഹാസ്യരാവുകയായിരുന്നു. കോഴിക്കോട്ടെ പാര്‍ട്ടിയിലെ സംശയകരമായ സാമ്പത്തിക ബന്ധങ്ങള്‍ ശുദ്ധീകരിക്കാനല്ല മറുവിഭാഗം ഉറച്ചു നില്‍ക്കുന്നതെന്ന് എല്ലാവര്‍ക്കുമറിയാം. വിഭാഗീയതയും പാര്‍ട്ടി കമ്മിറ്റികള്‍ പിടിച്ചടക്കാനുള്ള ബലപരീക്ഷണവുമാണ് പ്രശ്നം അടിച്ചൊതുക്കാവുന്നതിലും അപ്പുറത്തേക്കെത്തിച്ചതും. വ്യക്തികളാണ് തെറ്റു ചെയ്തതെങ്കില്‍ നടപടിക്ക് ഇത്രയും അമാന്തമുണ്ടാകുമായിരുന്നില്ലെന്നും നമുക്കറിയാം. പക്ഷേ  കോഴിക്കോട്ടെ കോഴയ്ക്ക് വ്യക്തിയേക്കാള്‍ വലിയ മാനങ്ങളുണ്ട്. 

ഇങ്ങേയറ്റത്ത് പത്തനംതിട്ടയില്‍ കാപ്പ ചുമത്തപ്പെട്ട പ്രതികളെയും എസ്.എഫ്.ഐക്കാരെ ആക്രമിച്ച കേസിലെ പ്രതികളെയുമൊക്കെ പൂമാലയിട്ടു സ്വീകരിക്കുന്ന തിരക്കിലാണ് പാര്‍ട്ടി. അതിലൊരാള്‍ കഞ്ചാവ് കേസില്‍ കുടുങ്ങിയ ക്ഷീണം തീര്‍ക്കാന്‍ എക്സെസിനെതിരെ സമരം വരെ പ്രഖ്യാപിച്ചു ഡി.വൈഎഫ്.ഐ. തിരിച്ചടി പേടിച്ചു തല്‍ക്കാലം മാറ്റിവച്ചെങ്കിലും മനഃപൂര്‍വം കള്ളക്കേസുണ്ടാക്കിയെന്നാണ് ഭരണപക്ഷത്തിന്റെ തന്നെ ആരോപണം.

അധികാരത്തിനൊപ്പം തന്നെ രൂപപ്പെടുന്നതാണ് ധാര്‍ഷ്ട്യവും. ജനങ്ങളുടെ  സാമാന്യബോധത്തെ ചോദ്യം ചെയ്യാനും വെല്ലുവിളിക്കാനുമുള്ളതല്ല അധികാരം എന്നു തിരിച്ചറിഞ്ഞാലേ ധാര്‍ഷ്ട്യവും തിരുത്താനാകൂ. ശൈലിയെന്നോ നിലപാടെന്നോ പ്രതിരോധമെന്നോ എങ്ങനെയൊക്കെ ഓമനപ്പേരിട്ടു വിളിച്ചാലും ധാര്‍ഷ്ട്യം ജനങ്ങള്‍ തിരിച്ചറിയും. ധാര്‍ഷ്ട്യത്തിന് ജനാധിപത്യത്തില്‍ ഒന്നും ചെയ്യാനില്ല. ആ അലങ്കാരം മുഖ്യമന്ത്രിയും പാര്‍ട്ടിയും ഉപേക്ഷിക്കണം. 

ENGLISH SUMMARY:

Parayathe Vayya about CM Pinarayi Vijayan and Vizhinjam port project